ലോകക്കപ്പിന് കൊച്ചി തയാര്‍

മുക്കാല്‍ ലക്ഷത്തിനടുത്ത് കാണികളുണ്ടായിരുന്ന ഐഎസ്എല്ലിനെ അപേക്ഷിച്ച് 41,748 പേര്‍ക്ക് മാത്രമാണ് സ്‌റ്റേഡിയത്തില്‍ ലോകക്കപ്പ് നേരിട്ട് കാണാനുള്ള സൗകര്യമുണ്ടാവുക
ലോകക്കപ്പിന് കൊച്ചി തയാര്‍

കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകക്കപ്പ് ഫുട്‌ബോളിന് കൊച്ചി വേദിയാകുമെന്ന് ഉറപ്പായി. മത്സരത്തിന് വേദിയാകുന്ന കലൂര്‍ കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിന്റെയും പനമ്പള്ളി സ്‌പോര്‍ട്‌സ് കൌണ്‍സില്‍ മൈതാനം, മഹാരാജാസ് കോളജ് ഗ്രൌണ്ട്, ഫോര്‍ട്ട്‌കൊച്ചി വെളി, പരേഡ് ഗ്രൗണ്ട് എന്നീ പരിശീലന മൈതാനങ്ങളുടെയും ഒരുക്കങ്ങളില്‍ ഫിഫ ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി പൂര്‍ണ തൃപ്തി അറിയിച്ചു.

ഒരുക്കങ്ങളില്‍ പൂര്‍ണ തൃപ്തിയറിയിച്ച സെപ്പി ഈ നിമിഷം കൊച്ചിയെ ലോകകപ്പ് വേദികളില്‍നിന്നു മാറ്റിനിര്‍ത്താന്‍ കാരണങ്ങളില്ലെന്ന് വ്യക്തമാക്കി. മാര്‍ച്ച് 24ന് സ്റ്റേഡിയങ്ങളുടെ നിലവാരവും ഒരുക്കങ്ങളും വിലയിരുത്താനെത്തിയ ഫിഫ സംഘം അതൃപ്തരായായിരുന്ന മടങ്ങിയത്. ഈ നിലയിലാണെങ്കില്‍ കൊച്ചിക്ക് മത്സരങ്ങള്‍ നടത്താന്‍ സാധിക്കില്ലെന്ന് വരെ നിഗമനങ്ങളുണ്ടായിരുന്നു. പിന്നീട് അവസാന നിമിഷങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് കൊച്ചിയെ വീണ്ടും ലോകക്കപ്പ് നടത്തിപ്പിനുള്ള അവസരമൊരുക്കിയത്.

ക്വാര്‍ട്ടര്‍ ഉള്‍പ്പടെ എട്ടു മത്സരങ്ങള്‍ നടക്കുന്ന കൊച്ചിയില്‍ കൂടുതല്‍ മത്സരങ്ങള്‍ നടത്തുമോ എന്ന ചോദ്യത്തിന് മൊത്തം കളിയുടെ 15 ശതമാനം ഇവിടെയാണ് നടക്കുന്നതെന്നാണ് സെപ്പി മറുപടി പറഞ്ഞത്. വിമാന സൗകര്യമില്ലെന്ന കാരണത്താലാണ് കൊച്ചിക്ക് കൂടുതല്‍ മത്സരങ്ങള്‍ നടത്തിപ്പിനുള്ള അവസരം നഷ്ടപ്പെടാന്‍ കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 45 ദിവസം കൊണ്ടാണ് കൊച്ചിയിലെ മൈതാനങ്ങള്‍ മൊത്തം മാറിയത്. ജൂലൈ ഒന്നിന് ഫിഫസംഘവും 8,9,10 തീയതികളില്‍ ടീമുകളുടെ പ്രതിനിധികളും കൊച്ചി സന്ദര്‍ശിക്കും. അതേസമയം, കൊച്ചിയില്‍ ഇതുവരെ നടന്ന മത്സരങ്ങളെല്ലാം മതിയായ സുരക്ഷയില്ലാതെയാണെന്നും ഫിഫ സംഘം കുറ്റപ്പെടുത്തി. അതിനാല്‍ തന്നെ ലോകക്കപ്പ് മത്സരങ്ങള്‍ക്ക് കാണികളുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ടാകും.  അപകടങ്ങളോ അത്യാഹിതങ്ങളോ ഉണ്ടായാല്‍ എട്ടു മിനിട്ടിനുള്ളില്‍ കാണികളെ ഒഴിപ്പിക്കണമെന്നാണ് അന്താരാഷ്ട്ര മാനദണ്ഡം. എന്നാല്‍, സ്‌റ്റേഡിയത്തില്‍ നടത്തിയ പരിശോധനയില്‍ നിലവിലുള്ള വാതിലുകളും ഗോവണികളും കൊണ്ട് മുമ്പുണ്ടായിരുന്നത്ര ആളുകളെ എട്ടു മിനിട്ടില്‍ പുറത്തിറക്കാന്‍ പര്യാപ്തമല്ല എന്നു മനസിലാക്കി. ഇതു മൂലമാണ് സീറ്റുകളുടെ എണ്ണം കുറച്ചതെന്നും അദ്ദേഹം പറഞ്ഞു. 

41748 പേര്‍ക്കാണ് ഇപ്പോള്‍ കലൂര്‍ സ്‌റ്റേഡിയത്തില്‍ ഇരിപ്പിട സൗകര്യമുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com