ഇന്ത്യന്‍ ടീമില്‍ 'കണ്ണുവെച്ച്' സഞ്ജു ; ഹരിയാനക്കെതിരെ കീപ്പറായേക്കും 

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന ട്വന്റി മല്‍സരങ്ങള്‍ക്കുള്ള ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്
ഇന്ത്യന്‍ ടീമില്‍ 'കണ്ണുവെച്ച്' സഞ്ജു ; ഹരിയാനക്കെതിരെ കീപ്പറായേക്കും 

തിരുവനന്തപുരം : എന്തുകൊണ്ട് സഞ്ജു സാംസണെ വിക്കറ്റ് കീപ്പറുടെ ചുമതല ഏല്‍പ്പിക്കുന്നില്ലെന്ന ദേശീയ സെലക്ടര്‍മാരുടെ ചോദ്യം കേരള ക്രിക്കറ്റ് ടീം മാനേജ്‌മെന്റ് ഗൗരവമായെടുക്കുന്നു. രഞ്ജിയില്‍ അടുത്ത മല്‍സരങ്ങളില്‍ സഞ്ജു സാംസണ്‍ കേരളത്തിന്റെ വിക്കറ്റ് കീപ്പറാകുമെന്നാണ് സൂചന. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന -ട്വന്റി മല്‍സരങ്ങളില്‍ ധോണിയ്ക്ക് വിശ്രമം അനുവദിച്ച്, പകരം ഒരു യുവതാരത്തിന് അവസരം നല്‍കാനുള്ള ഒരുക്കത്തിലാണ് ദേശീയ സെലക്ടര്‍മാര്‍. ഇതിനായുള്ള തെരച്ചിലിനിടെയാണ് ലങ്കയ്‌ക്കെതിരെ ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന്‍ നായകനായും, രഞ്ജിയിലും മികച്ച പ്രകടനം നടത്തുന്ന സഞ്ജുവില്‍ സെലക്ടര്‍മാരുടെ കണ്ണ് ഉടക്കിയത്. 

രഞ്ജിയില്‍ ജമ്മുകശ്മീരിനെതിരെ കേരളത്തിന്റെ കീപ്പറായ സഞ്ജു, പക്ഷെ മറ്റു മല്‍സരങ്ങളിലെല്ലാം ബാറ്റ്‌സ്മാനായാണ് കളിച്ചത്. ഈ സീസണില്‍ ജാര്‍ഖണ്ഡിനെതിരെയും, ഗുജറാത്തിനെതിരെയും രാജസ്ഥാനെതിരെയും മുഹമ്മദ് അസ്ഹറുദ്ദീനായിരുന്നു കേരളത്തിന്റെ കീപ്പര്‍. കശ്മീരിനെതിരായ നാലാം മല്‍സരത്തില്‍ അസ്ഹറുദ്ദീനെ ഒഴിവാക്കിയപ്പോഴാണ് സഞ്ജു കീപ്പറായത്. സൗരാഷ്ട്രയ്‌ക്കെതിരായ കഴിഞ്ഞ മല്‍സരത്തില്‍ കീപ്പറായി അസ്ഹറുദ്ദീന്‍ തിരിച്ചെത്തി. ഇതേത്തുടര്‍ന്നാണ് സഞ്ജുവിനെ കീപ്പറാക്കാത്തത് എന്താണെന്ന് സെലക്ടര്‍മാര്‍ കെസിഎയോട് ചോദിച്ചത്.

ഹരിയാനയ്‌ക്കെതിരായ അടുത്ത രഞ്ജി മല്‍സരത്തില്‍ കേരളത്തിന്റെ വിക്കറ്റ് സഞ്ജു കാക്കുമെന്നാണ് സൂചന. ഹരിയാനയിലെ ലാലി സ്‌റ്റേഡിയത്തില്‍ 25 മുതലാണ് മല്‍സരം. പേസ് ബൗളര്‍മാരെ തുണയ്ക്കുമെന്ന് കരുതുന്ന പിച്ചില്‍ കേരളം പേസ് ബൗളര്‍ വിനോദ് കുമാറിനെ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പിച്ചിന്റെ ഘടന കൂടി പരിഗണിച്ച ശേഷമേ അന്തിമ തീരുമാനം എടുക്കൂ എന്ന് മാനേജ്‌മെന്റ് അറിയിച്ചു. ഹരിയാനയെക്കൂടി തോല്‍പ്പിച്ചാല്‍ കേരളത്തിന് നോക്കൗട്ട് റൗണ്ടില്‍ കടക്കാനാകുമെന്ന സവിശേഷത കൂടിയുണ്ട്.    

ലങ്കയ്‌ക്കെതിരെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ പതറിയപ്പോള്‍ സഞ്ജു നേടിയ സെഞ്ച്വറിയാണ് ബോര്‍ഡ് പ്രസിഡന്റ്‌സ് ഇന്നിംഗ്‌സിന് കരുത്തായത്. രഞ്ജിയിലും മിന്നുന്ന ഫോമിലാണ് സഞ്ജു. അഞ്ചു കളികളില്‍ നിന്ന് രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറികളും അടക്കം 561 റണ്‍സാണ് സഞ്ജു ഇതുവരെ അടിച്ചുകൂട്ടിയത്. കഴിഞ്ഞ മല്‍സരത്തില്‍ സൗരാഷ്ട്രയ്‌ക്കെതിരെ ഒന്നാമിന്നിംഗ്‌സ് ലീഡ് വഴങ്ങിയ കേരളത്തിന്, സഞ്ജു നേടിയ 175 റണ്‍സാണ് തകര്‍പ്പന്‍ ജയത്തിന് അടിത്തറയൊരുക്കിയത്. 

നിലവിലെ സാഹചര്യത്തില്‍ സഞ്ജു ധോണിയുടെ പിന്‍ഗാമിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സഞ്ജുവിന് ഭീഷണി ഉയര്‍ത്തിയിരുന്ന യുവതാരം ഋഷഭ് പന്ത് ഈ സീസണില്‍ മികച്ച ഫോമിലല്ലാത്തതും സഞ്ജുവിന് തുണയാകുന്നു. ഇപ്പോള്‍ ടീമിലുള്ള ദിനേശ് കാര്‍ത്തികിനെ കീപ്പറാക്കാന്‍ തീരുമാനിച്ചാല്‍, സഞ്ജുവിനെ ബാറ്റ്‌സ്മാനായി ടീമിലെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com