പ്രീമിയര്‍ ലീഗില്‍ ചാംപ്യന്‍സ് ലീഗ് ബര്‍ത്തിനായി പോരാട്ടം; യുണൈറ്റഡിനെ പിന്നിലാക്കി ആഴ്‌സണല്‍ അഞ്ചാമതെത്തി

പ്രീമിയര്‍ ലീഗില്‍ ചാംപ്യന്‍സ് ലീഗ് ബര്‍ത്തിനായി പോരാട്ടം; യുണൈറ്റഡിനെ പിന്നിലാക്കി ആഴ്‌സണല്‍ അഞ്ചാമതെത്തി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ഏറെക്കുറെ ഉറപ്പായപ്പോള്‍ പോരാട്ടം മൂന്നു മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങള്‍ക്ക്. ലിവര്‍ പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നീ ടീമുകളാണ് ചാംപ്യന്‍സ് ലീഗ് ബര്‍ത്തിനായി പൊരിഞ്ഞ പോരാട്ടം കാഴ്ചവെക്കുന്നത്.

ഇതില്‍ ലിവര്‍പൂളിനൊഴികെ ബാക്കിയുള്ള മൂന്ന് ടീമുകള്‍ക്കും മൂന്ന് മത്സരങ്ങള്‍ ശേഷിക്കുന്നുണ്ട്. ലിവര്‍പൂളിന് രണ്ട് മത്സരങ്ങള്‍ മാത്രമാണ് ബാക്കി. നിലവില്‍ 35 മത്സരങ്ങളില്‍ നിന്ന് 84 പോയിന്റുമായി ചെല്‍സി ഇപിഎല്‍ കിരീടം ഏറെക്കുറെ ഉറപ്പിച്ചു. രണ്ടാം സ്ഥാനത്തുള്ള ടോട്ടന്‍ഹാമിന് 35 കളികളില്‍ നിന്ന് 77 പോയിന്റാണുള്ളത്.

70 പോയിന്റുമായി മൂന്നാം സ്ഥാനത്ത് ലിവര്‍പൂളാണ്. 36 മത്സരങ്ങളില്‍ നിന്നാണ് ലിവറിന് ഇത്രയും പോയിന്റ്. 35 മത്സരങ്ങളില്‍ നിന്ന് 69 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി ചാംപ്യന്‍സ് ലീഗ് ബര്‍ത്തിന് കരുതിത്തന്നെയാണ്. എന്നാല്‍ 35 മത്സരങ്ങളില്‍ നിന്ന് 66 പോയിന്റുള്ള ആഴ്‌സണല്‍ അഞ്ചാം സ്ഥാനത്തും ഇത്രയും മത്സരങ്ങളില്‍ നിന്ന് 65 പോയിന്റുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആറാം സ്ഥാനത്തുമാണ്.

ഇനിയുള്ള മത്സരങ്ങളില്‍ തോല്‍വിയോ സമനിലയോ മൂന്ന് മുതല്‍ ആറ് വരെ സ്ഥാനക്കാര്‍ക്ക് വലിയ തിരിച്ചടി നല്‍കും. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ കീഴടക്കിയതോടെയാണ് ആഴ്‌സണലിന് ചാംപ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ക്ക് ചിറകുവെച്ചത്. കഴിഞ്ഞ മത്സരത്തില്‍ സൗതാംപ്ടണെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചതോടെ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറാന്‍ ടീമിന് സാധിച്ചു.

താരതമ്യേന ദുര്‍ബലരായ ടീമുകളോടാണ് മുന്‍നിര ടീമുകള്‍ക്ക് ഇനിയുള്ള മത്സരങ്ങള്‍ എന്നത് പോയിന്റ് നിലയില്‍ വലിയ മാറ്റമൊന്നും പ്രതീക്ഷിക്കേണ്ട. എന്നാല്‍, അട്ടിമറി സാധ്യത തള്ളിക്കളയാനും പറ്റില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com