ഇനി കാല്‍പ്പന്തുകളിയുടെ ആരവത്തിലേക്ക് ; ഐഎസ്എല്ലിന് ഇന്ന് കിക്കോഫ്,  പ്രതീക്ഷയോടെ ബ്ലാസ്‌റ്റേഴ്‌സ്

ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത, കേരള ബ്ലാസ്‌റ്റേഴ്‌സിനെ നേരിടും. രാത്രി എട്ടിനാണ് കിക്കോഫ്
ഇനി കാല്‍പ്പന്തുകളിയുടെ ആരവത്തിലേക്ക് ; ഐഎസ്എല്ലിന് ഇന്ന് കിക്കോഫ്,  പ്രതീക്ഷയോടെ ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണ് ഇന്ന് കൊച്ചിയില്‍ കിക്കോഫ്. കൊച്ചി ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ വര്‍ണാഭമായ കലാപരിപാടികളോടെ ആയിരിക്കും ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. സല്‍മാന്‍ ഖാന്‍, കത്രീന കൈഫ് തുടങ്ങിയ  ബോളിവുഡ് സൂപ്പര്‍ താരങ്ങളടക്കമുള്ള കലാകാരന്മാര്‍ നൃത്തച്ചുവടുകളുമായി ഉദ്ഘാടന ചടങ്ങുകള്‍ അവിസ്മരണീയമാക്കും. കേരള ബ്ലാസ്‌റ്റേഴ്‌സ് ഉടമ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ചെന്നൈ ടീം ഉടമ അഭിഷേക് ബച്ചന്‍ എന്നിവരും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും. ഇന്നു നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത, കേരള ബ്ലാസ്‌റ്റേഴ്‌സിനെ നേരിടും. രാത്രി എട്ടിനാണ് കിക്കോഫ്.

കഴിഞ്ഞ വര്‍ഷത്തെ ഫൈനലിന്റെ തനിയാവര്‍ത്തനത്തോടെയാണ് ഇത്തവണ ഐഎസ്എല്ലിന് തുടക്കമാകുന്നത്. കഴിഞ്ഞ തവണത്തെ റണ്ണേഴ്‌സ് അപ്പായ കേരളത്തിന്റെ മഞ്ഞക്കൊമ്പന്മാര്‍ക്ക്, കഴിഞ്ഞ സീസണിലെ ഫൈനലിലെ തോല്‍വിയ്ക്ക് മധുരപ്രതികാരം വീട്ടാനുള്ള അവസരം കൂടിയാണ്. കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ നടന്ന ഫൈനലില്‍ ഷൂട്ടൗട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചായിരുന്നു കൊല്‍ക്കത്ത കിരീടം ചൂടിയത്. അത്‌ലറിറ്റികോയുമായുള്ള സഹകരണം അവസാനി്പപിച്ച് അമര്‍ തൊമര്‍ കൊല്‍ക്കത്തയെന്ന പേരിലാണ് ചാമ്പ്യന്മാര്‍ ഇറങ്ങുന്നത്. 

പ്രതിരോധത്തിലെ നെടുങ്കോട്ടയായ സന്ദേശ് ജിംഗനാണ് ഇത്തവണ മഞ്ഞപ്പടയുടെ നായകന്‍. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. മഞ്ഞയാണ് നമ്മുടെ അടയാളം, ആരാധകരാണ് നമ്മുടെ ശബ്ദം, ജിംഗനാണ് നമ്മുടെ നായകന്‍ എന്ന കുറിപ്പോടെ ജിംഗന്റെ ചിത്രം സഹിതമാണ് ബ്ലാസ്‌റ്റേഴ്‌സ് ട്വീറ്റ് ചെയ്തിട്ടുള്ളത്. ഐഎസ്എല്‍ ഒന്നാം സീസണ്‍ മുതല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ വന്‍മതിലാണ് ജിംഗന്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്‍ താരങ്ങളായ മാര്‍ക്വീ താരം ദിമിതര്‍ ബെര്‍ബറ്റോവ്, വെസ് ബ്രൗണ്‍, കറേജ് പെകൂസണ്‍, കൊല്‍ക്കത്തയില്‍ നിന്നും തിരിച്ചെത്തുന്ന ഇയാന്‍ ഹ്യൂം, അരാത്ത ഇസൂമി, ജാക്കി ചന്ദ് സിംഗ്, മലയാളി താരങ്ങളായ സി കെ വിനീത്, റിനോ ആന്റോ, കെ പ്രശാന്ത്, അജിത് ശിവന്‍ എന്നിവരെല്ലാം ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷകള്‍ക്ക് നിറം പകരുന്നു. മാഞ്ചസ്റ്റര്‍ മുന്‍ സഹപരിശീലകന്‍ കൂടിയായ റെനെ മ്യൂലന്‍സ്റ്റീനാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകന്‍. 

സ്റ്റാര്‍ സ്‌ട്രൈക്കര്‍ റോബി കീന് പരിക്കേറ്റതാണ് എടികെയ്ക്ക് തിരിച്ചടിയായത്. കീന് പുറമെ, കാള്‍ ബേക്കര്‍, ജയേഷ് റാണെ എന്നിവര്‍ക്കും പരിക്കുണ്ട്. എങ്കിലും ടീം പോരിന് സജ്ജമാണെന്ന് എടികെ കോച്ച് ടെഡി ഷെറിങ്ഹാം പറഞ്ഞു. മുന്നേറ്റത്തില്‍ ഇന്ത്യന്‍താരം റോബിന്‍സിങ് ആയിരിക്കും ഷെറിങ്ഹാമിന്റെ പ്രധാന ആയുധം. യൂജിന്‍സണ്‍ ലിങ്‌ദോ നയിക്കുന്ന മധ്യനിരയില്‍ തോമസ് തോര്‍പ്, കാള്‍ ബേക്കര്‍ എന്നീ വിദേശതാരങ്ങളുമുണ്ട്.

നേരത്തെ കൊല്‍ക്കത്തയാണ് ഉദ്ഘാടന വേദിയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഫൈനല്‍ മത്സരം കൊല്‍ക്കത്തയ്ക്ക് ലഭിച്ചപ്പോള്‍ പകരം കൊച്ചി ഉദ്ഘാടനവേദിയായി മാറുകയായിരുന്നു. ഐഎസ്എല്ലിനോട് അനുബന്ധിച്ച് കാണികളുടെ സൗകര്യാര്‍ത്ഥം മെട്രോ സര്‍വീസ് സമയം ദീര്‍ഘിപ്പിച്ചിട്ടുണ്ട്. മല്‍സരമുള്ള ദിവസം രാത്രി 11.15 വരെയാണ് സര്‍വീസ്. ഡിസംബര്‍ 31 ഒഴികെ കളിയുള്ള എല്ലാ ദിവസവും സര്‍വീസ് 11.15 വരെയായിരിക്കും. തിരക്ക് ഒഴിവാക്കാന്‍ കാണികള്‍ക്ക് റിട്ടേണ്‍ ടിക്കറ്റ് കൂടി എടുക്കാന്‍ സൗകര്യം ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com