ഐപിഎല്‍ മുന്നില്‍ കണ്ട് പ്രതിഫലം വര്‍ധിപ്പിക്കാന്‍ കോഹ് ലി; ബിസിസിഐയുടെ വരുമാന വര്‍ധനവിന്റെ വിഹിതം വേണം

2018 മുതല്‍ 2022 വരെ ഐപിഎല്‍ സംപ്രേക്ഷണം ചെയ്യുന്നതിന് 2.5 മില്യണ്‍ ഡോളറാണ് റുപര്‍ട്ട് മര്‍ഡോക്കിന്റെ സ്റ്റാര്‍ ഇന്ത്യ ബിസിസിഐയ്ക്ക് നല്‍കുന്നത്
ഐപിഎല്‍ മുന്നില്‍ കണ്ട് പ്രതിഫലം വര്‍ധിപ്പിക്കാന്‍ കോഹ് ലി; ബിസിസിഐയുടെ വരുമാന വര്‍ധനവിന്റെ വിഹിതം വേണം

നാഗ്പൂര്‍: ക്രിക്കറ്റില്‍ നിന്നും ബിസിസിഐയ്ക്കുണ്ടാകുന്ന വരുമാന വര്‍ധനവിന്റെ വിഹിതം കളിക്കാര്‍ക്കും നല്‍കണമെന്ന് നിലപാടെടുത്ത് നായകന്‍ വിരാട് കോഹ് ലി. കളിക്കാരുടെ കരാറുമായി ബന്ധപ്പെട്ട് ഈ ആഴ്ച ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് നായകന്‍ ആവശ്യം മുന്നോട്ടു വെച്ചിരിക്കുന്നത്. 

തങ്ങളുടെ വാര്‍ഷിക വിഹിതം 300,000 ഡോളറായി വര്‍ധിച്ചുവെന്നാണ് ടീമിലെ ടോപ് പ്ലേയേഴ്‌സിന്റെ വിലയിരുത്തല്‍. സെപ്തംബറില്‍ ബിസിസിഐ വലിയ തുകയ്ക്ക് മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം വിറ്റപ്പോള്‍ തന്നെ, ഇതുള്‍പ്പെടെ ബിസിസിഐയുടെ ഉയരുന്ന സാമ്പത്തിക നിലയുടെ വിഹിതം കളിക്കാരിലേക്കും എത്തണമെന്ന് ടീം അംഗങ്ങള്‍ നിലപാടെടുത്തിരുന്നു. 

2018 മുതല്‍ 2022 വരെ ഐപിഎല്‍ സംപ്രേക്ഷണം ചെയ്യുന്നതിന് 2.5 മില്യണ്‍ ഡോളറാണ് റുപര്‍ട്ട് മര്‍ഡോക്കിന്റെ സ്റ്റാര്‍ ഇന്ത്യ ബിസിസിഐയ്ക്ക് നല്‍കുന്നത്. സെപ്തംബര്ഡ 30 കളിക്കാരുടെ കരാറുകള്‍ അവസാനിച്ചിരുന്നു. 

മുന്‍ നായകന്‍ ധോനി, പരിശീലകന്‍ രവി ശാസ്ത്രി എന്നിവര്‍ക്കൊപ്പം നിന്നാണ് കളിക്കാര്‍ക്ക് ബിസിസിഐ നല്‍കുന്ന പ്രതിഫലം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നത്. പ്രതിഫല വര്‍ധനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മൂവരും ഡല്‍ഹിയിലെത്തി ബിസിസിഐ ഭരണാധികാരി വിനോദ് റായിയുമായി ചര്‍ച്ച ചെയ്യും. എന്നാല്‍ ഐപിഎല്‍ മുന്നില്‍ കണ്ടാണ് കോഹ് ലിയുടെ ഈ നീക്കങ്ങളെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍.

വിശ്രമമില്ലാതെ താരങ്ങള്‍ക്ക് കളിക്കേണ്ടി വരുന്ന രീതിയിലെ മത്സര ക്രമീകരണത്തിനെതിരെയുള്ള പ്രതിഷേധവും കോഹ് ലി വിനോദ് റായിയുമായുള്ള യോഗത്തില്‍ ഉയര്‍ത്തും. നിലവില്‍ മൂന്ന് തട്ടുകളിലായാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം. കോഹ് ലി ഉള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ ടോപ് ലിസ്റ്റിലാണ്. എന്നാല്‍ കളിക്കാരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഈ ലിസ്റ്റില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നാണ് ബിസിസിഐ വൃത്തങ്ങളില്‍ നിന്നും ഉയരുന്ന സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com