ജീവിച്ചത് ടോട്ടിയുടെ കാലഘട്ടത്തിലാണെന്ന് അറിയപ്പെട്ടിരുന്നെങ്കില്‍...

ജീവിച്ചത് ടോട്ടിയുടെ കാലഘട്ടത്തിലാണെന്ന് അറിയപ്പെട്ടിരുന്നെങ്കില്‍...

രിതിഹാസത്തിന്റെ വിടവാങ്ങല്‍ മത്സരം എന്ന ഹൈപ്പ് തന്നെയാണ് എ.എസ് റോമയുടെ സീസണിലെ അവസാന മത്സരം ഗാലറികള്‍ നിറക്കാന്‍ സഹായിച്ചത്. അസാധാരണമായ ബില്‍ഡ് അപ്പിനാണ് റോം നഗരം സാക്ഷ്യം വഹിച്ചത്. ഒരു നഗരം ഒരു കളിക്കാരനെ പറഞ്ഞയക്കാന്‍ ഇത്തരത്തില്‍ അണിഞ്ഞൊരുങ്ങുന്നത് ഇതിനു മുന്നേ കണ്ടിട്ടില്ല. ബസുകളില്‍, നഗര വീഥികളില്‍ എവിടെയും അയാള്‍ക്ക് വിട പറയുന്ന സന്ദേശങ്ങള്‍. അയാള്‍ക് വേണ്ടിയാണ് റോം കഴിഞ്ഞ ദിവസം ഒരുമിച്ച് നിന്നത്. തമ്മിലുള്ള ഫുട്‌ബോള്‍ വൈരം മറന്നു കൊണ്ട് ലാസിയോ ആരാധകരും ടോട്ടിക്ക് വേണ്ടി മാത്രം ആ രാവില്‍ റോമയോട് ചേര്‍ന്ന് നിന്നു. 

സാധാരണയായി മുപ്പതിനായിരത്തോളം കാണികള്‍ എത്തുന്ന റോമയുടെ ഹോം മാച്ചുകള്‍ക്ക് വിരുദ്ധമായി ഈ മത്സരം നാളുകള്‍ക്ക് മുന്നേ തന്നെ സോള്‍ഡ് ഔട്ട് ആയി കഴിഞ്ഞതാണ്. പതിവ് പോലെ അന്നും അയാള്‍ സ്റ്റാര്‍ട്ടിംഗ് ഇലവനിലില്ല. ഈ പ്രീ മാച്ച് ഹൈപ് മൂലം അസ്വസ്ഥനായ കോച്ച് ഇതൊരു സാധാരണ മത്സരം എന്ന രീതിയിലാണ് കാണുന്നത്. ലൂസിയാനോ സ്പലെറ്റി എന്ന ആ കോച്ച് എത്രയൊക്കെ ശ്രമിച്ചാലും ഇത്തരത്തിലൊരു മത്സരം ഒരു സാധാരണ മത്സരമാകുമായിരുന്നില്ല. ഒരു 40 വയസ്സുകാരന് ആദ്യ ഇലവനില്‍ സ്ഥാനം കൊടുക്കാത്തതിനു അയാളെ കൂവുന്നുണ്ട് റോമയുടെ ആരാധകര്‍. റോമയുടെ ചരിത്രത്തിലെ റെകോര്‍ഡ് പോയന്റിലേക്കുള്ള മത്സരമാണിത് എന്നതൊന്നും ആരാധകര്‍ക്ക് വിഷയമല്ല. ആദ്യ പകുതി അവസാനിക്കുമ്പോള്‍ അസ്വസ്ഥരാകുന്ന കാണികള്‍, അയാളുടെ വരവ് വൈകുകയാണ്. മിലാനെതിരെ തങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട ആ വരവിനായി കണ്ണുകള്‍ കോച്ച് സ്പലെറ്റിയിലേക്ക് നീളുന്നു. അയാളാണെങ്കില്‍ അക്ഷോഭ്യനാണ്. 

