കോഹ് ലിക്കും മുന്നേ, കവര്‍ ഡ്രൈവുകളുമായി കളം നിറഞ്ഞിരുന്ന രാജാക്കന്മാര്‍

കണ്ണുകളുടേയും കൈകളുടേയും നീക്കങ്ങള്‍ നൂഴിലപോലും തെറ്റാതെ ഒരേപോലെ നീങ്ങുകയും ചെയ്യുമ്പോള്‍ പിറക്കുന്ന കവര്‍ ഡ്രൈവുകള്‍ ഏതൊരു ക്രിക്കറ്റ് പ്രേമിയിലും കുളിര് കോരിക്കും
കോഹ് ലിക്കും മുന്നേ, കവര്‍ ഡ്രൈവുകളുമായി കളം നിറഞ്ഞിരുന്ന രാജാക്കന്മാര്‍

ട്വിന്റി20യുടെ കടന്നു വരവോടെ ഏറ്റവും മനോഹാരിതയില്‍ ബാറ്റ്‌സ്മാനില്‍ നിന്നും ജനിക്കുന്ന ക്രിക്കറ്റ് ഷോട്ടുകള്‍ തരുന്ന അനുഭൂതി ഇല്ലാതായെന്ന് വാദിക്കുന്നവരാണ് ക്രിക്കറ്റ് പ്രേമികളില്‍ കൂടുതലും. കാലുകളുടെ കൃത്യതയാര്‍ന്ന് നീക്കവും, കണ്ണുകളുടേയും കൈകളുടേയും നീക്കങ്ങള്‍ നൂഴിലപോലും തെറ്റാതെ ഒരേപോലെ വരികയും ചെയ്യുമ്പോള്‍ പിറക്കുന്ന കവര്‍ ഡ്രൈവുകള്‍ ഏതൊരു ക്രിക്കറ്റ് പ്രേമിയിലും കുളിര് കോരിക്കും. 

ക്ലാസും, സ്‌റ്റൈലും ഒരേപോലെ നിറയുന്ന പെര്‍ഫക്ട് കവര്‍ ഡ്രൈവുകള്‍ കളിക്കുന്നതില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയാണ് യുവ താരങ്ങളില്‍ മുന്നിലെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ പക്ഷം. എന്നാല്‍ കവര്‍ ഡ്രൈവുകളിലൂടെ വിസ്മയം തീര്‍ത്ത മുന്‍പേ പോയ താരങ്ങളെ  അത്ര പെട്ടെന്ന് ക്രിക്കറ്റ് ലോകത്തിന് മറക്കാനാകില്ല. 

ഡാമിയന്‍ മാര്‍ട്ട്യന്‍

പ്രതികൂല സാഹചര്യങ്ങളില്‍ ഓസ്‌ട്രേലിയയുടെ രക്ഷകനായിരുന്ന താരമായിരുന്നു ഡാമിയെന്‍ മാര്‍ട്യന്‍. ബാറ്റിങ് ടെക്‌നിക്കുകള്‍ അതിന്റെ മനോഹാരിതയില്‍ പിച്ചില്‍ നിന്നും പായിക്കുന്നതില്‍ താരത്തിനുള്ള കഴിവ് ക്രിക്കറ്റ് ലോകം മുഴുവന്‍ അംഗീകരിച്ചതായിരുന്നു. 

2003ലെ ലോക കപ്പ് ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ റിക്കി പോണിങ്ങും ഒരുമിച്ച് തീര്‍ത്ത പാട്‌നര്‍ഷിപ്പ് മാര്‍ട്യന്റെ കരിയറിലെ നിര്‍ണായകമായ ഒന്നായിരുന്നു. 2007ല്‍ വിരമിക്കുന്നത് വരെ ഓസ്‌ട്രേലിയയുടെ മധ്യനിരയിലെ നിര്‍ണായക ശക്തിയായിരുന്നു അദ്ദേഹം. 

