ബിസിസിഐയുടെ ഐസിസി എന്ന കറവപ്പശു

പുതിയ പരിഷ്‌കരണം ബിസിസിഐയുടെ നട്ടെല്ലൊടിക്കുമെന്നാണ് വിലയിരുത്തലുകള്‍
ബിസിസിഐയുടെ ഐസിസി എന്ന കറവപ്പശു

ബിസിസിഐ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം തന്നെ ഓര്‍മവരുന്നത് പണമാണ്. കോടിക്കണക്കിന് പണം. ഇത്തവണയും ആ പേര് കേള്‍ക്കുമ്പോള്‍ മനസിലേക്ക് വന്നതിന് മാറ്റമൊന്നുമില്ല. പണം തന്നെ. എന്താണ് ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും സാമ്പത്തിക ശക്തിയുള്ള കായിക സംഘനടകളില്‍ ഒന്നാകാന്‍ കാരണം.  

എന്നാല്‍ കളി മാറുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി (ഐസിസി) കഴിഞ്ഞ മാസം 27ന് പ്രഖ്യാപിച്ച പുതിയ പരിഷ്‌കരണം ബിസിസിഐയുടെ നട്ടെല്ലൊടിക്കുമെന്നാണ് വിലയിരുത്തലുകള്‍. പുതിയ സാമ്പത്തിക മോഡല്‍ നടപ്പാക്കുന്നതോടെ ഐസിസിയില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് ലഭിച്ചുകൊണ്ടിരിക്കുന്ന തുകയില്‍ വമ്പന്‍ കുറവുണ്ടാകും. ഇന്ത്യയ്ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന ഐസിസി വിഹിതം കുറച്ച് ബാക്കിയുള്ള അംഗങ്ങള്‍ക്ക് കൂടി വിതരണം ചെയ്യാനാണ് ഐസിസി ഒരുങ്ങുന്നത്.

ബിഗ് ത്രീ മോഡല്‍
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പുതിയ ഭരണ നിര്‍വഹണ രീതിക്കും, വരുമാനം പങ്കിടല്‍ രീതിക്കും ഐസിസി ഒരുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. ചെയര്‍മാനായി ശശാങ്ക് മനോഹര്‍ എത്തിയതോടെ ഇത് കൂടുതല്‍ ശക്തമായി. ബിഗ് ത്രീയുടെ ഉപജ്ഞാതാവായ എന്‍ ശ്രീനിവാസന്റെ പടിയിറക്കത്തോടെയാണ് മനോഹര്‍ ഐസിസിയുടെ പുതിയ കപ്പിത്താനാകുന്നത്. 

ബിസിസിഐ, ക്രിക്കറ്റ് ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് എന്നിവരാണ് ബിഗ് ത്രീയായി അറിയപ്പെട്ടിരുന്നത്. ഐസിസിയില്‍ നിര്‍ണായക സ്വാധീനമുണ്ടായിരുന്ന ഈ മൂന്ന് രാജ്യങ്ങളുമാണ് സമിതിയുടെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത്. 

പുതിയ സാമ്പത്തിക മോഡല്‍
പുതിയ സാമ്പത്തിക മോഡല്‍ അനുസരിച്ച് ഐസിസിയുടെ വരുമാനം പങ്കിടല്‍ നയത്തിലൂടെ ബിസിസിഐയ്ക്ക് അടുത്ത എട്ട് വര്‍ഷം 293 മില്ല്യന്‍ ഡോളറാണ് ലഭിക്കുക. പ്രതിവര്‍ഷം ഏകദേശം 440 മില്ല്യന്‍ ഡോളര്‍ ലഭിച്ചിരുന്ന സ്ഥാനത്താണിത്. അതേസമയം, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന് 143 മില്ല്യണും സിംബാവെയ്ക്ക് 94 മില്ല്യണും ബാക്കിയുള്ള മുഴുവന്‍ മെംബര്‍മാര്‍ക്കും 132 മില്ല്യണ്‍ ഡോളര്‍ വീതവുമാണ് പുതിയ സാമ്പത്തിക മോഡലിലൂടെ ഐസിസി നല്‍കുക.

ഇതില്‍ ഏറ്റവും നഷ്ടം ഇന്ത്യയ്ക്ക് തന്നെയാണ്. ഇംഗ്ലണ്ടിനെ സംബന്ധിച്ച് പ്രതിവര്‍ഷം 150 മില്ല്യണ്‍ ഡോളര്‍ ലഭിച്ചിരുന്ന സ്ഥാനത്താണ് 143 മില്ല്യണായത്. ഓസ്‌ട്രേലിയയ്ക്കും കാര്യമായ നഷ്ടമുണ്ടാകില്ല. ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാന്‍, ന്യൂസിലാന്‍ഡ്, ശ്രീലങ്ക, ബംഗ്ലാദേശ്, വെസ്റ്റന്‍ഡീസ് എന്നിവയ്ക്ക് കൂടുതല്‍ ഫണ്ട് ലഭിക്കും.

അസോസിയേറ്റ് അംഗങ്ങള്‍ക്ക് 280 മില്ല്യണ്‍ ഡോളറാണ് ലഭിക്കുക. ഈ സാമ്പത്തിക മോഡലിനെതിരേ ഇന്ത്യ എതിര്‍ത്തെങ്കിലും ഒന്നിനെതിരേ 13 വോട്ടുകള്‍ക്ക് ബിസിസിഐ പരാജയപ്പെട്ടു.


ചാംപ്യന്‍സ് ട്രോഫി
ഐസിസിയുടെ പുതിയ നയങ്ങള്‍ക്കെതിരേ പരാജയപ്പെട്ട ബിസിസിഐ ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഐസിസിയോടുള്ള എതിര്‍പ്പാണ് ഇതിന് പിന്നില്‍. 2017 മുതല്‍ 2023 വരെയുള്ള ഐ.സി.സിയുടെ എല്ലാ ടൂര്‍ണമെന്റുകളില്‍ നിന്ന് വിട്ടുനില്‍ക്കുക എന്ന ഉദ്ദേശവുമായി ബി.സി.സി.ഐ ക്രിക്കറ്റ് കൗണ്‍സിലില്‍ അംഗങ്ങളായ മറ്റു രാജ്യങ്ങളെ സമീപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com