രണ്ടാം പകുതിയുടെ തുടക്കത്തിലും മാറ്റമൊന്നുമില്ല. ഒടുവില്‍ 54 ആം മിനുട്ടില്‍ റോമയുടെ സ്‌െ്രെടക്കര്‍ മുഹമ്മദ് സലാഹ് പുറത്തേക്ക് നടക്കുന്ന കാഴ്ച. അറുപതിനായിരത്തോളം വരുന്ന കാണികള്‍ ആദരവോടെ എഴുന്നേറ്റു നില്‍ക്കുന്നു. അത് തന്നെ ബഹുമാനിക്കാനാണെന്ന് സലാഹ് തന്റെ ഏറ്റവും വന്യമായ സ്വപ്നത്തില്‍ പോലും കരുതിക്കാണില്ലെന്നു ഉറപ്പാണ്. റോമയുടെ പത്താം നമ്പര്‍ ജേഴ്‌സി അണിഞ്ഞ കളിക്കാരന്‍ ഇറങ്ങി വരികയാണ്. അവസാനമായി. 25 വര്‍ഷങ്ങള്‍ താന്‍ ഹൃദയത്തിലേറ്റി നടന്ന റോമയുടെ ജേഴ്‌സിയില്‍. അവിടെ തടിച്ചു കൂടിയിരുന്നവരാരും തന്നെ അയാളുടെ ഗോളുകളോ അസിസ്റ്റുകളോ കാണാന്‍ വേണ്ടിയല്ല വന്നതെന്നുറപ്പാണ്. അവര്‍ക്കയാളെ ആ ജേഴ്‌സിയില്‍ കണ്ടാല്‍ മാത്രം മതി. 

അത്ഭുതങ്ങള്‍ ഒന്നും തന്നെ ഉണ്ടായതുമില്ല. ശേഷിച്ച നാല്പതോളം മിനുട്ടുകള്‍ അയാള്‍ ഒരു സാധാരണ കളിക്കാരനെ പോലെ കളിച്ചു തീര്‍ത്തു. ഫൈനല്‍ വിസില്‍ മുഴങ്ങി കഴിയുമ്പോള്‍ പലരുടെയും കാഴ്ചകള്‍ മങ്ങുകയാണ്. വിട വാങ്ങുന്നത് ഫ്രാന്‍സിസ്‌കോ ടോട്ടിയാണ്. റോമയുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ചവന്‍. ഇറ്റാലിയന്‍ ഫുട്‌ബോളിലെ തന്നെ മികച്ചവരില്‍ ഒരാള്‍. ചിലരെങ്കിലും പിന്നീടവിടെ അരങ്ങേറിയ മെലോഡ്രാമയെ പരിഹസിച്ചെക്കാം. പക്ഷെ, ഇതിങ്ങനെയല്ലാതെ അവസാനിക്കേണ്ട ഒരു കരിയറേ അല്ല. ഇങ്ങനെയല്ലാതെ അവസാനിക്കാനുമാകില്ല. "Let it be known that I lived in the times of Totti," ഗാലറിയിലെ ഒരു ബാനര്‍ ഇങ്ങനെ വായിക്കാമായിരുന്നു.

