ചഹല്‍ കളിക്കുന്നത് കോഹ് ലിയെ ഹാപ്പിയാക്കാന്‍; കോഹ് ലി ഹാപ്പി ആയാല്‍ ടീം ജയിച്ചു

റണ്‍സ് കുറച്ച് വിട്ടുകൊടുക്കേണ്ടി വന്നാലും, മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്തിയാല്‍ കോഹ് ലി ഹാപ്പിയാവും
ചഹല്‍ കളിക്കുന്നത് കോഹ് ലിയെ ഹാപ്പിയാക്കാന്‍; കോഹ് ലി ഹാപ്പി ആയാല്‍ ടീം ജയിച്ചു

നായകന്‍ തന്നില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസമാണ് ഏതൊരു ലെഗ് സ്പിന്നറുടേയും വിജയത്തിന്‌ പിന്നിലുള്ള രഹസ്യം. നന്നായി കളിക്കാന്‍ സാധിക്കുന്നതിന്റെ ക്രഡിറ്റ് തന്നിലുള്ള കോഹ് ലിയുടെ അചഞ്ചലമായ വിശ്വാസമാണെന്ന് ചഹല്‍ തന്നെ വ്യക്തമാക്കുകയാണ് ഇപ്പോള്‍. കോഹ് ലി തന്നില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസമാണ് ഭയമില്ലാതെ ബൗള്‍ ചെയ്യാന്‍ തനിക്ക് പ്രചോദനമാകുന്നതെന്ന് ചഹല്‍ പറയുന്നു. 

ഓസ്‌ട്രേലിയയ്‌ക്കെതിരെ ആറ് വിക്കറ്റും, കീവീസിനെതിരെ നാല് വിക്കറ്റുമാണ് ചഹല്‍ നേടിയത്. വിക്കറ്റ് ലക്ഷ്യമിട്ട് ബൗള്‍ ചെയ്യാനാണ് കോഹ് ലി തന്നോട് നിര്‍ദേശിക്കുന്നത്. റണ്‍സ് കുറച്ച് വിട്ടുകൊടുക്കേണ്ടി വന്നാലും, മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്തിയാല്‍ കോഹ് ലി ഹാപ്പിയാവും. 

ട്വിന്റി20യില്‍ നാല് ഓവറില്‍ 35 റണ്‍സ് വഴങ്ങിയാലും രണ്ടോ മൂന്നോ വിക്കറ്റ് വീഴ്ത്തണം എന്നാണ് കോഹ് ലി തന്നോട് ആവശ്യപ്പെട്ടത്, അതില്‍ അദ്ദേഹം സംതൃപ്തനാണെന്നും ചഹല്‍ പറയുന്നു. എന്നാല്‍ തിരുവനന്തപുരത്തെ ട്വിന്റി20യില്‍ തന്റെ രണ്ടാമത്തെ ഓവറില്‍ വിക്കറ്റ് ലക്ഷ്യമിട്ട് അറ്റാക്ക് ചെയ്യുക എന്ന തന്ത്രമായിരുന്നില്ല തങ്ങള്‍ സ്വീകരിച്ചതെന്നും ചഹല്‍ പറയുന്നു. 

അവിടെ ആക്രമിച്ചു കളിക്കാന്‍ മുതിര്‍ന്നിരുന്നു എങ്കില്‍ ഒന്നുകില്‍ തനിക്ക് വിക്കറ്റ് കിട്ടും അല്ലെങ്കില്‍ ബോള്‍ ബൗണ്ടറി ലൈനിന് മുകളിലൂടെ പറക്കും എന്ന അവസ്ഥയായിരുന്നു. അതുകൊണ്ട് രണ്‍സ് വിട്ടുകൊടുക്കാതെ നിയന്ത്രിച്ചു കളിക്കുക എന്ന തന്ത്രമാണ് സ്വീകരിച്ചത്. 

കാണ്‍പൂര്‍ ഏകദിനത്തില്‍ റോസ് ടെയ്‌ലറും, കോളിന്‍ മുണ്‍റോയും ഇന്ത്യന്‍ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കിയപ്പോള്‍ ചഹലായിരിന്നു മത്സരത്തില്‍ പിടിമുറുക്കാന്‍ ഇന്ത്യയെ സഹായിച്ചത്. 47 റണ്‍സ് വിട്ടുകൊടുത്ത് ചഹല്‍ കാണ്‍പൂരില്‍ രണ്ട് വിക്കറ്റ് പിഴുതിരുന്നു. 

മിഡില്‍ സ്റ്റമ്പ് ലക്ഷ്യം വെച്ച് ആക്രമിക്കാനാണ് പരിശീലകന്‍ തങ്ങളെ സഹായിക്കുന്നത്. സാഹചര്യങ്ങളെ വിദഗ്ധമായി മനസിലാക്കി എങ്ങിനെ പ്ലാന്‍ ചെയ്യണമെന്ന് ധോനി പറഞ്ഞു തരികയും ചെയ്യും. മഞ്ഞിന്റെ ഈര്‍പ്പം ബോളിലേക്കെത്തുമ്പോള്‍ അത് സൃഷ്ടിക്കുന്ന പ്രതികൂല കാലാവസ്ഥയെ എങ്ങിനെ മറികടക്കാം എന്നതാണ് ചഹലിനെ ടീമിന്റെ അവിഭാജ്യ ഘടകമാക്കാന്‍ കോഹ് ലിയെ പ്രേരിപ്പിക്കുന്നത്. 

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഗുവാഹട്ടി ട്വിന്റി20യില്‍ കുല്‍ദീപും, അക്‌സര്‍ പട്ടേലും മഞ്ഞില്‍ കുടുങ്ങിയപ്പോള്‍ അതിനെ അതിജീവിക്കാന്‍ ചഹലിനായിരുന്നു. മാനസീക കരുത്താണ് തനിക്ക് ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കരുത്ത് നല്‍കുന്നതെന്നും ചഹല്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com