നെഞ്ചിടിപ്പോടെ ആരാധകര്‍; റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീന കാണുമോ

നാലു ടീമുകള്‍ക്ക് മാത്രം നേരിട്ട് യോഗ്യത ഉറപ്പുള്ള ലാറ്റിന്‍ അമേരിക്കന്‍ ഗ്രൂപ്പില്‍ നിലവില്‍ ആറാം സ്ഥാനത്താണ് അര്‍ജന്റീന
നെഞ്ചിടിപ്പോടെ ആരാധകര്‍; റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീന കാണുമോ

ക്വിറ്റോ: റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീനയുണ്ടാകുമോ എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം. അര്‍ജന്റീനയുടെയും മെസ്സിയുടെയും ആരാധകര്‍ കൊണ്ടുപിടിച്ച പ്രാര്‍ത്ഥനയിലാണ്. അര്‍ജന്റീന ആരാധകരുടെ ബദ്ധവൈരികളായ ബ്രസീല്‍ ജയിക്കാനും ആരാധകര്‍ മനമുരുകി പ്രാര്‍ത്ഥിക്കുന്നു. ഇന്നത്തെ മത്സരത്തില്‍ അര്‍ജന്റീന വിജയം നേടിയിട്ടില്ലെങ്കില്‍ 1970 ന്‌ശേഷം അര്‍ജന്റീനയില്ലാത്ത ഒരു ലോകകപ്പ് വേദിയായി റഷ്യമാറും. 

നാലു ടീമുകള്‍ക്ക് മാത്രം നേരിട്ട് യോഗ്യത ഉറപ്പുള്ള ലാറ്റിന്‍ അമേരിക്കന്‍ ഗ്രൂപ്പില്‍ നിലവില്‍ ആറാം സ്ഥാനത്താണ് അര്‍ജന്റീന. കൃത്യം രണ്ടുവര്‍ഷം മുമ്പ് സ്വന്തം നാട്ടുകാര്‍ക്ക് മുമ്പില്‍ ഇക്വഡോറിനോട് തോറ്റചരിത്രവും അര്‍ജന്റീനയെ വേട്ടയാടുന്നുണ്ട്. 

38 പോയിന്റുള്ള ബ്രസീലിന് പിന്നാലെ28 പോയിന്റുള്ള ഉറുഗ്വായും ലാറ്റിനമേരിക്കയില്‍ നിന്ന് ലോകകപ്പ് യോഗ്യത ഉറപ്പിച്ചിട്ടുണ്ട്. നിലവില്‍, ചിലെക്കും കൊളംബിയക്കും 26ഉം, പെറുവിനും അര്‍ജന്റീനയ്ക്കും 25ഉം പോയിന്റ് വീതമുണ്ട്. അര്‍ജന്റീനയ്്ക്ക് പുറമെ ചിലി, കൊളംബിയ, പെറു, പരാഗ്വെ ടീമുകളും യോഗ്യത തേടി ഇന്ന് കളത്തിലിറങ്ങുന്നുണ്ട്. 

ഇക്വഡോറിനെ കീഴടക്കിയാല്‍ അര്‍ജന്റീനക്ക് 28 പോയന്റാകും. ബ്രസീലുമായി കളിക്കുന്ന ചിലെയോ പെറുവുമായി കളിക്കുന്ന കൊളംബിയയോ തോല്‍ക്കുകയോ സമനിലയാവുകയോ ചെയ്താല്‍ അവര്‍ പരമാവധി 27 പോയിന്റില്‍ ഒതുങ്ങും. ഇതോടെ അര്‍ജന്റീനക്ക് മൂന്നാം സ്ഥാനക്കാരായി നേരിട്ട് യോഗ്യത നേടാം. ഇക്വഡോറിനോട് അര്‍ജന്റീന സമനില വഴങ്ങിയാല്‍ പരമാവധി 26 പോയിന്റേ നേടാനാവു. ഈ സാഹചര്യത്തില്‍ ചിലെയും കൊളംബിയയും തോറ്റാലും ഗോള്‍ ശരാശരിയുടെ ബലത്തില്‍ അര്‍ജന്റീനയെ പിന്തള്ളി അവര്‍ നേരിട്ട് യോഗ്യത നേടും. 

ചിലിയും കൊളംബിയയും ജയിക്കുകയാണെങ്കില്‍ അര്‍ജന്റീന പ്ലേ ഓഫ്കളിച്ച് യോഗ്യത നേടേണ്ടിവരും. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായ മെസിയും മികച്ച ഗോളടിക്കാരുടെ സംഘവും ടീമില്‍ ഉണ്ടായിട്ടും കഴിഞ്ഞ നാലു മത്സരങ്ങളില്‍ ഒരു ഗോള്‍ മാത്രമാണ് അര്‍ജന്റീനയ്ക്ക് നേടാനായത് എന്നത് അരാധകരെ നിരാശപ്പെടുത്തുന്നു. ഇന്ത്യന്‍ സമയം നാളെ  പുലര്‍ച്ചെ 5 മണിക്കാണ് എല്ലാ മത്സരങ്ങളും  തുടങ്ങുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com