ആദ്യം സ്വര്‍ണം, എന്നിട്ടാകാം ബാക്കി; 40 സ്വര്‍ണ മെഡല്‍ നേടാതെ ഇന്ത്യ ഒളിംപിക്‌സിന് വേദിയാകരുതെന്ന് അഭിനവ് ബിന്ദ്ര

ആദ്യം സ്വര്‍ണം, എന്നിട്ടാകാം ബാക്കി; 40 സ്വര്‍ണ മെഡല്‍ നേടാതെ ഇന്ത്യ ഒളിംപിക്‌സിന് വേദിയാകരുതെന്ന് അഭിനവ് ബിന്ദ്ര

ഒളിംപിക്‌സിന് വേദിയായാല്‍ ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടും. എന്നാല്‍ ഇത് ഒളിംപിക്‌സ് നടത്താതെ തന്നെ ചെയ്യാവുന്നതാണെന്നും അഭിനവ്

ന്യൂഡല്‍ഹി: 40 സ്വര്‍ണ്ണം മെഡല്‍ എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് എത്താതെ ഇന്ത്യ ഒളിംപിക്‌സിന് വേദിയാകരുതെന്ന് ബീജിംഗ് ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര. നിലവിലെ അവസ്ഥയില്‍ ഇന്ത്യ ഒളിംപിക്‌സിന് ആതിഥ്യമരുളുന്നതിന് ഞാന്‍ എതിരാണ്. നമ്മുടെ സംവിധാനത്തിന് ഇത് ഏറ്റെടുക്കാനുള്ള പ്രാപ്തിയായിട്ടില്ലെന്നും അഭിനവ് വ്യക്തമാക്കി. 

ഒളിംപിക്‌സിന് വേദിയായാല്‍ ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടും. എന്നാല്‍ ഇത് ഒളിംപിക്‌സ് നടത്താതെ തന്നെ ചെയ്യാവുന്നതാണെന്നും അഭിനവ് പറഞ്ഞു. നമ്മുടെ യുവാക്കള്‍ക്ക് വേണ്ടിയും കായികതാരങ്ങള്‍ക്കുവേണ്ടിയും കൂടുതല്‍ പണം ചെലവാക്കി മികച്ച രീതിയിലാക്കിയെടുക്കണമെന്നും ഇതിലൂടെ ഒളിംപിക്‌സില്‍ 40 മെഡലുകള്‍ നേടിയെടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒളിംപിക്‌സിന് വേദിയാവാനുള്ള ശരിയായ സമയം ഇതാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അഭിനവ്. 

ഒളിംപിക്‌സ് മത്സരങ്ങളില്‍ സ്വര്‍ണം നേടുന്നതിന് വേണ്ടിയല്ല ഒരു സംസ്‌കാരമായിട്ടാണ് സ്‌പോര്‍ട്‌സിനെ കാണേണ്ടത്. ഒളിംപിക്‌സിന്റെ പ്രാധാന്യം മനസിലാക്കി അതിന് ആവശ്യമായ അടിസ്ഥാന വികസനങ്ങളാണ് നമ്മള്‍ നേടിയെടുക്കേണ്ടത്. ഇതിന് സമയമെടുക്കും. 10-20 വര്‍ഷം കൊണ്ട് മാത്രമേ മികച്ച റിസല്‍ട്ട് നേടാന്‍ സാധിക്കുകയൊള്ളെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശരിയായ രീതിയില്‍ പരിശീലനം നേടിയ കായികതാരങ്ങളെയാണ് രാജ്യത്തിന് ആവശ്യം. സിഗ്രേഡ് പരിശീലകാണെങ്കില്‍ സി ഗ്രേഡ് ഫലം മാത്രമേ ലഭിക്കുകയൊള്ളൂ. കായികമേഖലയില്‍ മികച്ച ആളുകളെയാണ് ആവശ്യമെന്നും അദ്ദേഹം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com