ഫിഫ മുന്‍ മേധാവിയും ലൈംഗികാരോപണ കുരുക്കില്‍; സെപ് ബ്ലാറ്റര്‍ക്കെതിരെ യുഎസ് വനിതാ താരം

2013ലെ ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് ചടങ്ങിനിടെ ബ്‌ളാറ്റര്‍ തന്നെ കയറിപ്പിടിച്ചെന്നാണ് സോളോയുടെ വെളിപ്പെടുത്തല്‍
ഫിഫ മുന്‍ മേധാവിയും ലൈംഗികാരോപണ കുരുക്കില്‍; സെപ് ബ്ലാറ്റര്‍ക്കെതിരെ യുഎസ് വനിതാ താരം

സൂറിച്ച് : ഫിഫ മുന്‍ തലവന്‍ സെപ് ബ്‌ളാറ്റര്‍ക്കെതിരെ ലൈംഗികാരോപണവുമായി വതിതാ ഫുട്‌ബോളര്‍. അമേരിക്കന്‍ വനിതാ ടീം ഗോള്‍കീപ്പര്‍ ഹോപ് സോളോയാണ് ബ്‌ളാറ്റര്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്. 2013ലെ ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് ചടങ്ങിനിടെ ബ്‌ളാറ്റര്‍ തന്നെ കയറിപ്പിടിച്ചെന്നാണ് സോളോയുടെ വെളിപ്പെടുത്തല്‍. 

പോര്‍ച്ചുഗല്‍ ദിനപത്രമായ എക്‌സ്പ്രസോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സോളോ ഇക്കാര്യം വെളിപ്പെടുത്തിയത്. 2013ലെ ബാലണ്‍ ഡി ഓര്‍ ചടങ്ങിന്റെ അവതാരകയായിരുന്നു സോളോ. സഹതാരം അബി വാംബിച്ചിന് പുരസ്‌കാരം നല്‍കാന്‍ സ്റ്റേജിലേക്ക് കയറുമ്പോഴാണ് ബ്ലാറ്ററില്‍ നിന്നും അപ്രതീക്ഷിത പെരുമാറ്റമുണ്ടായത്. ബ്ലാറ്റര്‍ ബോധപൂര്‍വം തന്റെ പിന്‍ഭാഗത്ത് പിടിച്ചതായി സോളോ വ്യക്തമാക്കി. 

ഭയം കാരണമാണ് ഇത്രയുംകാലം സംഭവം പുറത്തുപറയാതിരുന്നത്. അസ്വസ്ഥതയോടെയാണ് ഞാന്‍ ചടങ്ങ് മുഴുമിപ്പിച്ചത്. അതിനുശേഷം ബ്‌ളാറ്ററെ ഞാന്‍ കണ്ടിട്ടില്ല. ഇനിയെന്നെ തൊട്ടുപോകരുതെന്ന് അയാളോട് നേരിട്ടുപറയാനും കഴിഞ്ഞില്ല. അഭിമുഖത്തില്‍ സോളോ പറഞ്ഞു.

രണ്ടുതവണ ഒളിമ്പിക് ചാമ്പ്യനായിരുന്ന സോളോ അമേരിക്കയ്ക്കുവേണ്ടി 202 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. വനിതാ ലോകകപ്പും, രണ്ട് ഒളിംപിക്‌സ് കിരീടങ്ങളും നേടിയ അമേരിക്കന്‍ ടീം അംഗമായിരുന്നു മുപ്പത്താറുകാരിയായ സോളോ. അതേസമയം സോളോയുടെ ആരോപണം ബ്ലാറ്റര്‍ നിഷേധിച്ചു. ആരോപണം ശുദ്ധ അസംബന്ധമെന്നും, പരിഹാസ്യമെന്നുമായിരുന്നു ബ്ലാറ്ററുടെ പ്രതികരണം. 1998 മുതല്‍ 2015 വരെ ഫിഫ മേധാവിയായിരുന്ന, 81 കാരനായ സെപ് ബ്ലാറ്റര്‍ അഴിമതി ആരോപണങ്ങളെ തുടര്‍ന്നാണ് ഫിഫയില്‍ നിന്നും പുറത്തായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com