അനസ് എടത്തൊടിക ചോദിക്കുന്നു- വല്ലപ്പോഴും ഏജീസിന്റെ ടീമില്‍ മാത്രം കളിച്ചിരുന്നേക്കാവുന്ന സികെ വിനീതിനെ ആര്‍ക്കെങ്കിലും അറിയാന്‍വഴിയുണ്ടാവുമായിരുന്നോ?

അനസ് എടത്തൊടിക ചോദിക്കുന്നു- വല്ലപ്പോഴും ഏജീസിന്റെ ടീമില്‍ മാത്രം കളിച്ചിരുന്നേക്കാവുന്ന സികെ വിനീതിനെ ആര്‍ക്കെങ്കിലും അറിയാന്‍വഴിയുണ്ടാവുമായിരുന്നോ?

കൊച്ചി: ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സികെ വിനീതിനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ട തീരുമാനത്തിനെതിരേ മുഖ്യധാര കായിക താരങ്ങള്‍ ആരും മുന്നോട്ട് വന്നിട്ടില്ലെങ്കിലും പിരിച്ചു വിട്ട നടപടി മറ്റൊരു രീതിയില്‍ വിമര്‍ശിക്കുകയാണ് ഇന്ത്യന്‍ താരവും മോഹന്‍ ബഗാന്‍ എഫ്‌സിയുടെ പ്രതിരോധഭടനും മലയാളിയുമായ അനസ് എടത്തൊടിക.

കരിയറിന്റെ ആരംഭഘട്ടത്തില്‍ തന്നെ ഓരോ ഡിപ്പാര്‍ട്ട്‌മെന്റുകളും കളിക്കാരെ സ്‌പോര്‍ട്‌സ് ക്വാട്ടവഴി ജോലി നല്‍കുകയും കളിക്കാരുടെ കരിയര്‍ തന്നെ അവസാനിപ്പിക്കുകയുമാണ് ചെയ്യുന്നതെന്ന നിരീക്ഷണമാണ് അനസ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കോപ്പീട് എന്ന് ചേര്‍ത്ത് പങ്കുവെച്ചിരിക്കുന്നത്.

'നമ്മള്‍ ഭയങ്കര കായിക പ്രേമികളാണ്! എന്തൊരു പ്രേമമാണ്! ഉറക്കമിളച്ചു കളികണ്ടും ചര്‍ച്ച ചെയ്തും എഴുതിയും പറഞ്ഞും വാതുവച്ചും ഫ്‌ലക്‌സ് വച്ചും ജയ് വിളിച്ചും ഒക്കെ നമ്മള്‍ കായിക പ്രേമം വെളിവാക്കും. എന്നാല്‍ ഈ കായികപ്രേമികളുടെ സ്വന്തം കളിക്കാരോടുള്ള പ്രേമമൊക്കെ അവര്‍ ഫീല്‍ഡില്‍ തിളങ്ങി നില്‍ക്കുന്ന കാലം വരെയേ മിക്കവാറും കാണൂ. വിരമിച്ച ശേഷം അടുത്ത വല്ല കളിയും വരുമ്പോള്‍ നൊസ്റ്റാള്‍ജിയയുടെ വിപണി സാധ്യതയ്ക്ക് വേണ്ടി മാധ്യമങ്ങള്‍ അവരെ വീണ്ടും തപ്പി പിടിച്ചു വെളിച്ചത്ത് കൊണ്ട് വരുന്നത് വരെ അവര്‍ എങ്ങനെ ജീവിക്കുന്നു എന്നറിയാന്‍ വല്യ ഉത്സാഹം ഒന്നും മേല്പറഞ്ഞ 'പ്രേമി'കള്‍ക്ക് കാണില്ല.' -ഇങ്ങനെയാണ് അനസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

കളിച്ചാല്‍ രക്ഷപ്പെടില്ലെന്ന് ഉപദേശിക്കാന്‍ നൂറു പേരെങ്കിലും കാണുമെന്ന് പറയുന്ന അനസ് ഭാവി സുരക്ഷിതമാക്കുന്നതിന് കളിക്കാര്‍ ഇത്തരം ഡിപ്പാര്‍ട്ട്‌മെന്റ് ടീമുകളില്‍ ചേക്കേറുന്നത് കുടുംബം പട്ടിണികിടക്കരുതല്ലോ എന്ന് വിചാരിച്ചിട്ടാണെന്നും അനസ് പറയുന്നു.

