ഇന്ത്യയോട് കളിക്കാന്‍ നിക്കല്ലേ, പണിപാളും; വിമര്‍ശകര്‍ക്കെതിരേ കിടിലന്‍ ഡയലോഗടിച്ച് വിരാട് കോഹ്ലി

ഇന്ത്യയോട് കളിക്കാന്‍ നിക്കല്ലേ, പണിപാളും; വിമര്‍ശകര്‍ക്കെതിരേ കിടിലന്‍ ഡയലോഗടിച്ച് വിരാട് കോഹ്ലി

ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആകര്‍ഷണ കേന്ദ്രം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയായിരുന്നു. കൡക്കു പുറത്തും അകത്തുമുള്ള താരങ്ങളും മുന്‍താരങ്ങളും കോഹ്ലിക്കു നേരെ വാളോങ്ങിയിരുന്നു. പാമ്പ് മുതല്‍ വഞ്ചകന്‍ തൊട്ട് ഡൊണാള്‍ഡ് ട്രംപ് വരെയാക്കിക്കളഞ്ഞു. എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റനുണ്ടോ കുലുങ്ങുന്നു. ഇതിലും വലിയ പെരുന്നാള് വന്നിട്ട് ബാപ്പ പള്ളിയില്‍ പോയില്ല എന്ന രീതിയിലാണ് കോഹ്ലി ഇതിനൊക്കെ മറുപടി പറഞ്ഞത്. ഓസ്‌ട്രേലിയക്കാര്‍ എന്തെങ്കിലും തട്ടിവിട്ടാല്‍ ഉരുളക്കുപ്പേരികണക്കെ താരം മറുപടി കൊടുത്തുകൊണ്ടേയിരുന്നു. 

ഒരു വെല്ലുവളിയില്‍ നിന്നും ഇന്ത്യന്‍ ടീം പിറകോട്ട് പോകില്ല. അവര്‍ക്കെന്താണോ ലഭിച്ചത് അത് നല്‍കിക്കൊണ്ടേയിയിരിക്കുമെന്നാണ് കോഹ്ലി പരമ്പരയ്ക്ക് ശേഷം വ്യക്തമാക്കിയത്. ഞങ്ങളെ കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ഞങ്ങള്‍ അതിനെ കുറിച്ച് സംസാരിക്കുകയും കൂടുതല്‍ നന്നായി തിരിച്ചു നല്‍കുകയും ചെയ്യും. കോഹ്ലി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഓസ്‌ട്രേലിയന്‍ ടീമില്‍ ഇനിമുതല്‍ തനിക്ക് ആരും സുഹൃത്തക്കളായി ഉണ്ടാകില്ലെന്നും കോഹ്ലി വ്യക്തമാക്കി. 

ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി സ്വന്തമാക്കിയ ഇന്ത്യന്‍ ടീം ക്യാപ്റ്റന് ഐപിഎല്ലിലുള്ള ആദ്യ മത്സരങ്ങള്‍ നഷ്ടമായേക്കുമെന്നതാണ് താരത്തിന്റെ ആരാധകരുടെ സങ്കടം. ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തിനിടെ തോളിനു പരിക്കേറ്റ കോഹ്ലിക്ക് കൂടുതല്‍ വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാല് ടെസ്റ്റുകളടങ്ങിയ സീരീസിലെ അവസാന ടെസ്റ്റില്‍ പരിക്കു മൂലം ക്യാപ്റ്റന്‍ കൂടിയായ കോഹ്ലിക്ക് കളിക്കാന്‍ സാധിച്ചിരുന്നില്ല. 

പരിക്ക് ഭേദമാകുന്നതിന് ഏതാനും ആഴ്ചകളെടുക്കും. ഏതൊരാളുടെ കരിയറിലും ഇത്തരത്തിലുള്ള തിരിച്ചടികളുണ്ടാകും. എന്നാല്‍ അതില്‍ നിന്ന് കരകയറുന്നതിനുള്ള ശ്രമത്തിലാണ് താനെന്ന് അവസാന ടെസ്റ്റില്‍ ജയിച്ച ശേഷം ഗ്രൗണ്ടിലെത്തിയ കോഹ്ലി വ്യക്തമാക്കി. 

ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലാണ് ഐപിഎല്ലിന്റെ ആദ്യ മത്സരം. ഏപ്രില്‍ അഞ്ച് മുതലാണ് കുട്ടിക്രിക്കറ്റ് മാമാങ്കത്തിന് കൊടിയുയരുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com