വിശപ്പിന്റെ ചൂടില്‍ നിന്ന് ഇടിക്കൂട്ടിലേക്ക്; ബോക്‌സിംഗ് റിംഗില്‍ തീ പാറിക്കുകയാണ് ഈ മിസോറാംകാരി

ഒറ്റപ്പെടലിന്റെ വേദനയില്‍ നിന്ന് അവളെ കരകയറ്റിയത് അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് വന്ന ബോക്‌സിംഗായിരുന്നു
വിശപ്പിന്റെ ചൂടില്‍ നിന്ന് ഇടിക്കൂട്ടിലേക്ക്; ബോക്‌സിംഗ് റിംഗില്‍ തീ പാറിക്കുകയാണ് ഈ മിസോറാംകാരി

നാല് വര്‍ഷം മുന്‍പ് വന്‍ലാല്‍ഹൃയാത്പുയുടെ സ്വപ്‌നത്തില്‍ ഒരിക്കല്‍ പോലും ബോക്‌സിംഗ് ഉണ്ടായിരുന്നില്ല. മാതാപിതാക്കളുടെ വിവാഹമോചനത്തോടെ തകര്‍ന്നുപോയ കുടുംബത്തേക്കുറിച്ചുള്ള വേദനയിലായിരുന്നു ഇവള്‍. ഒറ്റപ്പെടലിന്റെ വേദനയില്‍ നിന്ന് അവളെ കരകയറ്റിയത് അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് വന്ന ബോക്‌സിംഗായിരുന്നു. ഇന്ന് ബോക്‌സിംഗ് റിംഗില്‍ തീ പാറിക്കുകയാണ് മിസോറാമില്‍ നിന്നുള്ള 18 കാരി. 

2013 വരെ ഒരു ഇടിക്കാരിയായിരുന്നില്ല വന്‍ലാല്‍ഹൃയാത്പുയ് എന്ന പുയ്. ആളിക്കത്തിയ വിശപ്പാണ് അവളെ മികച്ച ബോക്‌സറാക്കിയത്. ബോക്‌സര്‍മാരില്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രമുള്ള ഒരു പ്രത്യേകതയാണ് പുയിനെ വ്യത്യസ്തയാക്കുന്നത്- സ്വിച്ച് ഹിറ്റര്‍. ഏത് രീതിയില്‍ നിന്നാലും ഇവള്‍ക്ക് ഇരു കൈകള്‍കൊണ്ടും മാറിമാറി ഇടിക്കാനാവും. പുയുടെ നില്‍പ്പുകൊണ്ടാല്‍ ഇടത് കൈയില്‍ നിന്ന് ഇടിവരുമെന്ന് പ്രതിയോഗികള്‍ ചിന്തിക്കുമെങ്കിലും അവള്‍ വലതു കൈ കൊണ്ടായിരിക്കും ആക്രമിക്കുന്നത്. ഇത്തരത്തില്‍ പ്രതിയോഗികളെ കുഴപ്പിക്കാനുള്ള തന്ത്രങ്ങള്‍ പുയുടെ കൈയിലുണ്ട്. 

പ്രമുഖ ബോക്‌സര്‍മാര്‍ക്കു പേലും സ്വിച്ച് ഹിറ്ററാവാന്‍ കുറച്ച് അധികം ബുദ്ധിമുട്ടേണ്ടതുണ്ട്. എന്നാല്‍ പുയ് ഈ കഴിവ് ജന്മസിദ്ധമായി നേടിയെടുത്തതാണ്. ഇത് ഇവളെ വളരെ അധികം മുന്നോട്ടു നയിക്കുമെന്നാണ് പ്രധാന പരിശീലകനായ ഭാസ്‌കര്‍ ബട്ട് പറയുന്നത്. എഐബിഎ വിമണ്‍സ് യൂത്ത് വേള്‍ഡ് ചാമ്പ്യന്‍ഷിപ് 2017 ല്‍ 60 കിലോഗ്രാമിന്റെ പ്രാഥമിക റൗണ്ട് പുയ് മറികടന്നെങ്കിലും പിന്നീടുള്ള കളിയില്‍ അവള്‍ പരാജയപ്പെട്ടു. ഇടത് തോളിനേറ്റ പരിക്കാണ് പുയുടെ പരാജയത്തിന് കാരണമായി പരിശീലകര്‍ പറയുന്നത്. 

2015 ല്‍ സ്‌കൂള്‍ ഗെയിം ചാമ്പ്യന്‍ ആയിരുന്നു വന്‍ലാല്‍ഹൃയാത്പുയ്. ഈ വര്‍ഷം ആദ്യം നടന്ന നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണ മേഡലാണ് ഇവളെ രാജ്യത്തിന്റെ പ്രതീക്ഷയാക്കിയത്.

അച്ഛനും അമ്മയും വിവാഹമോചിതരായതോടെ പുയ് ഈ ലോകത്ത് തീര്‍ത്തും ഒറ്റപ്പെടുകയായിരുന്നു. ചംഫായ് നഗരത്തില്‍ ഡ്രൈവറായ അച്ഛന്‍ മറ്റൊരു വിവാഹം കഴിച്ചു. അഞ്ച് വയസുകാരനായ ഇളയ സഹോദരന്‍ അച്ഛനൊപ്പമാണ് താമസിക്കുന്നത്. വിവാഹം ബന്ധം വേര്‍പെടുത്തിയതോടെ ഇവരുടെ അമ്മ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോയി. മൂത്ത സഹോദരിയുടെ വിവാഹം കഴിഞ്ഞു. മറ്റൊരു സഹോദരന്‍ ആന്റിയുടെ കൂടെയാണ് താമസിക്കുന്നത്. അച്ഛനും അമ്മയും ഇരുവഴിക്ക് പിരിഞ്ഞതോടെ തീര്‍ത്തും ഒറ്റപ്പെട്ടിരിക്കുകയായിരുന്നും വന്‍ലാല്‍ഹൃയാത്പുയ്. 

2013 ല്‍ പ്രാദേശിക തലത്തില്‍ നടത്തിയ ബോക്‌സിംഗ് ട്രയലാണ് ഇവളുടെ ജീവിതം മാറ്റി മറിച്ചത്. അന്നു മുതല്‍ സ്‌പോര്‍ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) ഹോസ്റ്റലിലാണ് താമസം. അയ്‌സാവാലിലുള്ള സായ് ഹോസ്റ്റലാണ് ഇപ്പോള്‍ പുയുടെ കുടുംബം. ബോക്‌സിംഗില്‍ എത്തിയതില്‍ എല്ലാ രീതിയിലും ഇവള്‍ സന്തുഷ്ടയാണ്. കുടുംബം നഷ്ടപ്പെട്ടതോടെ ജീവിതം കഠിനമായിരിക്കുമെന്നാണ് ഇവള്‍ വിചാരിച്ചിരുന്നത്. എന്നാല്‍ താന്‍ ചിന്തിച്ച അത്ര ബുദ്ധിമുട്ട് ജീവിതത്തില്‍ ഇല്ലെന്നാണ് പുയ് പറയുന്നത്. കിടക്കാന്‍ ഒരു മുറിയും കഴിക്കാന്‍ ഭക്ഷണവും ഇവിടെനിന്ന് കിട്ടും എന്ന ഉറപ്പ് ഇവള്‍ക്ക് നല്‍കുന്ന സുരക്ഷിതത്വം വളരെ വലുതാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com