സ്പാനിഷ് കോട്ട തകര്‍ത്ത് ലോകത്തിന്റെ നെറുകയില്‍ ഇംഗ്ലണ്ട് കുട്ടിപ്പട

ഇംഗ്ലണ്ടിന് തോല്‍ക്കാന്‍ മനസില്ലായിരുന്നു. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തില്‍ സ്‌പെയിനിനെ രണ്ടിനെതിരെ അഞ്ച് ഗോളിന് തകര്‍ത്താണ് ഇംഗ്ലണ്ട് അണ്ടര്‍ 17 ലോകകപ്പില്‍ കന്നികിരീടം നേടിയത് 
3000_(2)
3000_(2)

ഇംഗ്ലണ്ടിന് തോല്‍ക്കാന്‍ മനസില്ലായിരുന്നു. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തില്‍ സ്‌പെയിനിനെ രണ്ടിനെതിരെ അഞ്ച് ഗോളിന് തകര്‍ത്താണ് ഇംഗ്ലണ്ട് അണ്ടര്‍ 17 ലോകകപ്പില്‍ കന്നികിരീടം നേടിയത്.

മത്സരത്തിന്റെ ആദ്യപകുതി സ്‌പെയിനിനൊപ്പം നിന്നപ്പോള്‍ രണ്ടാം പകുതി ഇംഗ്ലണ്ടിന്റെതായിരുന്നു. ഒന്നാം പകുതിയിലെ പ്രതിരോധ പാളിച്ചകളും വര്‍ധിത വീര്യത്തോടെ തിരിച്ചെത്തിയ ആക്രമണോത്സുകതയും ഒത്തുചേര്‍ന്നപ്പോള്‍ ഒരു ലോകകപ്പ് ഫുട്‌ബോള്‍ കലാശപ്പോരിന്റെ സര്‍വ സൗന്ദര്യവും നിറഞ്ഞുന്നു. കളികാണാനെത്തിയ 70000 കാണികള്‍ക്ക് ഫുട്‌ബോള്‍ എന്ന ഒറ്റ വികാരം മാത്രമാണ് ഉണ്ടായിരുന്നത്. പക്ഷപാതിത്വം കാണിക്കാത്ത കാണികളുടെ പിന്തുണയില്‍ ഇരു ടീമുകളും കളം നിറഞ്ഞു കളിച്ചു. 

കളി തുടങ്ങി പത്താം മിനിറ്റിലായിരുന്നു സ്‌പെയിനിന്റെ ആദ്യഗോള്‍. സീസര്‍ ഗെലബേര്‍ട്ട് നല്‍കിയ മനോഹരമായ പാസ് പത്താം നമ്പര്‍ താരം സെര്‍ജിയോ ഗോമസ് ലക്ഷ്യത്തിലെത്തിച്ചു. ഗോള്‍ മടക്കാനുള്ള ഇംഗ്ലണ്ടിന്റെ പടയോട്ടത്തിന് മുന്നില്‍ സ്‌പെയിന്‍ വീണ്ടും ഇംഗ്ലണ്ടിന്റെ വല കുലുക്കി. ഒന്നാം പകുതിയില്‍ അധ്വാനിച്ചു കളിച്ചെങ്കിലും നിര്‍ഭാഗ്യവും പോസ്റ്റും വിലങ്ങുതടിയായി. ഒന്നാം പകുതി അവസാനിക്കാന്‍ ഒരു മിനിറ്റ് മാത്രം അവശേഷിക്കെയാണ് ഇംഗ്ലണ്ട് ഒരു ഗോള്‍ മടക്കിയത്. അതുവരെ കളിച്ച  അത്യദ്ധ്വാനങ്ങള്‍ക്കുള്ള ഫലമായിരുന്നു മനോഹരമായ ആഗോള്‍. റയാന്‍ ബ്രൂസ്റ്റര്‍ തന്നെയായിരുന്നു ഇംഗ്ലണ്ടിന്റെ ഭാഗ്യതാരം. കളി തീരുന്നതിന് മുന്‍പ് രണ്ടാമത്തെ ഗോള്‍ മടക്കാനുള്ള ഇംഗ്ലണ്ടിന്റെ മനോഹരമായ അവസരം ഗോളാകാതെ പോയത് സ്‌പെയിനിന്റെ ഭാഗ്യം എന്നുവേണം പറയാന്‍. സ്‌പെയിനിന്റെ ഒരു ഗോള്‍ ലീഡോടെ ഒന്നാം പകുതി അവസാനിക്കുന്നു.