"I will Miss You " എന്നെഴുതിയ പന്ത് അയാള്‍ ഡൈ ഹാര്‍ഡ് റോമ ഫാന്‍സ് നിറഞ്ഞിരിക്കുന്ന ഭാഗത്തേക്ക് അടിച്ചു കൊടുക്കുകയാണ്. ഒരിക്കലും വരരുത് എന്നയാള്‍ ആഗ്രഹിച്ച ആ ദിവസം വന്നെത്തി കഴിഞ്ഞപ്പോള്‍ അയാള്‍ക്കത് അംഗീകരിക്കാതെ വേറെ മാര്‍ഗമില്ല. റോമിന്റെ ചക്രവര്‍ത്തിക്ക് സിംഹാസനം ഉപേക്ഷിക്കാതെ നിവൃത്തിയില്ല. ഇമ്മോര്‍ട്ടാലിറ്റി ആഗ്രഹിക്കാം എന്നല്ലാതെ അതൊരിക്കലും ഒരാള്‍ക്കും കൈ വരില്ല. കൈകള്‍ ഉയര്‍ത്തി ചിരിക്കാനുള്ള ഒരു പരാജയപ്പെട്ട ശ്രമം നടത്തി നോക്കിയതിനു ശേഷം ടോട്ടി സംസാരിക്കുകയാണ്. 'ഭയമുണ്ടെനിക്ക, എന്റെ മുന്നില്‍ സ്‌റ്റെഡിയങ്ങളിലെ വെളിച്ചമണയുമ്പോള്‍ ഞാനതിനെ ഭയപ്പെടുന്നു.'ചിലരെങ്കിലും ഒരല്‍പം പുച്ഛത്തോടെ വീക്ഷിക്കുന്ന ഫുട്‌ബോളര്‍മാരുടെ, ഫാന്‍സിന്റെ ലോയല്‍റ്റി എന്ന ഘടകത്തിന്റെ പര്യായ പദമായി മാറിയ ഒരു മനുഷ്യനു തീര്‍ച്ചയായും ബുദ്ധിമുട്ടായിരിക്കും. 25 വര്‍ഷങ്ങള്‍ അയാള്‍ ഒഴുകി നടന്ന സ്‌റ്റേഡിയങ്ങളിലെ വെളിച്ചം അയാള്‍ക്ക് മുന്നില്‍ അണയുമ്പോള്‍ ടോട്ടി എങ്ങനെയാണതിനോട് പൊരുത്തപ്പെടുക? ദെന്‍, അയാള്‍ കരയുകയാണ്. കൂടെ ടീമംഗങ്ങളും ഗാലറിയില്‍ ആരാധകരും. 

നല്ല പ്രായത്തില്‍ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും മുന്നോട്ടു വച്ച മോഹിപ്പിക്കുന്ന ഓഫറുകള്‍ നിഷ്‌കരുണം തള്ളി കളഞ്ഞു കൊണ്ട് മരണം വരെ ഞാന്‍ റോമയുടെ കൂടെയായിരിക്കും എന്നുറക്കെ പറഞ്ഞവന്‍ വികാരാധീനനാകുമ്പോള്‍ അവര്‍ക്കെങ്ങനെ പിടിച്ചു നില്‍ക്കാന്‍ കഴിയും? അയാള്‍ക്ക് മുന്നേ കടന്നു വന്ന തലമുറയും അയാളെ കണ്ടു വളര്‍ന്ന ഒരു തലമുറയും അതിനു ശേഷം വന്ന പുതിയ തലമുറകളും ഒരുമിച്ചാണ് അയാളുടെ വിടപറയല്‍ അവിസ്മരണീയമാക്കുന്നത്.  മാല്‍ഡീനിയുടെ, പുയോളിന്റെ, ഡെല്‍പിയറോയുടെയൊക്കെ ലോയല്‍റ്റിയുടെ കഥകള്‍ കേട്ടറിഞ്ഞവര്‍ക്ക് മറ്റൊരു വിസ്മയമാണ് ടോട്ടി. റോമയില്‍, ഇറ്റലിയില്‍ അയാള്‍ക്ക് ശേഷവും ഫുട്‌ബോളുണ്ടാകും. അയാളെ റീ പ്ലേസ് ചെയ്യാന്‍ പുതിയ താരങ്ങളും. അതങ്ങനെ ചലിച്ചു കൊണ്ടേയിരിക്കും. എന്നെ ഭയപ്പെടുത്തുന്നത് റോമയില്ലാത്ത ടോട്ടിയെ കുറിച്ച് ആലോചിക്കുമ്പോഴാണ്. അയാള്‍ക്കത് തല്‍ക്കാലം താങ്ങാന്‍ കഴിഞ്ഞെന്നു വരില്ല.


