ഇന്ത്യന്‍ അണ്ടര്‍ 17 ടീം തോല്‍പ്പിച്ചത് ഇറ്റലിയെ അല്ല; പിന്നെ ആരെ?

സത്യം എന്താണെന്ന് കൃത്യമായി ബോധ്യമുണ്ടായിട്ടും ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ തെറ്റായ വിവരങ്ങള്‍ നല്‍കി
ഇന്ത്യന്‍ അണ്ടര്‍ 17 ടീം തോല്‍പ്പിച്ചത് ഇറ്റലിയെ അല്ല; പിന്നെ ആരെ?

ന്യൂഡെല്‍ഹി:  കഴിഞ്ഞ ദിവസം ഇറ്റലിയിലെ അരിസോയില്‍ വെച്ച് ഇന്ത്യന്‍ അണ്ടര്‍ 17 ടീം ഇറ്റലിയുടെ അണ്ടര്‍ 17 ടീമിനെ പരാജയപ്പെടുത്തിയെന്ന വാര്‍ത്തകള്‍ പുറത്തു വന്നപ്പോള്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവി സുരക്ഷിതമെന്നതടക്കമുള്ള വാര്‍ത്തകളായിരുന്നു മാധ്യമങ്ങളില്‍ നിറയെ. ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ലോകക്കപ്പിന്റെ മുന്നോടിയായി ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായ ഇറ്റലിയുടെ കുട്ടിപ്പടയെ തോല്‍പ്പിച്ചെന്ന ഖ്യാതി ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനും സൃഷ്ടിച്ചെടുത്തു.

എന്നാല്‍, സത്യത്തില്‍ ഇന്ത്യ തോല്‍പ്പിച്ചത് ഇറ്റലിയെ തന്നെയാണോ? അല്ല എന്നാണ് ഒരു പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യന്‍ ടീം തോല്‍പ്പിച്ചത് യഥാര്‍ത്ഥത്തിലുള്ള ഇറ്റാലിയന്‍ അണ്ടര്‍ 17 ടീമിനെയല്ല. ഇറ്റലിയിലുള്ള മൂന്ന്, നാല് ടയര്‍ ലീഗുകളായ ലീഗ പ്രോ, ലീഗ പ്രോ 2 എന്നിവയില്‍ കളിക്കുന്ന ക്ലബ്ബുകളുടെ അണ്ടര്‍ 17 താരങ്ങളെയാണ് ഇന്ത്യന്‍ ടീം തോല്‍പ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇത് വ്യക്തമായി അറിഞ്ഞിട്ടും ആള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ എതിര്‍ടീമിനെ കുറിച്ചും മത്സരത്തെ കുറിച്ചും തെറ്റായ വിവരങ്ങളാണ് ഇതുവരെ നല്‍കിക്കൊണ്ടിരിക്കുന്നത്.

ലീഗ പ്രോ, ലീഗ പ്രോ 2 ക്ലബ്ബുകളായ പാര്‍മ, ആല്‍ബിനോലെഫ് എന്നീ ക്ലബ്ബുകളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വന്നിട്ടുണ്ട്. തങ്ങളുടെ ടീം ഇന്ത്യയുമായി മത്സരിക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇതൊന്നും ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ കണ്ടതായി നടിക്കാതെ മാധ്യമങ്ങള്‍ക്കും മറ്റും ഇന്ത്യ ഇറ്റലിയുമായി കളിക്കുന്നവെന്ന വിവരങ്ങളാണ് നല്‍കിയത്.

മാത്രമല്ല, ഇന്ത്യന്‍ ഫുട്‌ബോളിന് ചരിത്ര നേട്ടമെന്നാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ജയത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.

അതേസമയം, ഇറ്റാലിയന്‍ ടീമിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കളിക്കു മുമ്പോ കളിക്കു ശേഷമോ ഇതുമായി ബന്ധപ്പെട്ട് ഒരു വാര്‍ത്തയും വന്നിട്ടില്ല.

ഇന്ത്യയുമായി കളിച്ച എഐഎഫ്എഫ് പറയുന്ന ഇറ്റാലിയന്‍ ടീമിന്റെ പരിശീലകന്‍ ഡാനിയല്‍ അരിഗോനി ആയിരുന്നു. അതേസമയം, നിലവില്‍ ഇറ്റലി അണ്ടര്‍ 17 ടീമിനെ പരിശീലിപ്പിക്കുന്നത് എമിലിയാനോ ബിജിഗയാണ്. 

ഇന്ത്യന്‍ ടീം ഇറ്റലിയെ പരാജയപ്പെടുത്തിയെന്നുള്ള വാര്‍ത്ത കണ്ട് അത്ഭുപ്പെട്ട ഇറ്റാലിയന്‍ മാധ്യമ പ്രവര്‍ത്തകന്റെ വാക്കുകളും റിപ്പോര്‍ട്ടിലുണ്ട്. മത്സരവുമായി ബന്ധപ്പെട്ട് ഇറ്റാലിയന്‍ മാധ്യമങ്ങളില്‍ ഒരു വാര്‍ത്തയുമില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രതിനിധികള്‍ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
    
ഇതേടീമുമായി 23ന് വീണ്ടും ഇന്ത്യയ്ക്ക് മത്സരമുണ്ട്. ഒരു പക്ഷെ ഇന്ത്യയ്ക്ക് വീണ്ടുമൊരു ചരിത്ര വിജയമെന്ന് കാതോര്‍ക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com