രണ്ടാം പകുതിയില്‍ കളിക്കളത്തില്‍ ഇംഗ്ലണ്ട് മാത്രമായിരുന്നു ഉണ്ടായിരുന്നത്. മല്‍സരത്തിനു പ്രായം 58 മിനിറ്റു മാത്രം. ബോക്‌സിനു പുറത്ത് ഫില്‍ ഫോഡനു ലഭിച്ച പന്ത് ബോക്‌സിനുള്ളില്‍ വലതുഭാഗത്ത് സെസെഗ്‌സനിലേക്ക്. പന്തു ബോക്‌സിനു സമാന്തരമായി ഗിബ്‌സ് വൈറ്റിനു മറിച്ച സെസെഗ്‌സനു പിഴച്ചില്ല. ഗിബ്‌സ് വൈറ്റിന്റെ തകര്‍പ്പന്‍ ഷോട്ട് സ്പാനിഷ് വലയില്‍. സ്‌കോര്‍ 2-2 

കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ തീര്‍ത്തും അവിശ്വസനീയമായ ഫുട്‌ബോള്‍ കാഴ്ച. രണ്ടാം ഗോളിന്റെ ആവേശം അടങ്ങും മുന്‍പ് ലീഡെടുത്ത് ഇംഗ്ലണ്ടിന്റെ കുട്ടിപ്പട. രണ്ടു ഗോളിനു പിന്നിലായിരുന്ന ഇംഗ്ലണ്ട് 69 മിനിറ്റു പൂര്‍ത്തിയാകുമ്പോള്‍ 3-2നു മുന്നില്‍. ഇത്തവണ നിറയൊഴിച്ചത് ഫില്‍ ഫോഡന്‍.. മധ്യവരയ്ക്കു സമീപത്തുനിന്നും ജോര്‍ജ് മക്ഗീരന്‍ ഉയര്‍ത്തി നല്‍കിയ പന്ത് ഇടതുവിങ്ങില്‍ ഹഡ്‌സന്‍ ഒഡോയിയിലേക്ക്. സ്പാനിഷ് ബോക്‌സിന് സമാന്തരമായി ഓടിക്കയറിയ ഹഡ്‌സന്‍ പന്ത് ബോക്‌സിലേക്ക് മറിക്കുന്നു. പോസ്റ്റിനു മുന്നില്‍ ഫില്‍ ഫോഡന്റെ പിഴവുകളില്ലാത്ത ഫിനിഷിങ്. സ്‌കോര്‍ 3-2

സ്പാനിഷ് കോട്ട തകര്‍ത്ത് വീണ്ടും ഇംഗ്ലണ്ടിന്റെ പടയോട്ടം. ഇത്തവണ ഗോള്‍ നേടാനുള്ള നിയോഗം മാര്‍ക്ക് ഗുവേഹിയുടെതായിരുന്നു. ഗുവേഹിയുടെ ലക്ഷ്യം പിഴച്ചില്ല സ്‌കോര്‍ 4 -2 ഇന്‍ജുറി ടൈമായിട്ടും ഇംഗ്ലണ്ടിന്റെ ഗോള്‍ ദാഹം കുറഞ്ഞില്ല. അവസാന നിമിഷത്തില്‍ ഒരു ഗോള്‍കൂടി ഇംഗ്ലണ്ട് നേടി സ്‌കോര്‍ 5-2

ല്‍സരം ഇന്‍ജുറി ടൈമിലേക്ക് കടന്നതോടെ കളത്തില്‍ ചെറിയ തോതില്‍ കയ്യാങ്കളി. താരങ്ങളെ ശാന്തരാക്കാന്‍ ഇംഗ്ലണ്ട് താരം റയാന്‍ ബ്രൂസ്റ്ററിന് മഞ്ഞക്കാര്‍ഡ്. 5-2 വിജയത്തോടെ മല്‍സരം അവസാനിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com