ക്യാപ്റ്റന്‍സിയിലും കോഹ് ലി മിന്നി; ആവേശം വിതറി കൊല്‍ക്കത്ത ടെസ്റ്റ് സമനിലയില്‍

മഴമൂലം വിരസമായ കളിയില്‍ നായകത്വവും ഒരുപോലെ വഴങ്ങുമെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച് അപ്രതീക്ഷിതമായ സമയത്ത് കോഹ് ലി ഡിക്ലറേഷന്‍ പ്രഖ്യാപിച്ചത് അവസാനദിനം ആവേശത്തിലാക്കി.
ക്യാപ്റ്റന്‍സിയിലും കോഹ് ലി മിന്നി; ആവേശം വിതറി കൊല്‍ക്കത്ത ടെസ്റ്റ് സമനിലയില്‍

കൊല്‍ക്കത്ത: വിരാട് കോഹ് ലിയുടെ മിന്നുന്ന പ്രകടനത്തിന് സാക്ഷിയായ ശ്രീലങ്കയ്ക്ക് എതിരായുളള ആദ്യ ടെസ്റ്റ് സമനിലയില്‍. മഴമൂലം വിരസമായ കളിയില്‍ നായകത്വവും ഒരുപോലെ വഴങ്ങുമെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച് അപ്രതീക്ഷിതമായ സമയത്ത് കോഹ് ലി ഡിക്ലറേഷന്‍ പ്രഖ്യാപിച്ചത് അവസാനദിനം ആവേശത്തിലാക്കി.  സ്‌കോര്‍ ഇന്ത്യ: 172 & 352/8. ശ്രീലങ്ക: 294 & 75/7. അഞ്ചാം ദിനം ഉച്ചഭക്ഷണം കഴിഞ്ഞ് ആദ്യ സെഷനില്‍തന്നെ എട്ടിനു 352 റണ്‍സെന്ന നിലയില്‍ കളിയവസാനിപ്പിച്ച ഇന്ത്യ, ശ്രീലങ്കയ്ക്കു വച്ചുനീട്ടിയത് 231 റണ്‍സിന്റെ വിജയലക്ഷ്യമാണ്. 119 പന്തില്‍ 12 ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെടെ 104 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 

ചെറുതല്ലാത്ത വിജയലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്ക 26.3 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സ് എന്ന നിലയില്‍ തോല്‍വിയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.  11 ഓവറില്‍ എട്ട് റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറാണ് ലങ്കന്‍ ഇന്നിങ്‌സില്‍ നാശം വിതച്ചത്. ഭുവനേശ്വറിന്റെ എട്ട് ഓവറുകള്‍ മെയ്ഡനുകളുമായിരുന്നു. മുഹമ്മദ് ഷാമി രണ്ടും ഉമേഷ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.

ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ്ങിലും ബോളിങ്ങിലും വരിഞ്ഞുമുറുക്കിയ ലങ്കയ്ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുകയായിരുന്നു ഇന്ത്യ. ഓപ്പണര്‍മാരായ കെ.എല്‍. രാഹുല്‍ (79), ശിഖര്‍ ധവാന്‍ (94), ചേതേശ്വര്‍ പൂജാര (22), എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. രഹാനെ റണ്ണൊന്നുമെടുക്കാതെയും ജഡേജ ഒന്‍പതു റണ്‍സുമെടുത്തും പുറത്തായി.

നാലാം ദിനം പേസര്‍മാരുടെ കരുത്തില്‍ ശ്രീലങ്കയെ 294 റണ്‍സിനു പുറത്താക്കിയശേഷം രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com