മാള്‍ഡീനിക്കും സനെറ്റിക്കും മാത്രം പുറകില്‍ ഇറ്റാലിയന്‍ ഫുട്‌ബോളില്‍ ഒരൊറ്റ ക്ലബ്ബിനു വേണ്ടി ഏറ്റവും കൂടുതല്‍ കളികള്‍ കളിച്ചവന്‍ എന്ന നേട്ടത്തിനപ്പുറം ടോട്ടി റോമയുടെ സ്പന്ദനമായിരുന്നു.

89ല്‍ യൂത്ത് ടീമിലൂടെ അരങ്ങേറിയതിനു ശേഷം വളരെ പെട്ടെന്നായിരുന്നു അയാളുടെ വളര്‍ച്ച. 22 ആം വയസില്‍ നായക പദവിയിലെത്തിയ ചെറുപ്പക്കാരന്‍ കീ റോളുകളിലെല്ലാം മിന്നിത്തിളങ്ങി .അയാളുടെ കരിയര്‍ ഇത്രയും നീളാന്‍ കാരണവും ഏതൊരു റോളിനോടും സ്വയം അഡാപ്റ്റ് ചെയ്യാനുള്ള കഴിവ് തന്നെയായിരുന്നിരിക്കണം. ടാക്റ്റിക്കലി ബ്രില്ല്യന്റ് ആയിരുന്ന പ്ലെയര്‍.

2000 ത്തിലെ യൂറോ കപ്പ് സെമി ഫൈനലില്‍ ഹോളണ്ടിനെതിരെയുള്ള പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ ഫ്രാന്‍സിസ്‌കോ ടോട്ടി ഇറ്റലിക്ക് വേണ്ടി പെനാല്‍റ്റി എടുക്കാനെത്തുന്നു. മുന്നില്‍ വാന്‍ഡന്‍സര്‍. തന്റെ വലത് വശത്തേക്ക് ഡൈവ് ചെയ്യുന്ന വാന്‍ഡന്‍സറിനെ നിഷ്പ്രഭനാക്കി ടോട്ടി പന്തില്‍ കരുത്ത് ഒട്ടും ഉപയോഗിക്കാതെ ഒരു ൗെയഹേല ടച്ച് മാത്രമാണ് ഉപയോഗിക്കുന്നത്. പന്ത് വശങ്ങളിലേക്ക് പോകാതെ നേരെ മന്ദഗതിയില്‍ വലയിലേക്ക് യാത്രയാകുമ്പോള്‍ അന്റോനിന്‍ പനെങ്ക, അയാള്‍ ജീവിച്ചിരുന്നെങ്കില്‍, അഭിമാനത്തോടെ മാത്രം നോക്കി നിന്നേനെ ആ കാഴ്ച. 

2005 ഡിസംബര്‍ റോമക്ക് മാത്രമല്ല ലോക ഫുട്‌ബോളിനു തന്നെ വിസ്മയങ്ങള്‍ സമ്മാനിച്ചു കൊണ്ട് ലൂസിയാനോ സ്പലെറ്റി ടോട്ടിയെ സെന്റര്‍ ഫോര്‍വേഡ് ആയി അവതരിപ്പിക്കുകയാണ്. അയാളെ മാര്‍ക്ക് ചെയ്തിരുന്നവരെ ആശയകുഴപ്പത്തിലാക്കിക്കൊണ്ട്, സാധാരണ സെന്റര്‍ ഫോര്‍വേഡില്‍ നിന്നും വ്യത്യസ്തമായി ടോട്ടി പലപ്പോഴും മിഡ് ഫീല്‍ഡര്‍മാര്‍ക്കു പുറകിലായാണ് കാണപ്പെട്ടത്. 4-6-0 എന്ന ഫോര്‍മേഷന്‍ പിറന്നു വീഴുകയാണ്. ഫാള്‍സ് 9 ആയി ടോട്ടിയും. ആ കൊല്ലം തുടര്‍ച്ചയായി 11 വിജയങ്ങളോടെ അക്കാലത്തെ സീരി എ റെകോര്‍ഡും റോമ നേടിയിരുന്നു.

