കേരളമാണ് എന്റെ കുടുംബം, കൊച്ചി എന്റെ വീട്; ബെല്‍ഫോര്‍ട്ടിന് മഞ്ഞപ്പടയിലേക്ക്‌ മടങ്ങിയെത്തണം

ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റുമായുണ്ടായ ചര്‍ച്ചകള്‍ വിജയകരമായിരുന്നില്ല. പിന്നാലെ സ്റ്റീവ് കോപ്പലും, ഇഷ്ഫാഖും തന്നെ വിളിച്ചു
കേരളമാണ് എന്റെ കുടുംബം, കൊച്ചി എന്റെ വീട്; ബെല്‍ഫോര്‍ട്ടിന് മഞ്ഞപ്പടയിലേക്ക്‌ മടങ്ങിയെത്തണം

കേരളമാണ് എന്റെ കുടുംബം, കൊച്ചിയാണെന്റെ വീട്. മഞ്ഞക്കുപ്പായത്തില്‍ ഈ സീസണില്‍ കാണില്ലെങ്കിലും കേരളത്തോടുള്ള ഇഷ്ടം എത്രമാത്രമാണെന്ന് തുറന്നു പറയുകയാണ് കെര്‍വെന്‍സ് ബെല്‍ഫോര്‍ട്ട്. മഞ്ഞപ്പടയില്‍ നിന്നും സ്റ്റീവ് കോപ്പല്‍ ബെല്‍ഫോര്‍ട്ടിനെ ജംഷഡ്പൂരിലെത്തിച്ചെങ്കിലും അടുത്ത സീസണില്‍ ബ്ലാസ്റ്റേഴ്‌സ് നിരയിലേക്ക് മടങ്ങിയെത്താനാണ് തന്റെ ആഗ്രഹമെന്ന് ബെല്‍ഫോര്‍ട്ട് പറയുന്നു. 

ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റുമായുണ്ടായ ചര്‍ച്ചകള്‍ വിജയകരമായിരുന്നില്ല. പിന്നാലെ സ്റ്റീവ് കോപ്പലും, ഇഷ്ഫാഖും തന്നെ വിളിച്ചു. വെസ് ബ്രൗണ്‍, ബെര്‍ബറ്റോവ് എന്നീ ലോകോത്തര താരങ്ങളാണ് തനിക്ക് പകരം ബ്ലാസ്റ്റേഴ്‌സ് നിരയില്‍ അണിനിരക്കുന്നത് എന്നത് തന്നെ അലട്ടുന്നില്ലെന്നും ബെല്‍ഫോര്‍ട്ട് പറയുന്നു. 

കളിക്കളത്തില്‍ ഇറങ്ങുമ്പോള്‍ ഏതൊക്കെ താരത്തിന് എതിരായിട്ടാണ് കളിക്കേണ്ടത് എന്ന് താന്‍ ചിന്തിക്കാറില്ല. ഞാന്‍ എന്റൈ ജോലി ചെയ്യുന്നു. മൈതാനത്ത് എന്റെ ബെസ്റ്റ് നല്‍കുകയാണ് ലക്ഷ്യം. കളി അവസാനിക്കുമ്പോള്‍ എന്റെ ജേഴ്‌സി ബെര്‍ബറ്റോവിനും, ബ്രൗണിനും കൈമാറാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞാന്‍ വളരെ അധികം ബഹുമാനിക്കുന്ന താരങ്ങളാണ് അവരെന്നും ബെല്‍ഫോര്‍ട്ട് വ്യക്തമാക്കുന്നു. 

അടുത്ത സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നും പോസിറ്റീവ് പ്രതികരണം ഉണ്ടായാല്‍ താന്‍ മഞ്ഞക്കുപ്പായത്തില്‍ ഉണ്ടാകുമെന്ന് ഹെയ്ത്തിയന്‍ താരം വാക്കു നല്‍കുന്നു. ഐഎസ്എല്ലിലെ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം മത്സരത്തില്‍ എതിരാളികളാകുന്ന ജംഷഡ്പൂര്‍ ടീം കൊച്ചിയില്‍ എത്തിക്കഴിഞ്ഞു. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി തന്ത്രങ്ങള്‍ മെനഞ്ഞ സ്റ്റീവ് കോപ്പല്‍ മഞ്ഞപ്പടയ്‌ക്കെതിരെ ഇത്തവണ എന്ത് തന്ത്രമായിരിക്കും ഒളിപ്പിച്ചിവെച്ചിട്ടുണ്ടാവുക എന്ന ആകാംക്ഷയിലാണ് ആരാധകര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com