ഇന്ത്യന്‍ മണ്ണിലെ കാല്‍പ്പന്തിന്റെ ലഹരി ഇന്നുമുതല്‍ ലോകം കാണും; അപ്പോള്‍ കളി തുടങ്ങുകയാണ്..

കാല്‍പന്തിനെ നെഞ്ചോട് ചേര്‍ത്തിട്ടും ഫുട്‌ബോള്‍ ലോകത്ത് ഈ കാലമത്രയും ഉറങ്ങിക്കിടന്നിരുന്ന ഇന്ത്യയ്ക്ക് അണ്ടര്‍ 17 വേള്‍ഡ് കപ്പ് നല്‍കുന്ന ഉണര്‍വ് ചില്ലറയല്ല
ഇന്ത്യന്‍ മണ്ണിലെ കാല്‍പ്പന്തിന്റെ ലഹരി ഇന്നുമുതല്‍ ലോകം കാണും; അപ്പോള്‍ കളി തുടങ്ങുകയാണ്..

ഫുട്‌ബോള്‍ ജീവനായി കൊണ്ടു നടക്കുന്നവരുടെ നാട്ടിലേക്ക് ആദ്യമായി എത്തിയ ഫിഫ വേള്‍ഡ് കപ്പ് ആഘോഷങ്ങള്‍ക്ക് ഇന്ന് ആരവം ഉയരും. കാല്‍പന്തിനെ നെഞ്ചോട് ചേര്‍ത്തിട്ടും ഫുട്‌ബോള്‍ ലോകത്ത് ഈ കാലമത്രയും ഉറങ്ങിക്കിടന്നിരുന്ന ഇന്ത്യയ്ക്ക് അണ്ടര്‍ 17 വേള്‍ഡ് കപ്പ് നല്‍കുന്ന ഉണര്‍വ് ചില്ലറയല്ല. 

ബ്രസീലും, ജര്‍മനിയും, സ്‌പെയിനും, ഫ്രാന്‍സും തുടങ്ങി ആരാധകരെ ആവേശത്തിലാഴ്ത്താന്‍ പോകുന്ന ടീമുകളെല്ലാം മൂന്നാഴ്ച കാലം രാജ്യത്തെ ഫുട്‌ബോള്‍ ആഘോഷത്തിന്റെ പ്രതിതീയിലാഴ്ത്തും. ഇത് വെറും അണ്ടര്‍ 17 ലോക കപ്പ് അല്ലേ എന്ന് ചോദിക്കുന്നവരും തല ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ നമ്മുടെ ബൈജൂങ് ബൂട്ടിയ, സുനില്‍ ഛേത്രി എന്നീ താരങ്ങള്‍ക്ക് അവര്‍ കളിച്ചു വളര്‍ന്ന സമയത്ത് ഇങ്ങനെയൊരു ടൂര്‍ണമെന്റ് സ്വന്തം മണ്ണില്‍ കളിക്കാന്‍ സാധിച്ചില്ല എന്നത് തന്നെയാണ് എന്തുകൊണ്ട് അണ്ടര്‍ 17 ലോക കപ്പ് വിജയമാക്കണം എന്ന ചോദ്യത്തിനുള്ള ഉത്തരം. 

ആതിഥേയരായ ഇന്ത്യ ഇന്ന് ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ കരുത്തരായ അമേരിക്കയോട് ഏറ്റുമുട്ടും. കടലാസില്‍ പോലും മറ്റ് ടീമുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ഇന്ത്യയ്ക്കാകുന്നില്ലെങ്കിലും, സ്വന്തം മണ്ണില്‍ കളിക്കുന്നതിന്റെ കരുത്ത് ഇന്ത്യന്‍ ടീമിന്റെ പ്രകടനം മെച്ചപ്പെടുത്തിയേക്കും എന്നാണ് ആരാധകരുടെ വിശ്വാസം. 

ലോക ഫുട്‌ബോള്‍ ഭൂപടം അടക്കിവാണ ഇതിഹാസങ്ങളുടെ പതിനേഴുകാരായ പിന്മുറക്കാര്‍ 24 ടീമുകളിലായാണ് പോരിനിറങ്ങുന്നത്. അടുത്ത റൊണാള്‍ഡിഞ്ഞ്യോയേയും നെയ്മറിനേയുമെല്ലാം ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഒക്ടോബര്‍ 28 വരെ അടുത്ത് കാണാം. 28ന് കല്‍ക്കത്തയിലാണ് കലാശപോരാട്ടം. 

റയല്‍ ലക്ഷ്യമിട്ട് നിര്‍ത്തിയിരിക്കുന്ന ബ്രസീലിന്റെ വിന്‍സിയസ് ജൂനിയറിനെയായിരുന്നു ആരാധകര്‍ പ്രതീക്ഷയോടെ നോക്കിയിരുന്നത്. എന്നാല്‍ ക്ലബ് വിലക്കിയതോടെ ആരാധകര്‍ക്ക് വിന്‍സിയസിന്റെ കളി നഷ്ടമായി. എന്നാല്‍ ഇംഗ്ലണ്ട് വിങ്ങര്‍ ജദോന്‍ സാഞ്ചോ, അമേരിക്കന്‍ സ്‌ട്രൈക്കര്‍ ജോഷ് സെര്‍ജന്റ്, ഫെറാന്‍ ടൊറസ് എന്നിവര്‍ ഗ്യാലറികളെ ത്രസിപ്പിക്കുമെന്ന് ഉറപ്പ്. യുവതാരങ്ങളെ ലക്ഷ്യമിട്ട് റയല്‍ ബാഴ്‌സ ഉള്‍പ്പെടെയുള്ള ക്ലബുകള്‍ ഏജന്റുമാരെ അയക്കുന്നതോടെ കയ്യിലുള്ള കളി മുഴുവന്‍ എടുത്ത് താരങ്ങള്‍ കളിക്കുമെന്നും ഉറപ്പ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com