ചിത്രം- എപി
ചിത്രം- എപി

ഒരു വേര്‍സ്‌റ്റൈല്‍ ഫുട്‌ബോളര്‍ എന്ന വിശേഷണമാണ് ടോട്ടിക്ക് കൂടുതല്‍ ചേരുന്നത് എന്ന് പറയാന്‍ കാരണം തന്നെ അയാള്‍ കൈകാര്യം ചെയ്തിട്ടുള്ള വൈവിധ്യമാര്‍ന്ന റോളുകളുടെ ബലത്തിലാണ്. 2006 ലോകകപ്പില്‍ പൂര്‍ണമായും ഫിറ്റ് അല്ലാതിരുന്നിട്ടും ടീമില്‍ ഇടം കണ്ട ടോട്ടി എല്ലാ കളികളും കളിക്കുകയും 4 അസിസ്റ്റുകള്‍ നല്‍കുകയും ചെയ്തു. ലോകകപ്പ് വിജയം പക്ഷെ അയാളിലെ ഫുട്‌ബോളറുടെ പൂര്‍ണതയായിരുന്നില്ല. ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും റിട്ടയര്‍ ചെയ്തു ക്ലബ് ഫുട്‌ബോളിലേക്ക് മടങ്ങുകയാണ് അയാള്‍ ചെയ്തത്.

മറക്കാനാകാത്ത ഒട്ടനവധി ഗോളുകള്‍. അതില്‍ 2005ല്‍ സീരി എയില്‍ ഇന്റര്‍ മിലാനെതിരെ തന്റെ ഹാഫില്‍ നിന്നും പന്തുമായി കുതിച്ച് കാംബിയാസോയുടെ സ്ലൈഡിംഗ് ടാക്കിളിനെ മറികടന്നു, മറ്റരാസിയെ നിഷ്പ്രഭനാക്കി ടോള്‍ഡോയെ അതിശയിപ്പിച്ച മനോഹരമായ ഒരു ചിപ്പിലൂടെ നേടിയ ഗോള്‍ ടോട്ടി എന്ന ഇതിഹാസത്തിന്റെ പ്രതിഭ അടയാളപ്പെടുത്തിയതായിരുന്നു. 2001 ല്‍ പാര്‍മക്കെതിരെ സീരി എ കിരീട നേട്ടത്തിലേക്ക് റോമയെ പിടിച്ചുയര്‍ത്തിയ ഗോള്‍ (സാക്ഷാല്‍ ബഫന്‍ കാത്ത വല കുലുക്കിയ ഗോള്‍ ) അയാളുടെ കരിയറിലെ ഏറ്റവും വിലപ്പെട്ടതും. എന്തൊരു ടീമായിരുന്നു അന്നത്തെ റോമ. പ്രതിരോധത്തില്‍ കഫു, വാള്‍ട്ടര്‍ സാമുവല്‍, അല്‍ഡയര്‍, മധ്യനിരയില്‍ എമെഴ്‌സന്‍, മുന്നേറ്റ നിരയില്‍ ടോട്ടി , മോണ്ടെല്ല, ബാറ്റിസ്ട്ട്യുട്ട സഖ്യം. തന്റെ സ്‌റ്റൈലും ഗ്രേസും കൊണ്ടയാള്‍ പല തവണ ഫുട്‌ബോള്‍ ലോകത്തെ വിസ്മയിപ്പിച്ചിട്ടുണ്ട്.

