എതിര്‍ താരത്തിന്റെ ജെഴ്‌സി വാങ്ങുന്നതില്‍ മടിയനല്ലാത്ത മെസ്സിയെ നിങ്ങള്‍ക്കറിയാമോ?

കളിക്കളത്തില്‍ തന്റെ പ്രതിയോഗിയായ റൊണാള്‍ഡോയുടെ ജെഴ്‌സിക്ക് മെസ്സിയുടെ റൂമില്‍ സ്ഥാനമില്ല.
ചിത്രം-എഫ്‌സി ബാഴ്‌സലോണ
ചിത്രം-എഫ്‌സി ബാഴ്‌സലോണ

കളിക്കു ശേഷം കളിക്കാര്‍ തമ്മില്‍ ജെഴ്‌സി കൈമാറുന്നത് ഫുട്‌ബോളില്‍ സ്ഥിരം കാഴ്ചയാണ്. താരങ്ങള്‍ തമ്മിലുള്ള ബഹുമാനത്തെ സൂചിപ്പിക്കാനാണ് ഈ ജെഴ്‌സി കൈമാറുന്നത്. ചെറിയ താരങ്ങള്‍ മുതല്‍ വലിയ താരങ്ങള്‍ വരെ കളി കഴിഞ്ഞതിന് ശേഷം ജെഴ്‌സി കൈമാറുന്നത് കാണാം.

എന്നാല്‍, സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇതുവരെ ആരോടെങ്കിലും ജെഴ്‌സി ചോദിച്ചിട്ടുണ്ടെങ്കില്‍ അത് സിനദീന്‍ സിദാനോട് മാത്രമാണെന്ന് താരം ഈയടുത്താണ് പറഞ്ഞത്. മെസ്സിയുടെ ജെഴ്‌സിക്ക് എതിര്‍ടീം താരങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കം വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 

എതിര്‍താരത്തിന്റെ ജെഴ്‌സി വാങ്ങുന്നതില്‍ മെസ്സി മടിയനാണെന്നാണ് എല്ലാവരും പറയാറ്. എന്നാല്‍, സത്യം അതല്ല. മെസ്സി തന്റെ ഫെയ്‌സ്ബുക്കില്‍ ഈയടുത്ത് പങ്കുവെച്ച ചിത്രമാണ് ബാഴ്‌സലോണ താരം സത്യത്തില്‍ ആരാണെന്ന് വ്യക്തമാക്കുന്നത്.

തന്റെ കരിയറില്‍ ഇതുവരെ താന്‍ വാങ്ങിയ ജെഴ്‌സികള്‍ പ്രദര്‍ശിപ്പിക്കുന്ന റൂമില്‍ മകന്‍ തിയാഗോയുമൊപ്പം ഇരിക്കുന്ന ഫോട്ടോയാണ് മെസ്സി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരമെന്ന ഖ്യാദിയുണ്ടെങ്കിലും എതിര്‍ടീം താരങ്ങളുടെ ജെഴ്‌സികള്‍ ഈ രീതിയില്‍ സൂക്ഷിക്കുന്നതിന് മെസ്സിക്ക് മടിയൊന്നുമില്ല.

ഇതിഹാസ താരങ്ങളായ ഫ്രാന്‍സിസ്‌ക്കോ ടോട്ടി, ഐകര്‍ കാസില്ലാസ്, റൗള്‍ തുടങ്ങിയ കളിക്കളം വിട്ടവരുടെയും ലൂയിസ് സുവാറസ്, ഫിലിപ്പ് ലാം, ഡാനി ആല്‍വസ് എന്നീ സമകാലീന താരങ്ങളുടെയും ജെഴ്‌സികള്‍ മെസ്സി തന്റെ ബൂട്ട്‌റൂമില്‍ സൂക്ഷിച്ചിട്ടുണ്ട്.

പ്രശസ്തരായ താരങ്ങളുടെ ജെഴ്‌സികള്‍ മാത്രമാകും മെസ്സി സൂക്ഷിച്ചിരിക്കുന്നത് എന്ന് വിചാരിച്ചാല്‍ തെറ്റി. ശരാശരിക്കാരായ താരങ്ങളുടെ ജെഴ്‌സികളും മെസ്സി സൂക്ഷിക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ അത്ഭുതപ്പെടേണ്ട. വെസ്റ്റ്ഹാം താരം ലാസിനി, 2014ല്‍ സണ്ടര്‍ലാന്റിന് വേണ്ടികളിച്ച ഓസ്‌ക്കാര്‍ ഉസ്റ്റാരി, ഗ്രാനഡയുടെ യൂസുഫ് അല്‍ അറബി, റോഡ്രിഗോ ഡീ പോള്‍ തുടങ്ങിയ യൂറോപ്യന്‍ ഫുട്‌ബോളില്‍ സ്ഥിരമായി കേള്‍ക്കാത്ത കളിക്കാരുടെയും ജെഴ്‌സികള്‍ മെസ്സി സൂക്ഷിക്കുന്നുണ്ട്.

ഇതൊക്കെയാണെങ്കിലും കളിക്കളത്തില്‍ തന്റെ പ്രതിയോഗിയായ റൊണാള്‍ഡോയുടെ ജെഴ്‌സിക്ക് മെസ്സിയുടെ റൂമില്‍ സ്ഥാനമില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com