ആരാധകരുടെ ഈ സ്‌നേഹപ്രകടനങ്ങള്‍ വിസ്മയിപ്പിക്കുന്നു ; മിതാലി രാജ്

ഇന്ത്യയിലേക്ക് മടങ്ങിവരുമ്പോള്‍ കുറച്ചുപേരൊക്കെ ഞങ്ങളെ സ്വീകരിക്കാനായി എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആയിരക്കണക്കിന് ആളുകളും ക്യാമറാ ഫഌഷുകളും ആഘോഷങ്ങളുമൊക്കെ കണ്ടപ്പോള്‍ അതിശയിച്ചുപോയി
ആരാധകരുടെ ഈ സ്‌നേഹപ്രകടനങ്ങള്‍ വിസ്മയിപ്പിക്കുന്നു ; മിതാലി രാജ്

ഇന്ത്യയില്‍ വനിതാക്രിക്കറ്റിന് ലഭിക്കുന്ന പ്രചാരം ഈ അടുത്ത കാലങ്ങളില്‍ വളരെയധകമായി വര്‍ദ്ധിച്ചിട്ടുണ്ട്. പുരുഷതാരങ്ങളേപ്പോലെതന്നെ വനിതാതാരങ്ങളും ആരാധകരാല്‍ തിരിച്ചറിയപ്പെടുന്നു. അവരുടെ ഓട്ടോഗ്രാഫ് സ്വന്തമാക്കാനും ഒപ്പം നിന്ന് സെല്‍ഫിയെടുക്കാനും ഇന്ന് ആരാധകര്‍ തിരക്കുകൂട്ടുന്നു. ആരാധകരുടെ ഇത്തരത്തിലുള്ള സ്‌നേഹപ്രകടനങ്ങളില്‍ വിസമയിച്ചിരിക്കുകയാണ് ഇന്ത്യയുടെ വനിതാ ടീം ക്യാപ്റ്റന്‍ മിതാലി രാജ്. 

'ഇന്ത്യയിലേക്ക് മടങ്ങിവരുമ്പോള്‍ കുറച്ചുപേരൊക്കെ ഞങ്ങളെ സ്വീകരിക്കാനായി എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആയിരക്കണക്കിന് ആളുകളും ക്യാമറാ ഫഌഷുകളും ആഘോഷങ്ങളുമൊക്കെ കണ്ടപ്പോള്‍ ഞാന്‍ അതിശയിച്ചുപോയി. എയര്‍പോര്‍ട്ടില്‍ എത്തിയ ഞങ്ങള്‍ ടീം ബസ്സിലേക്കെത്താന്‍ 45മിനിറ്റോളമെടുത്തു', മിതാലി ആരാധകരെകണ്ട തന്റെ സന്തോഷം മറച്ചുവയ്ക്കുന്നില്ല. 

ഇത് വളരെ മികച്ച ഒരു പരിവര്‍ത്തനമാണ്. ജീവിതം ഇന്ന് ഒരുപാട് മാറിയിരിക്കുന്നു. എല്ലാ പ്രായവിഭാഗത്തിലെയും ആളുകള്‍ വനിതാ ക്രിക്കറ്റ് താരങ്ങളെ തിരിച്ചറിയാനും ഇന്ത്യയിലെ പുരുഷ താരങ്ങളെ പോലെതന്നെ ഞങ്ങളെയും ബഹുമാനിക്കാനും തുടങ്ങിയിരിക്കുന്നു - മിതാലി പറഞ്ഞു.

വനിതാ ക്രിക്കറ്റിന് ഇപ്പോള്‍ ലഭിക്കുന്ന ഈ പിന്തുണ നിലനിര്‍ത്താന്‍ കഴിയണമെങ്കില്‍ സ്‌കൂളധികാരികളും മാതാപിതാക്കളും മുന്നോട്ടുവരണമെന്നും മിതാലി അഭിപ്രായപ്പെട്ടു. സ്‌കൂള്‍തലം മുതല്‍ പെണ്‍കുട്ടികള്‍ക്ക് ക്രിക്കറ്റ് പരിശീലനം ലഭിക്കണമെന്നത് ആവശ്യമാണ്. അതുപോലെതന്നെ പെണ്‍കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ മാതാപിതാക്കളും തയ്യാറാകണം - മിതാലി കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com