മുഹമ്മദ് അലി ഇസ്ലാം മതം സ്വീകരിക്കാനുണ്ടായ യഥാര്‍ഥ കാരണം എന്താണ്? സ്വന്തം കൈപ്പടയില്‍ അലി തന്നെ എഴുതിയിട്ടുണ്ട്‌

ഇസ്ലാം മതത്തിലേക്ക് ചേക്കേറാന്‍ അലിയെ പ്രേരിപ്പിച്ച യഥാര്‍ഥ കാരണമാണ് ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്
മുഹമ്മദ് അലി ഇസ്ലാം മതം സ്വീകരിക്കാനുണ്ടായ യഥാര്‍ഥ കാരണം എന്താണ്? സ്വന്തം കൈപ്പടയില്‍ അലി തന്നെ എഴുതിയിട്ടുണ്ട്‌

ഇടിക്കൂട്ടിന് ഉള്ളിലും പുറത്തും മുഹമ്മദ് അലി എന്ന കാഷ്യസ് മേര്‍സിലസ് ക്ലേ ജൂനിയര്‍ തീര്‍ത്ത പ്രകമ്പനങ്ങള്‍ ചെറുതായിരുന്നില്ല. ഇടിക്കൂട്ടില്‍ എതിരാളിയെ നിഷ്പ്രഭനാക്കുന്നതിനൊപ്പം പുറത്തെടുത്ത നിലപാടുകളിലെ കാര്‍ക്കശ്യവും അലിയെന്ന വ്യക്തിയെ ലോക ജനതയുടെ ആരാധനാപാത്രമാക്കി. ഇസ്ലാം മതത്തിലേക്ക് ചേക്കേറാന്‍ അലിയെ പ്രേരിപ്പിച്ച യഥാര്‍ഥ കാരണമാണ് ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. 

1964ല്‍ ഇസ്ലാം മതത്തിലേക്ക് മാറിയതിന് ശേഷം, അതിനുണ്ടായ സാഹചര്യത്തെ കുറിച്ച് അലി എഴുതിയ കുറിപ്പുലൂടെയാണ് ഈ വിഷയം വീണ്ടും എല്ലാവരിലേക്കും എത്തുന്നത്. ഭാര്യയുമായുണ്ടായ കലഹത്തെ തുടര്‍ന്നായിരുന്നു ഇസ്ലാം മതത്തിലേക്ക് മാറാനുള്ള കാരണം അലി സ്വന്തം കൈപ്പടയില്‍ എഴുതിയത്. 

മുഹമ്മദ് അലിയുടെ ജീവചരിത്രം എഴുതുന്ന ജോനാഥന്‍ ഈഗിന്റെ വാഷിങ്ടണ്‍ പോസ്റ്റിലെ കുറിപ്പിലാണ് അലിയുടെ ജീവിതത്തിലെ നിര്‍ണായക സംഭവത്തെ കുറിച്ച് വെളിപ്പെടുത്തുന്നത്. 

രോക്ഷം കൊണ്ട് എല്ലാ നിയന്ത്രണവും വിട്ട അവസ്ഥയിലായിരുന്നു അലി, ഭാര്യ ബെലിന്ദ പറയുന്നു. സ്വയം ദൈവമാണെന്ന് കരുതിയായിരുന്നു ആ സമയം അലിയുടെ പ്രവര്‍ത്തികള്‍. എല്ലാത്തിനേക്കാളും മഹത്തായത് എന്ന് നിങ്ങള്‍ തന്നെ നിങ്ങളെ വിളിക്കുന്നു. എന്നാല്‍ അല്ലാഹുവിനേക്കാള്‍ ഒരിക്കലും നിങ്ങള്‍ വലിയവനാവില്ലെന്ന് താന്‍ അലിയോട് പറഞ്ഞതായി ബെലിന്ദ പറയുന്നു. 