കളി കരിയറാക്കുക എന്ന റിസ്‌ക്കെടുത്ത് വന്ന സികെ വിനീതിനെ ഏജീസ് നിയമപ്രകാരം പിരിച്ചുവിട്ടെങ്കിലും ഏജീസ് ടീമില്‍ മാത്രം കളിക്കുകയായിരുന്നെങ്കില്‍ വിനീതിന്റെ പേര് എത്രപേര്‍ക്ക് അറിയാന്‍ പറ്റിയിരുന്നെന്നും അനസ് ചോദിക്കുന്നു. 

സി.കെ വിനീതിന് വേണ്ടി ആവേശം കൊണ്ടിട്ടുള്ള, വിനീതിനെച്ചൊല്ലി അഭിമാനം പൂണ്ട ഓരോ മലയാളിയും ഇന്ന് ചിന്തിക്കേണ്ട ചില സംഗതികളുണ്ട്, എന്തുകൊണ്ടാണ് നമ്മുടെ നാട്ടില്‍ നിന്നും ദേശീയ താരങ്ങള്‍ അധികം ഉണ്ടാവാത്തത്? ഭാവിയെപ്പറ്റി ഭയമില്ലാതെ കളിയില്‍ മാത്രം ശ്രദ്ധിക്കാന്‍ നമ്മുടെ താരങ്ങളെ എങ്ങനെ സഹായിക്കാന്‍ കഴിയും? കരിയറിന്റെ നല്ല സാധ്യതകളില്‍ നില്‍ക്കുന്ന യുവകായികതാരങ്ങളെ സ്‌പോട്‌സ് ക്വോട്ടയില്‍ റിക്രൂട്ട് ചെയ്ത് ഓഫീസ് മുറികളില്‍ അടച്ചിടുന്നത് കൊണ്ട് എന്താണ് നമ്മുടെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉദ്ദേശിക്കുന്നത്? പേരറിയാവുന്ന സി.കെ വിനീതിന് പിന്തുണ നല്‍കുമ്പോള്‍ നമുക്ക് പേര് പോലും അറിയാത്ത എത്രയോ പേര്‍ ഇങ്ങനെ ബൂട്ട്‌സ് അഴിച്ചു വച്ച് ഓഫീസ് മുറികളില്‍ ഇരുന്നു ചിതലെടുത്ത് പോവുന്നുണ്ടാവും.

ഭാവിയുടെ താരങ്ങളെ വാര്‍ത്തെടുക്കാന്‍ കായികാധികാരികള്‍ ചെയ്യേണ്ടതായി കാര്യങ്ങളുണ്ട്. കളിക്കാരെ കളിയില്‍ തന്നെ പിടിച്ചു നിര്‍ത്താന്‍ തക്ക ഒരു മികവും ഒരു കായിക മേഖലയും കേരളത്തില്‍ കാണിക്കുന്നില്ലെന്നതാണ് അനസിന്റെ പോസ്റ്റിനാധാരം. കളിക്കാരുടെ ഭാവിയെ കുറിച്ച് ഗൗരവ നിരീക്ഷണമാണ് അനസ് നടത്തിയിരിക്കുന്നത്

മലയാളികള്‍ നെഞ്ചോടു ചേര്‍ത്ത മലപ്പുറം മുത്ത് അനസ് മാത്രമാണ് ഇത്തരം പ്രതികരണവുമായി ഇതുവരെ രംഗത്തെത്തിയിരിക്കുന്നത്.

അനസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കാണാം...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com