രാഹുല്‍ ദ്രാവിഡ്

ഇന്ത്യയുടെ വന്മതിലായിരുന്ന ദ്രാവിഡ് ടെക്സ്റ്റ് ബുക്ക് ക്രിക്കറ്റ് ഷോട്ടുകളുതിര്‍ത്തായിരുന്നു ഇന്ത്യയെ പല നിര്‍ണായക ഘട്ടങ്ങളിലും മുന്നോട്ടു കൊണ്ടുപോയിരുന്നത്. സ്‌ക്വയര്‍ കട്ട ഷോട്ടുകളായിരുന്നു ദ്രാവിഡിന്റെ ഏറ്റവും ഇഷ്ടപ്പെട്ടവയെങ്കിലും, കവര്‍ ഡ്രൈവ് കളിക്കുന്നതില്‍ ഏറ്റവും മികച്ച ലോകോത്തര താരങ്ങളുടെ പട്ടികയില്‍ ദ്രാവിഡും ഇടംപിടിക്കുന്നു. 

വേഗത്തില്‍ പന്തിനെ വിലയിരുത്താനും, അതിനനുസരിച്ച് കാലിന്റെ മൂവ്‌മെന്റില്‍ മാറ്റം വരുത്താനും സാധിക്കുന്നതായിരുന്നു ദ്രാവിഡന്റെ സവിശേഷതകളില്‍ ഒന്ന്. ഇടതുകാല്‍ മുന്നോട്ട് വെച്ച് ബോള്‍ കവറിലേക്ക് പായിക്കുന്ന ദ്രാവിഡിന്റെ ഷോട്ട് ആരാധകരുടെ മനസില്‍ എന്നുമുണ്ടാകും. 

ബ്രയന്‍ ലാറ

ക്രീസില്‍ മറ്റൊരു ക്രിക്കറ്റ് താരത്തിനും അവകാശപ്പെടാനാവാത്ത കളികളുമായിട്ടായിരുന്നു ലാറ അരങ്ങുവാണിരുന്നത്. താരതമ്യം ചെയ്യാന്‍ ആവാത്ത ലേറ്റ് കട്ട് ഷോട്ടുകളായിരുന്നു ലാറയുടെ ഫേവറിറ്റ് എങ്കിലും പെര്‍ഫെക്ട് ടൈമിലെ കവര്‍ ഡ്രൈവുകള്‍ അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. 

കുമാര്‍ സംഗക്കാര

ഫ്രണ്ട് ഫൂട്ടില്‍ നിന്നും കവര്‍ ഡ്രൈവുകള്‍ ഉതിര്‍ക്കുന്നതില്‍ ഒന്നാമനായിരുന്നു ഇടംകയ്യനായ കുമാര്‍ സംഗക്കാര. ലോകോത്തര ബൗളര്‍മാര്‍ക്കെതിരെ ഓര്‍ത്തഡോക്‌സ് ഷോട്ടുകള്‍ വളരെ എളുപ്പം കളിക്കാന്‍ സാധിക്കുമായിരുന്ന സംഗക്കാരയുടെ കവര്‍ ഡ്രൈവുകള്‍ മികവുറ്റതായിരുന്നു. 

ജാക് കാലിസ്

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍ റൗണ്ടറായിരുന്നു ജാക് കാലിസ്. ബാറ്റിങ് ടെക്‌നിക്കുകളില്‍  അഗ്രകണ്യനായിരുന്നു കാലിസിന്റെ ഓഫ് സൈഡിലൂടെയുള്ള  ഡ്രൈവുകള്‍ മനോഹരമായിരുന്നു. 

കൃത്യതയാര്‍ന്ന കാല്‍ ചലനങ്ങളും, കുത്തിത്തിരിഞ്ഞെത്തുന്ന ബോള്‍ ലെങ്ത്ത് കൃത്യമായി വിലയിരുത്താന്‍ സാധിക്കുന്നതുമായിരുന്നു കാലിസിന്റെ കവര്‍ ഡ്രൈവുകള്‍ മനോഹരമാക്കിയിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com