ധിക്കാരിയായ കോഹ് ലിയെ ഒരു പാഠം പഠിപ്പിക്കണം;കോച്ചാകാന്‍ അപേക്ഷയുമായി മെക്കാനിക്കല്‍ എഞ്ചിനിയറും

തനിക്ക് സാവധാനം കോഹ്ലിയെ ശരിയായ ദിശയിലേക്ക് കൊണ്ടുവരാനാകും. ഇതിന് ശേഷം ബിസിസിഐയ്ക്ക് മറ്റൊരു കോച്ചിനെ തെരഞ്ഞെടുക്കാം
ധിക്കാരിയായ കോഹ് ലിയെ ഒരു പാഠം പഠിപ്പിക്കണം;കോച്ചാകാന്‍ അപേക്ഷയുമായി മെക്കാനിക്കല്‍ എഞ്ചിനിയറും

ഇന്ത്യന്‍ ടീമിന് പരിശീലകനെ കണ്ടെത്തുന്നതിനുള്ള തിരച്ചിലിലാണ് ബിസിസിഐ. ടീമിന്റെ പരിശീലകനാകാന്‍ താത്പര്യമുണ്ടെന്ന് കഴിഞ്ഞ ദിവസം രവിശാസ്ത്രിയും വ്യക്തമാക്കിയിരുന്നു. അങ്ങിനെ ഇന്ത്യന്‍ ടീമിന്റെ പരിശീലകനെ തെരഞ്ഞെടുക്കാന്‍ മുന്‍ കളിക്കാരുടെ യോഗ്യതകള്‍ ഇഴകീറി പരിശോധിക്കുന്നതിന് ഇടയിലാണ്ഒരു മെക്കാനിക്കല്‍ എഞ്ചിനിയറിന്റെ അപേക്ഷ ബിസിസിഐയെ തേടി എത്തിയിരിക്കുന്നത്. 

കോഹ് ലിയെ ഒരു പാഠം പഠിപ്പിക്കുന്നതിന് വേണ്ടിയാണ് താന്‍ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചിരിക്കുന്നതെന്നും ഈ മെക്കാനിക്കല്‍ എഞ്ചിനിയര്‍ വ്യക്തമാക്കുന്നു. കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ഉപേന്ദ്രനാഥ് എന്ന വ്യക്തിയാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് ബിസിസിഐയ്ക്ക് അപേക്ഷ നല്‍കിയത്. 

ഒരു ഇതിഹാസ താരത്തെ കോഹ്ലിക്ക് പരിശീലകനായി നല്‍കേണ്ടതില്ലെന്ന് പറയുന്ന, ഗ്രാമര്‍ തെറ്റുകള്‍ നിറഞ്ഞ സിവിയാണ് ഉപേന്ദ്രനാഥ് ബിസിസിഐയ്ക്ക് അയച്ചിരിക്കുന്നത്. കുംബ്ലേ പരിശീലക സ്ഥാനം രാജിവെച്ചതിന് ശേഷം, കോഹ് ലിക്ക് ഒരു നല്ല പരിശീലകനെ ആവശ്യമില്ലെന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ് താന്‍ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കുന്നതെന്ന് ഉപേന്ദ്രനാഥ് സിവിയില്‍ പറയുന്നു. 

ബിസിസിഐയുടെ നിര്‍ദേശിക്കുന്ന യോഗ്യതകളോട് കൂടിയ പരിശീലകനെയാണ് ഇന്ത്യന്‍ ടീമിന് ലഭിക്കുന്നതെങ്കില്‍ കോഹ്ലി അദ്ദേഹത്തേയും അപമാനിക്കും. കുംബ്ലേയുടെ അവസ്ഥ തന്നെയായിരിക്കും ഇനി വരുന്ന പരിശീലകനും ഉണ്ടാവുകയെന്നും ഉപേന്ദ്രനാഥിന്റെ സിവിയില്‍ പറയുന്നു. 

ക്രിക്കറ്റ് പശ്ചാത്തലം ഒന്നുമില്ലാത്ത താന്‍ എങ്ങിനെ ടീമിന്റെ പരിശീലക സ്ഥാനത്തിന് യോഗ്യനാകും എന്ന ചോദ്യത്തിനും ഉപേന്ദ്രനാഥിന്റെ പക്കല്‍ ഉത്തരമുണ്ട്. കോഹ് ലിയുടേത് പോലെ ധാര്‍ഷ്ട്യമുള്ളവരുമായി തനിക്ക് ഒത്തുപോകാന്‍ സാധിക്കും. എന്നാല്‍ ഒരു ഇതിഹാസ താരത്തെ പരിശീലകനായി കൊണ്ടുവന്നാലും ഇത് സാധിക്കില്ല. 

തനിക്ക് സാവധാനം കോഹ്ലിയെ ശരിയായ ദിശയിലേക്ക് കൊണ്ടുവരാനാകും. ഇതിന് ശേഷം ബിസിസിഐയ്ക്ക് മറ്റൊരു കോച്ചിനെ തെരഞ്ഞെടുക്കാമെന്നും ഉപേന്ദ്രനാഥ് പറയുന്നു. എന്നാല്‍ ഉപേന്ദ്രനാഥ് ബിസിസിഐയുടെ പരിഗണനാ പട്ടികയിലേക്ക് വരില്ലെന്ന് ഉറപ്പാണ്. 

ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം അനില്‍ കുംബ്ലേ രാജിവെച്ചതിന് പിന്നില്‍ നായകന്‍ വിരാട് കോഹ്ലിയെ ആണ് ഒരു വിഭാഗം ആരാധകര്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. കുംബ്ലേയുടെ രാജിയിലേക്ക് യഥാര്‍ഥ്യത്തില്‍ നയിച്ചത് എന്തെന്ന് വ്യക്തമാക്കാന്‍ ഇരുവരും തയ്യാറാകാത്തിടത്തോളം ആരാധകരുടെ ഭാഗത്ത് നിന്നും ഇതുപോലുള്ള പ്രതികരണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com