ആഷസ് പരമ്പര : ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയയ്ക്ക് തകര്‍പ്പന്‍ ജയം 

ഇംഗ്ലണ്ടിനെ പത്തു വിക്കറ്റിനാണ് ഓസീസ് തകര്‍ത്തത്. ഓസീസിനായി കാമറണ്‍ ബാന്‍ക്രോഫ്റ്റ്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ അര്‍ധസെഞ്ച്വറികള്‍ നേടി
ആഷസ് പരമ്പര : ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയയ്ക്ക് തകര്‍പ്പന്‍ ജയം 

ബ്രിസ്‌ബെയ്ന്‍ : ആഷ്‌സ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഓസ്‌ട്രേലിയയ്ക്ക് വിജയം. ഇംഗ്ലണ്ടിനെ പത്തു വിക്കറ്റിനാണ് ഓസീസ് തകര്‍ത്തത്. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 170 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ ഓസീസ് വിക്കറ്റ് നഷ്ടം കൂടാതെ ലക്ഷ്യത്തിലെത്തുകയായിരുന്നു. ഓസീസിനായി കാമറണ്‍ ബാന്‍ക്രോഫ്റ്റ്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ അര്‍ധസെഞ്ച്വറികള്‍ നേടി. വാര്‍ണര്‍ 87 ഉം ബാന്‍ക്രോഫ്റ്റ് 82 റണ്‍സുമെടുത്തു. സ്‌കോര്‍ ഇംഗ്ലണ്ട് - 302, 195 ഓസ്‌ട്രേലിയ 328, വിക്കറ്റ് നഷ്ടമില്ലാതെ 173.

ആദ്യ ഇന്നിംഗ്‌സില്‍ മികച്ച പ്രകടനം നടത്തിയ ഇംഗ്ലണ്ടിന് പക്ഷെ രണ്ടാം ഇന്നിംഗ്‌സില്‍ ആ മികവ് തുടരാനാകാതിരുന്നതാണ് തിരിച്ചടിയായത്. ആദ്യ ഇന്നിംഗ്‌സില്‍ 26 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇംഗ്ലണ്ട്, രണ്ടാമിന്നിംഗ്‌സില്‍ 195 റണ്‍സിന് ഓള്‍ഔട്ടായി. രണ്ടാമിന്നിംഗ്‌സില്‍ അര്‍ധസെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ജോ റൂട്ടിന് മാത്രമാണ് ഇംഗ്ലീഷ് നിരയില്‍ തിളങ്ങാനായത്. മൂന്നു വിക്കറ്റ് വീതം നേടിയ സ്റ്റാര്‍ക്, ഹാസെല്‍വുഡ്, ലിയോണ്‍ എന്നിവരാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. 

ആദ്യ ഇന്നിംഗിഗ്‌സില്‍ 141 റണ്‍സെടുത്ത നായകന്‍ സ്റ്റീവ് സ്മിത്താണ് ഓസീസിന്റെ വിജയത്തില്‍ നിര്‍ണായകമായത്. സ്മിത്തിന്റെ സെഞ്ച്വറിയുടെ മികവിലാണ് ഓസീസ് ഒന്നാമിന്നിംഗ്‌സ് ലീഡ് നേടിയതും. 261 പന്തിലാണ് സ്മിത്ത് സെഞ്ച്വറി തികച്ചത്. സ്മിത്തിന്റെ കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ് സെഞ്ച്വറിയാണിത്. 326 പന്തുകള്‍ നേരിട്ട സ്മിത്ത് 14 ബൗണ്ടറികളുടെ അകമ്പടിയോടെ, 141 റണ്‍സെടുത്തു. 

42 റണ്‍സെടുത്ത പാറ്റ് കമ്മിന്‍സ് എട്ടാം വിക്കറ്റില്‍ സ്മിത്തിന് മികച്ച പിന്തുണ നല്‍കി.അര്‍ധ സെഞ്ച്വറി നേടിയ ഇവരുടെ കൂട്ടുകെട്ടാണ് ഒാസീസിനെ ലീഡിലേക്ക് നയിച്ചത്. സെഞ്ച്വറി നേടിയ സ്റ്റീവ് സ്മിത്താണ് കളിയിലെ കേമന്‍. പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഡിസംബര്‍ രണ്ടിന് അഡ്‌ലൈഡില്‍ ആരംഭിക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com