'സെലക്ഷന്‍ കിട്ടാതിരുന്നപ്പോള്‍ ആത്മഹത്യയെകുറിച്ചുപോലും ചിന്തിച്ചിരുന്നു', കുല്‍ദീപ് യാദവ് 

വിജയകഥകള്‍ പറയുന്നതിന് മുമ്പ് തനിക്ക് പരാജയങ്ങളുടെ ഒരു കാലവും ഉണ്ടായിരുന്നെന്ന് കുല്‍ദീപ്
'സെലക്ഷന്‍ കിട്ടാതിരുന്നപ്പോള്‍ ആത്മഹത്യയെകുറിച്ചുപോലും ചിന്തിച്ചിരുന്നു', കുല്‍ദീപ് യാദവ് 

ഏകദിനത്തില്‍ ഹാട്രിക് സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബൗളര്‍ എന്ന ബഹുമതി ഉള്‍പ്പെടെ കരിയറിന്റെ തുടക്കത്തില്‍ തന്നെ വിജയനിമിഷങ്ങള്‍ ആസ്വദിച്ച താരമാണ് കുല്‍ദീപ് യാദവ്. ഈ വര്‍ഷം മാര്‍ച്ചില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ഉത്തര്‍പ്രദേശുകാരനായ കുല്‍ദീപ് അശ്വിനെയും ജഡേജയെയും പോലെയുള്ള പരിചയസമ്പന്നരായ കളിക്കാര്‍ ടീമില്‍ ഇടം കണ്ടെത്താന്‍ പാടുപെടുമ്പോഴാണ് ടീമിലെ സ്ഥിരം സാനിധ്യമായി മാറിയിരിക്കുന്നതെന്നത് താരത്തിന്റെ കഴിവ് അടിവരയിടുന്നതാണ്. 

എന്നാല്‍ ഇത്തരം വിജയകഥകള്‍ പറയുന്നതിന് മുമ്പ് തനിക്ക് പരാജയങ്ങളുടെ ഒരു കാലവും ഉണ്ടായിരുന്നെന്ന് കുല്‍ദീപ് പറയുന്നു. ഉത്തര്‍പ്രദേശിന്റെ അണ്ടര്‍ 15 ടീമില്‍ നിന്ന് സെലക്ടര്‍മാര്‍ ഒഴിവാക്കിയപ്പോഴായിരുന്നു കൂല്‍ദീപ് ഏറ്റവുമധികം വിഷമിച്ചത്. ' സെലക്ഷന്‍ ലഭിക്കാനായി ഞാന്‍ വളരെയധികം കഠിനാധ്വാനം ചെയ്തിരുന്നു. പക്ഷെ എന്നിട്ടും എന്നെ തിരഞ്ഞെടുക്കാതിരുന്നപ്പോള്‍ എനിക്ക് ഒരുപാട് നിരാശ തോന്നി. ആ നിരാശയുടെ പുറത്ത് ആത്മഹത്യയെകുറിച്ചുപോലും ഞാന്‍ ചിന്തിച്ചിരുന്നു. അത്തരം ഒരു സന്ദര്‍ഭത്തില്‍ ആരും ചിന്തിച്ചുപോകുന്നതാണ് അങ്ങനെയൊക്കെ', കുല്‍ദീപ് പറയുന്നു. 

ക്രിക്കറ്റ് ഗൗരവമായെടുക്കാന്‍ തനിക്ക് പ്രചോദനം നല്‍കിയത് അച്ഛനാണെന്നും സ്‌കൂള്‍ കാലഘട്ടത്തില്‍ വിനോദത്തിനായി മാത്രം ക്രിക്കറ്റ് കൂടെകൂട്ടിയ താന്‍ ക്രിക്കറ്റില്‍ തിളങ്ങണമെന്ന് ആഗ്രഹിച്ചതും കോച്ചിംഗിനായി അയച്ചതും അച്ഛനായിരുന്നെന്ന് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com