ക്രിക്കറ്റും തീവ്രവാദവും കൈകോര്‍ക്കില്ല; ഇന്ത്യന്‍ ടീം പാക്കിസ്ഥാനുമായി ഉഭയരാഷ്ട്ര സീരീസ് കളിക്കില്ലെന്ന് കായിക മന്ത്രി

ക്രിക്കറ്റും തീവ്രവാദവും കൈകോര്‍ക്കില്ല; ഇന്ത്യന്‍ ടീം പാക്കിസ്ഥാനുമായി ഉഭയരാഷ്ട്ര സീരീസ് കളിക്കില്ലെന്ന് കായിക മന്ത്രി

ന്യൂഡെല്‍ഹി: ഇന്ത്യയും പാക്കിസ്ഥാനും രാഷ്ട്രീയപരമായി ഒന്നിക്കാത്തതിന് പുറമെ കായികപരമായും ഒരിക്കലും ഒന്നിക്കില്ലെന്ന സൂചന നല്‍കി കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഉഭയരാഷ്ട്ര ക്രിക്കറ്റ് സീരീസ് കളിക്കില്ലെന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കിയത്. ഏതെങ്കിലും കാര്യത്തില്‍ ഇരു രാജ്യങ്ങളെയും ഒന്നിപ്പിക്കുന്നതില്‍ നിര്‍ണായകമാകുന്നത് ക്രിക്കറ്റാണെങ്കിലും അതിനും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തുന്നത് ആരാധകരെ സംബന്ധിച്ച് വന്‍ നിരാശയാണ്.

ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ക്രിക്കറ്റിന്റെ കാര്യത്തില്‍ മഞ്ഞുരുക്കുന്നതിന് വേണ്ടി ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യയും (ബിസിസിഐ) പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും അധികൃതരും ഇന്ന് ദുബായില്‍ യോഗം ചേരാനിരിക്കെയാണ് ഗോയലിന്റെ പ്രഖ്യാപനം.

തീവ്രവാദവും ക്രിക്കറ്റും കൈകോര്‍ത്ത് പോവില്ലെന്നാണ് ഗോയല്‍ വ്യക്തമാക്കിയത്. അതേസമയം, മിനി ലോകക്കപ്പില്‍ ഇരു രാജ്യങ്ങളും അടുത്ത മാസം നാലിന് ഏറ്റുമുട്ടാനിരിക്കുകയാണ്.

അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയുടെ (ഐസിസി) ഭാവി ടൂര്‍ പ്രോഗ്രാമുകള്‍ അനുസരിച്ച് ഈ വര്‍ഷം അവസാനത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയരാഷ്ട്ര സീരീസുണ്ട്. എന്നാല്‍, ഇരുരാജ്യങ്ങള്‍ക്കിടയിലുമുള്ള അസ്വാരസങ്ങള്‍ മത്സരം ഉപേക്ഷിക്കുന്നതിലേക്കെത്തുമെന്നാണ് വിലയിരുത്തലുകള്‍.

2015 നും 2023നും ഇടയില്‍ ആറ് ഉഭയരാഷ്ട്ര സീരീസുകളില്‍ മത്സരിക്കാമെന്ന് ബിസിസിഐയും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും ധാരണാ പത്രത്തില്‍ ഒപ്പുവെച്ചിരുന്നു. എന്നാല്‍, 2015ല്‍ ബിസിസിഐ പാക്കിസ്ഥാന്‍ ടൂര്‍ ഉപേക്ഷിച്ചത് പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന് നഷ്ടം വരുത്തിയെന്ന് കാണിച്ച് ഈ മാസം ആദ്യത്തില്‍ ബിസിസഐക്കെതിരേ നോട്ടീസയച്ചിരുന്നു.

ബിസിസഐ പല്ലുപോയ സിംഹം
പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കുന്നതിന് ബിസിസിഐക്ക് താല്‍പ്പര്യമുണ്ടെങ്കിലും ഇരു രാജ്യങ്ങള്‍ക്കിടയിലുമുള്ള പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായതിനാല്‍ സര്‍ക്കാരിന്റെ അനുമതി വേണമെന്നാണ് ഇവരുടെ വിലങ്ങായിരിക്കുന്നത്.

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്നുള്ള എഴുത്ത് ലഭിച്ചതിന് ശേഷം കളിക്കാനുള്ള അനുമതി തേടി സര്‍ക്കാരിന് ബിസിസിഐ കത്തയച്ചിട്ടുണ്ട്. മറുപടിക്കായി കാത്തിരിക്കുകയാണ്. പ്രതീക്ഷയുണ്ട്. അതുകൊണ്ടാണ് ദുബൈയില്‍ പാക്കിസ്ഥാനുമായി യോഗം നിശ്ചയിച്ചിരിക്കുന്നത്. ബിസിസിഐ താല്‍ക്കാലിക സെക്രട്ടറി അമിതാഭ് ഛൗധരി വ്യക്തമാക്കി. എന്നാല്‍, കേന്ദ്ര കായികമന്ത്രിയുടെ പ്രസ്താവന ഈ പ്രതീക്ഷകളെല്ലാം തകിടം മറിക്കുന്നവയാണ്.

ഇരു രാജ്യങ്ങളും അവസാനമായി ഉഭയരാഷ്ട്ര ടൂര്‍ണമെന്റില്‍ ഏറ്റുമുട്ടിയത് 2012-13ലാണ്. രണ്ട് ട്വന്റി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണ് കളിച്ചത്. ട്വന്റി20 സമനിലയാവുകയും ഏകദിനത്തില്‍ പാക്കിസ്ഥാന്‍ ജയിക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com