ഇതിന് ശേഷം ഒരു അധ്യാപികയുടെ കാര്‍ക്കശ്യത്തോടെ അലിയെ പിടിച്ചിരുത്തിയ ബെലിന്ദ, അലിയോട് ഇസ്ലാം മതത്തിലേക്ക് മാറാന്‍ പ്രേരിപ്പിച്ച കാരണത്തെ കുറിച്ച് എഴുതാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. അനുസരണയുള്ള കുട്ടിയായി അലി വെള്ള പേപ്പറും, നീല പേനയും എടുത്ത് എഴുതാനിരുന്നു. 

ലൂയിസ് വില്ലയിലെ യൗവ്വന കാലം, കാഷ്യസ് മേര്‍സിലസ് ക്ലേ ജൂനിയറായി അലി അറിയപ്പെടുന്ന സമയം. വഴിയരികിലൂടെ പോവുകയായിരുന്ന പെണ്‍കുട്ടിയെ നോക്കുന്നതിന് ഇടയില്‍ കറുത്ത വംശജനായ ഒരാള്‍ നേഷന്‍ ഓഫ് ഇസ്ലാമിന്റെ പത്രം വില്‍ക്കുന്നത് കണ്ടു. അതിന്റെ തലവനായിരുന്ന എലിജ മുഹമ്മദിനെ അലിക്ക് അറിയാമായിരുന്നു എങ്കിലും, ആ ഗ്രൂപ്പില്‍ ചേരാനുള്ള ചിന്ത അദ്ദേഹത്തിനുണ്ടായിരുന്നില്ല. 

എന്നാല്‍ ആ പത്രത്തിലുണ്ടായിരുന്ന കാര്‍ട്ടുണായിരുന്നു തന്നെ പിടിച്ചുലച്ചതെന്ന് അലി എഴുതുന്നു. വെള്ളക്കാരനായ അടിമകളുടെ ഉടമ, കറുത്ത വംശജരായ അടിമകളെ യേശുവിനെ പ്രാര്‍ഥിക്കാന്‍ നിര്‍ദേശിച്ച് മര്‍ദ്ദിക്കുന്ന കാര്‍ട്ടൂണായിരുന്നു അത്. കറുത്ത വംശജര്‍ക്ക് മേല്‍ വെള്ളക്കാര്‍ അടിച്ചേല്‍പ്പിച്ച മതമാണ് ക്രിസ്ത്യാനിറ്റി എന്നതായിരുന്നു ആ കാര്‍ട്ടൂണിന്റെ ആശയം. 

അതായിരുന്നു തന്നെ ഇസ്ലാം മതത്തിലേക്ക് എത്തിച്ചതെന്ന് അലി എഴുതുന്നു. തന്റെ മതമായി ക്രിസ്ത്യാനിറ്റിയെ താന്‍ തിരഞ്ഞെടുത്തതല്ല, ക്യാഷസ് ക്ലേ എന്ന പേരും താന്‍ തിരഞ്ഞെടുത്തതല്ല. പിന്നെന്തിന് അടിമത്തത്തിന്റെ അവശിഷ്ടങ്ങള്‍ താന്‍ പേറുന്നു എന്ന ചിന്തയാണ് അലിയെ മതം മാറുന്നതിലേക്ക് പ്രേരിപ്പിച്ചത്. 

1964ല്‍ ഹെവി വെയിറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ജയിച്ചതിന് ശേഷമായിരുന്നു ഇസ്ലാമിലേക്കുള്ള മാറ്റം അലി പ്രഖ്യാപിച്ചത്. ഇസ്ലാമിലേക്കുള്ള മാറ്റത്തിനൊപ്പം സ്വാതന്ത്ര പ്രഖ്യാപനം കൂടി നടത്തുകയായിരുന്നു അലി. അല്ലാഹുവിലും സമാധാനത്തിലുമാണ് താന്‍ വിശ്വസിക്കുന്നത്. വെള്ളാക്കാര്‍ നിറയുന്ന അയല്‍പക്കങ്ങളിലേക്ക് ഞാന്‍ പോകില്ല, വെള്ളക്കാരിയെ വിവാഹം കഴിക്കുകയുമില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com