ഇറ്റാലിയന്‍ ഫുട്‌ബോളിനെ അധികം ഫോളോ ചെയ്യാത്തവര്‍ക്ക് പോലും ടോട്ടി പരിചിതനായിരുന്നു. കരിയറിന്റെ അവസാന നാളുകളിലും അയാള്‍ക്ക് മറക്കാന്‍ കഴിയാത്ത ഒരു ദിവസമുണ്ട്. 2016 ഏപ്രിലില്‍ റോമ തങ്ങളുടെ ഹോം മത്സരത്തില്‍ ടോറിനോയെ നേരിടുന്നു. കളി അവസാന മിനുട്ടുകളിലേക്ക് നീങ്ങുമ്പോള്‍ റോമ 2-1 നു പുറകിലാണ്. 86 ആം മിനുട്ടില്‍ ടോറിനോ ഗോള്‍ മുഖത്ത് ഒരു ഫ്രീ കിക്ക് ലഭിച്ച സമയത്ത് സ്പലെറ്റി യുടെ സബ്സ്റ്റിറ്റിയൂഷന്‍. വരുന്നത് ടോട്ടിയാണ്. ഫ്രീ കിക്ക് റോമയുടെ കളിക്കാരന്റെ തലയില്‍ നിന്നും ഗോള്‍ മുഖത്തിന് സമാന്തരമായി പോകുമ്പോള്‍ റോമയുടെ സബ്സ്റ്റിറ്റിയൂട്ട് കാല്‍ സ്‌ട്രെച്ച് ചെയ്തു പറന്നു വീഴുകയാണ്. ക്ലോക്ക് പല വര്‍ഷങ്ങള്‍ പുറകോട്ടു തിരിച്ചു വച്ചു കൊണ്ട് ഫ്രാന്‍സിസ്‌കോ ടോട്ടി പന്ത് വലയിലാക്കി, ഇറങ്ങി വെറും 22 സെക്കണ്ടിനുള്ളില്‍ ഗോള്‍. ഒരു മിനുട്ടിനുള്ളില്‍ റോമക്കൊരു പെനാല്‍റ്റി. എടുക്കുന്നത് മറ്റാരുമല്ല. ടോറിനോയുടെ വല രണ്ടാമതും കുലുങ്ങുമ്പോള്‍ റോമന്‍ കാണികള്‍ ഉന്മാദ ലഹരിയിലായിരുന്നു. നാണക്കേടില്‍ നിന്നവരെ ഒരിക്കല്‍ കൂടെ അവരുടെ പ്രിയങ്കരനായ ഫുട്‌ബോളര്‍ കര കയറ്റി വിടുകയാണ്. ടോട്ടിയുടെ കരിയറിന്റെ ഇങ്ങേയറ്റത്ത് അയാളൊരിക്കലും മറക്കാന്‍ സാധ്യതയില്ലാത്ത ഗെയിം.

