ധോനിയുടെ ക്രിക്കറ്റ് വളര്‍ച്ചയ്ക്ക് പിന്നില്‍ ഗാംഗുലിയുടെ ത്യാഗം; തുറന്നു പറഞ്ഞ് സെവാഗ്‌

ഇപ്പോള്‍ കാണുന്ന നിലയിലേക്ക് ധോനി എത്തിയിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ ഗാംഗുലിയാണ്‌
ധോനിയുടെ ക്രിക്കറ്റ് വളര്‍ച്ചയ്ക്ക് പിന്നില്‍ ഗാംഗുലിയുടെ ത്യാഗം; തുറന്നു പറഞ്ഞ് സെവാഗ്‌

ധോനിക്ക് ലഭിച്ച ക്രിക്കറ്റ് ജീവിതത്തിന് പിന്നില്‍ ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ ത്യാഗമാണെന്ന് വിരേന്ദര്‍ സെവാഗ്. ഇപ്പോള്‍ കാണുന്ന നിലയിലേക്ക് ധോനി എത്തിയിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ ഗാംഗുലിയാണെന്നാണ് അര്‍ദ്ധശങ്കയില്ലാതെ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ പറയുന്നത്. 

ബാറ്റിങ് ഓര്‍ഡറില്‍ ഞങ്ങള്‍ പരീക്ഷണങ്ങള്‍ നടത്തുന്ന സമയമായിരുന്നു അത്. മികച്ച ഓപ്പണിങ് കൂട്ടുകെട്ട് ഉണ്ടാക്കാനായാല്‍ ഗാംഗുലിക്ക് മൂന്നാമനായി ഇറങ്ങാം. എന്നാല്‍ നല്ല ഓപ്പണിങ് ലഭിച്ചില്ലെങ്കില്‍ പത്താനേയോ, ധോനിയേയോ മൂന്നാമനായി ഇറക്കാനായിരുന്നു പ്ലാന്‍. 

ഇതോടെ രണ്ടു മൂന്നു കളികളില്‍ ധോനിയെ മൂന്നാമനായി ഇറക്കാന്‍ ഗാംഗുലി തീരുമാനിച്ചു. ആദ്യം ഓപ്പണര്‍ സ്ഥാനം വീരേന്ദര്‍ സെവാഗിന് നല്‍കിയ നായകന്‍ പിന്നെ അദ്ദേഹത്തിന്റെ മൂന്നാം സ്ഥാനവും ത്യാഗം ചെയ്തു. ഇങ്ങനെ ചെയ്യുന്ന ചുരുക്കം ചില നായകരില്‍ ഒരാളായിരുന്നു ഗാംഗുലിയെന്ന് സെവാഗ് പറയുന്നു. 

ധോനിയെ മൂന്നാമനായി ഇറക്കാന്‍ ഗാംഗുലി തയ്യാറായില്ലായിരുന്നു എങ്കില്‍ ഈ കാണുന്ന നിലയിലേക്ക് ധോനി വളരില്ലായിരുന്നു എന്ന് സെവാഗ് ചൂണ്ടിക്കാണിക്കുന്നു. എപ്പോഴും പുതിയ താരങ്ങള്‍ക്ക് പരിഗണന കൊടുക്കുന്നതിലായിരുന്നു ഗാംഗുലി ശ്രദ്ധിച്ചിരുന്നതെന്ന് സെവാഗ് സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 

2005ല്‍ ഗാംഗുലി ഇന്ത്യന്‍ നായക പദവി ഒഴിഞ്ഞതിന് ശേഷം എത്തിയ ദ്രാവിഡ് ആയാലും ധോനിക്ക് വളരാനുള്ള സാഹചര്യമാണ് ടീമില്‍ തീര്‍ത്തത്. ദ്രാവിഡിന്റെ കീഴിലാണ് ഫിനിഷര്‍ എന്ന നിലയിലേക്ക് ധോനി എത്തിയത്. മോശം ഷോട്ടുകള്‍ കളിച്ച് ധോനി പുറത്തായ സാഹചര്യത്തില്‍ ദ്രാവിഡ് ധോനിയെ ശാസിച്ചിരുന്നു. ഇതിന് ശേഷമാണ് ബെസ്റ്റ് ഫിനിഷറായി ധോനി മാറിയതെന്നും സെവാഗ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com