ലങ്കയെയും തകര്‍ത്തു ; നാഗ്പൂര്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിംഗ്‌സ് ജയം

നാഗ്പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 239 റണ്‍സിനുമാണ് ഇന്ത്യ ലങ്കയെ തോല്‍പ്പിച്ചത്
ലങ്കയെയും തകര്‍ത്തു ; നാഗ്പൂര്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിംഗ്‌സ് ജയം

നാഗ്പൂര്‍ : ശ്രീലങ്കയ്‌ക്കെതിരായ നാഗ്പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഇന്നിംഗ്‌സിനും 239 റണ്‍സിനുമാണ് ഇന്ത്യ ലങ്കയെ തോല്‍പ്പിച്ചത്. നാലു വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍ ടെസ്റ്റില്‍ 300 വിക്കറ്റ് നേട്ടം സ്വന്തമാക്കി. ഇന്ത്യയുടെ ഏറ്റവും വലിയ ടെസ്റ്റ് വിജയത്തിന് ഒപ്പമെത്തിയിരിക്കുകയാണ് ഇന്ത്യ ഇപ്പോള്‍. 2007 ല്‍ മിര്‍പൂരില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ ഇതോ മര്‍ജിനില്‍ വിജയിച്ചിട്ടുണ്ട്. വിജത്തോടെ ഇന്ത്യ പരമ്പരയില്‍ മുന്നിലെത്തി. 

ഇന്ത്യയുടെ ആറ്് വിക്കറ്റിന് 610 റണ്‍സെന്ന ഒന്നാം ഇന്നിംഗ്‌സിന് മറുപടിയായി രണ്ടാമിന്നിംഗ്‌സില്‍ ബാറ്റേന്തിയ ലങ്ക വെറും 166 റണ്‍സിന് ഓള്‍ഔട്ടായി. അര്‍ധസെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ദിനേശ് ചന്ദിമല്‍ മാത്രമാണ് ഇന്ത്യന്‍ ആക്രമണത്തെ അല്‍പ്പമെങ്കിലും ചെറുത്തുനിന്നത്. ചന്ദിമല്‍ 61 റണ്‍സെടുത്തു. 31 റണ്‍സെടുത്ത സുരംഗ ലക്മല്‍ പുറത്താകാതെ നിന്നു. 23 റണ്‍സെടുത്ത ലാഹിരു തിരിമന്നെയാണ് മറ്റൊരു പ്രധാന സ്‌കോറര്‍. 

ഇന്ത്യയ്ക്കു വേണ്ടി അശ്വിന്‍ നാലു വിക്കറ്റെടുത്തു. ഇഷാന്ത് ശര്‍മ്മ, രവീന്ദ്ര ജഡേജ, ഉമേഷ് യാദവ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളെടുത്തു. ഡബിള്‍ സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലി, സെഞ്ച്വറി നേടിയ മുരളി വിജയ്, ചേതേശ്വര്‍ പൂജാര, രോഹിത് ശര്‍മ്മ എന്നിവരുടെ മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 

ആദ്യ ഇന്നിംഗ്‌സില്‍ ലങ്ക 205 റണ്‍സെടുത്തിരുന്നു.  കൊല്‍ക്കൊത്തയില്‍ നടന്ന ആദ്യ ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു. പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ ടെസ്റ്റ് ഡിസംബര്‍ രണ്ട് മുതല്‍ ആറു വരെ ഡല്‍ഹിയില്‍ നടക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com