നിര്‍ഭാഗ്യവശാല്‍ എന്ത് കൊണ്ട് നേരത്തെ വിരമിച്ചില്ല എന്നൊരു ചോദ്യം ഉയര്‍ന്നത് കണ്ടില്ലെന്നു നടിക്കാനാകില്ല. ലൂസിയാനോ സ്പലെറ്റി എന്ന കോച്ചിന്റെ ഗെയിം പ്ലാനില്‍ ടോട്ടിക്ക് സ്ഥാനമുണ്ടായിരുന്നില്ല . കഴിഞ്ഞ രണ്ടു സീസണിലായി മിക്കവാറും കളികളില്‍ ടോട്ടിയെ പുറത്തിരുത്തി കൊണ്ട് റോമയെ ടോട്ടിക്ക് ശേഷം ജീവിക്കാന്‍ പഠിപ്പിച്ചെടുക്കുകയായിരുന്നു സ്പലെറ്റി. കളിപ്പിച്ച കളികളില്‍ എല്ലാം തന്നെ സബ്സ്റ്റിറ്റിയൂട്ട് ആയിട്ടാണ് ഇറക്കിയതും. കഴിഞ്ഞ കൊല്ലം ഫെബ്രുവരിയില്‍ നീണ്ട നാളത്തെ ഇടവേളക്ക് ശേഷം ടോട്ടിയെ ഫസ്റ്റ് ഇലവനില്‍ കളിപ്പിക്കാന്‍ അയാള്‍ തീരുമാനിക്കുന്നുണ്ട്. പക്ഷെ, ടോട്ടി തന്നെ വിമര്‍ശിച്ചു കൊണ്ട് നല്‍കിയ ഒരഭിമുഖം ശ്രദ്ധയില്‍ പെട്ട സ്പലെറ്റി ക്യാപ്റ്റനെ മത്സര ദിവസം വിളിച്ചു വരുത്തി അച്ചടക്കമില്ലായ്മയുടെ പേരില്‍ അയാളെ കളിപ്പിക്കുന്നില്ലെന്നു അറിയിച്ചു. ഈ സംഭവം റോമയുടെ ആരാധകരെ പ്രകോപിപ്പിക്കുക തന്നെ ചെയ്തു. അവരുടെ പിന്തുണ ടോട്ടിക്കായിരുന്നു. അന്നത്തെ മത്സരത്തിന്നിടെ ഗാലറിയില്‍ ടോട്ടിക്കനുകൂലമായ ബാനറുകള്‍ അണി നിരക്കുകയും ചെയ്തു. പ്രശ്‌നം പരിഹരിക്കപ്പെടുകയും ടോട്ടിക്ക് ഒരു കൊല്ലം കൂടെ കോണ്‍ട്രാക്റ്റ് നീട്ടി കൊടുക്കുകയും ചെയ്തു. പക്ഷെ തന്റെ നല്ല കാലം പിന്നിട്ട ടോട്ടി എന്ന കളിക്കാരന്‍ ക്ലബ്ബിനേക്കാള്‍ വലുതായ അവസ്ഥ വ്യക്തമായും അവിടെ അടിവരയിട്ട് ഉറപ്പിക്കപ്പെട്ടു.

ഈ സീസണിലും സ്പലെറ്റി ടോട്ടിയെ മിക്ക കളികളിലും പുറത്തിരുത്തുക തന്നെ ചെയ്തു, പക്ഷെ ടോട്ടി ഇത്തവണ പ്രതികരിച്ചില്ല. പ്രതികരിക്കുന്ന ടോട്ടിയെക്കാള്‍ അപകടകാരിയായത് നിശബ്ദനായ ടോട്ടിയായിരുന്നു. ടോട്ടിയുടെ നിശബ്ദതക്ക് കൂടെ ഉത്തരം നല്‍കാനുള്ള ബാധ്യത സ്പലെറ്റിക്കായിരുന്നു. ഓരോ മത്സരത്തിനു ശേഷവും ടോട്ടിയുടെ അസാന്നിധ്യത്തിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ മാത്രമായിരുന്നു സ്പലെറ്റിക്ക് നേരെ എറിയപ്പെട്ടത്. മേയ് തുടക്കത്തില്‍ മിലാനെതിരെ ടോട്ടിയെ കളിപ്പിച്ചെക്കുമെന്ന ധാരണയില്‍ ഒഴുകിയെത്തിയ ആരാധകര്‍ ഗാലറിയില്‍ ടോട്ടിയുടെ നാമം വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു. ആദരവോടെ മിലാന്‍ ആരാധകരും കാത്തിരുന്നെങ്കിലും സ്പലെറ്റി 4-1 നു റോമ ജയിച്ച കളിയില്‍ അവസാനത്തെ 5 മിനുട്ട് പോലും റോമിന്റെ നായകന് നല്‍കിയില്ല. 

