ചിലിയോട് കണക്കു തീര്‍ത്ത് അര്‍ജന്റീന; പൊളീഞ്ഞോയുടെ ഹാട്രിക്കില്‍ ഉറുഗ്വയെ തകര്‍ത്ത് ബ്രസീല്‍ റഷ്യ ലോകക്കപ്പിന്

IMAGE -AFP
IMAGE -AFP

അടുത്ത വര്‍ഷം നടക്കുന്ന റഷ്യ ലോകക്കപ്പിനുള്ള യോഗ്യതാ മത്സരങ്ങളില്‍ അര്‍ജന്റീനയ്ക്കും ബ്രസീലിനും ജയം. ഏകപക്ഷീയമായ ഒരു ഗോളിന് അര്‍ജന്റീന ചിലിയെ തോല്‍പ്പിച്ചപ്പോള്‍ ഉറുഗ്വയെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബ്രസീല്‍ റഷ്യ ലോകക്കപ്പിനുള്ള ടിക്കറ്റ് ഉറപ്പിച്ചത്.

കളിയുടെ 16ാം മിനുട്ടില്‍ അര്‍ജന്റീനയ്ക്ക് ലഭിച്ച പനാല്‍ട്ടിയാണ് ചിലിക്കെതിരേ മെസ്സിക്കും കൂട്ടര്‍ക്കും വിജയം സമ്മാനിച്ചത്. ഏഞ്ചല്‍ ഡി മരിയയെ വീഴ്തിയതിന് ലഭിച്ച പനാല്‍റ്റി മെസ്സി വലയിലെത്തിക്കുകയായിരുന്നു. കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റ് ഫൈനലില്‍ പെനാല്‍റ്റി പുറത്തേക്കടിച്ച് കപ്പ് നഷ്ടപ്പെടുത്തിയ മെസ്സിക്ക് പക്ഷെ ഇത്തവണ പിഴച്ചില്ല.

ഇതോടെ യോഗ്യതാ പട്ടികയില്‍ അര്‍ജന്റീന നിലഭദ്രമാക്കി. ആറാം മിനുട്ടില്‍ അര്‍ജന്റീനയുടെ വലയില്‍ ചില പന്തെത്തിച്ചെങ്കിലും റഫറി ഓഫ്‌സൈഡ് വിളിക്കുകയായിരുന്നു. അലക്‌സി സാഞ്ചസിന്റെ ഫ്രീകിക്ക് ക്രോസ്ബാറില്‍ ഉരസി പുറത്തു പോയതും ചിലിക്ക് തിരിച്ചടിയായി. 


അതേസമയം, ഒരു ഗോളി പിന്നില്‍ നിന്നതിന് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയാണ് ബ്രസീല്‍ ഉറുഗ്വയെ കീഴടക്കിയത്. പൊളീഞ്ഞോയുടെ ഹാട്രിക്ക് നേട്ടവും നെയ്മറിന്റെ ഒരു ഗോളുമാണ് ബ്രസീലിന് യോഗ്യത ഉറപ്പാക്കിയത്. ഒന്‍പതാം മിനിട്ടില്‍ ലഭിച്ച പനാല്‍റ്റി ഗോളാക്കി കവാനിയാണ് ഉറുഗ്വയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. 

18മത് മിനുട്ടില്‍ പൊളീഞ്ഞു ഉഗ്രന്‍ ലോംഗ് റേഞ്ചിലൂടെ ബ്രസീലിനെ ഒപ്പമെത്തിച്ചു. 52മത് മിനിറ്റില്‍ ലഭിച്ച റീബൗണ്ട് ബോള്‍ വലയിലാക്കി പൊളീഞ്ഞോ ബ്രസീലിന്റെ ഗോള്‍ പട്ടിക ഉയര്‍ത്തി. മൂന്നാമത്തെ ഗോള്‍ ഊഴം നെയ്മറിന്റെതായിരുന്നു.

കളിയിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച നെയ്മര്‍ 75മത് മിനുട്ടില്‍ ലഭിച്ച സുവര്‍ണാവസരം നിഷ്പ്രയാസം ഗോളാക്കി മാറ്റി. 82മത് മിനിറ്റില്‍ ഡാനി ആല്‍വസിന്റെ ക്രോസ് ഗോളാക്കി മാറ്റി പൊളീഞ്ഞോ ഹാട്രിക്ക് നേട്ടവും ബ്രസീലിന്റെ ഗോള്‍ പട്ടികയും പൂര്‍ത്തിയാക്കി. 


ജയിംസ് റോഡ്രീഗസിന്റെ ഗോളില്‍ ബൊളീവിയയെ തോല്‍പ്പിച്ച് കൊളംബിയയും ലോകക്കപ്പ് സാധ്യത സജീവമാക്കി.
 

13 മത്സരങ്ങളില്‍ നിന്ന് 30 പോയിന്റുള്ള ബ്രസീല്‍ സൗത്ത് അമേരിക്കയില്‍ നിന്ന് റഷ്യ ലോകക്കപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമായി. ഇത്രയും കളികളില്‍ നിന്ന് 23 പോയിന്റുള്ള ഉറുഗ്വയാണ് രണ്ടാമത്. 22 പോയിന്റുള്ള അര്‍ജന്റീന മൂന്നാമതും 21 പോയിന്റുള്ള കൊളംബിയ നാലാമതുമാണ്. 20 പോയിന്റുള്ള ചിലിക്ക് ഇനിയുള്ള മത്സരങ്ങള്‍ കടുപ്പമാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com