പതിവ് പോലെ മത്സരശേഷം സ്പലെറ്റിക്ക് നേരെ ആ ചോദ്യം ഉയര്‍ന്നു. എന്ത് കൊണ്ട് ടോട്ടിയെ കളിപ്പിച്ചില്ല ? നിയന്ത്രണം വിട്ടു പോയ സ്പലറ്റി ടോട്ടി എന്ന ഇതിഹാസത്തിന്റെ പേരും പെരുമയും കാത്തു സൂക്ഷിക്കലല്ല തന്റെ ജോലിയെന്ന് തുറന്നടിക്കുന്നുണ്ട്. ടോട്ടിക്ക് മുന്നില്‍ വേറെ വഴികള്‍ ഉണ്ടായിരുന്നുമില്ല. സീസണിലെ അവസാന മത്സരം ടോട്ടിയുടെ വിരമിക്കല്‍ മത്സരമാകുന്നത് അങ്ങനെയാണ്. അയാള്‍ എന്താണ് പ്രതീക്ഷിച്ചത് എന്ന് നമുക്ക് ഊഹിക്കാനാകും. മരണം വരെ റോമിന് പുറത്തേക്ക് മറ്റൊരു ടീമിന് കളിക്കാന്‍ പോകില്ലെന്ന് തീരുമാനിച്ചു അവസാനം വരെ അത് പാലിച്ച കളിക്കാരന്‍ തീര്‍ച്ചയായും തിരിച്ചും ആ കടപ്പാട് പ്രതീക്ഷിച്ചിരിക്കാം. പക്ഷെ ഇത് പ്രൊഫഷണല്‍ ഫുട്‌ബോളാണ്. സെന്റിമെന്റ്‌സിന് ഇവിടെ സ്ഥാനമില്ല ആരാധകരുടെ മനസ്സുകളില്‍ മാത്രമാണു സ്ഥാനം എന്ന സത്യം തിരിച്ചറിയാതെ ഫ്രാന്‍സിസ്‌കോ ടോട്ടി സ്വയം ഈ മുള്‍ക്കിരീടം എടുത്തണിയുകയായിരുന്നു. 

പുതിയ കളിക്കാര്‍ റോമയുടെ പടികള്‍ കയറി വരുമ്പോള്‍ തനിക്ക് വഴി മാറി കൊടുത്തെ മതിയാകൂ എന്നയാള്‍ മനസ്സിലാക്കിയില്ല. അനിവാര്യമായ അസ്തമനത്തെ ചെറുത്ത് നില്‍ക്കാന്‍ നോക്കിയത് അയാളുടെ മാത്രം തെറ്റാണ്. ടോട്ടിയുടെ അസ്തമനം റോമയില്‍ മാറ്റങ്ങള്‍ ഒന്നുമുണ്ടാക്കില്ല. സ്പലെറ്റി പുതിയൊരു റോമക്ക് അടിത്തറയിട്ട് കഴിഞ്ഞു. ഫുട്‌ബോള്‍ റോമയില്‍ ഇനിയുമുണ്ടാകും,കിരീടങ്ങളും അവരെ തേടിയെത്തും. ഒരു ഫ്രാന്‍സിസ്‌കോ ടോട്ടി ഇനിയുണ്ടാവില്ല എന്നുറപ്പിച്ചു പറയാന്‍ സാധിക്കും. അയാളൊരു വെറും കളിക്കാരന്‍ മാത്രമായിരുന്നില്ല. സ്‌റ്റെഡിയോ ഒളിമ്പിക്കയില്‍ ഒരു ബോള്‍ ബോയ് ആയി തുടങ്ങി പില്‍ക്കാലത്ത് അതെ സ്‌റ്റെഡിയത്തില്‍ തടിച്ചു കൂടിയ പതിനായിരങ്ങളുടെ ഹ്ര്യദയങ്ങളെ ത്രസിപ്പിച്ച സെവന്‍ത്ത് ജനറേഷന്‍ റോമന്‍. റോമിന് മൂന്നേ മൂന്നു രാജാക്കന്മാരെ ഇത് വരെ ഉണ്ടായിട്ടുള്ളൂ എന്ന് റൂഡി ഗാര്‍ഷ്യയുടെ വാക്കുകളാണ് ഓര്‍മ വരുന്നത്. പോപ്പും, ലിബനെസ് എന്ന മാഫിയ തലവനും പിന്നെ ഫ്രാന്‍സിസ്‌കോ ടോട്ടിയും. .He was one hell of a kind ..and a true Legend.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com