ആളാവല്‍ വേണ്ട, കളി മതി: അണ്ടര്‍ 17 ലോകകപ്പിനു ഉദ്ഘാടന ചടങ്ങുകള്‍ ഒഴിവാക്കി

ആളാവല്‍ വേണ്ട, കളി മതി: അണ്ടര്‍ 17 ലോകകപ്പിനു ഉദ്ഘാടന ചടങ്ങുകള്‍ ഒഴിവാക്കി

ന്യൂഡെല്‍ഹി: അടുത്ത മാസം ആറിനു ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങളുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോയ്ക്കു പങ്കെടുക്കാന്‍ സാധിക്കാത്തതാണ് ചടങ്ങ് ഒഴിവാക്കാന്‍ കാരണമെന്നാണ് സൂചന.

ലോകകപ്പിന്റെ തലേദിവസം ഒക്ടോബര്‍ അഞ്ചിനു ഉദ്ഘാടന ചടങ്ങുകള്‍ നടത്താനായിരുന്നു നേരത്തെ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനും കായിക മന്ത്രാലയവും തീരുമാനിച്ചിരുന്നത്. അതേസമയം, തുടക്കത്തില്‍ തന്നെ ഉദ്ഘാടന ചടങ്ങുകള്‍ക്കു ഫിഫ വിമുഖത കാണിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 

ഉദ്ഘാടന ചടങ്ങില്‍ കാര്യമില്ലെന്നും ഫുട്‌ബോളാണ് യതാര്‍ത്ഥ താരമെന്ന് ഫിഫ അണ്ടര്‍ 17 ലോകകപ്പ് ടൂര്‍ണമെന്റ് ഡയറക്ടര്‍ ജാവിയര്‍ സിപ്പി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പടെയുള്ളവരെ ക്ഷണിച്ചു വമ്പന്‍ ഉദ്ഘാടന പരിപാടിക്ക് കായിക മന്ത്രാലയം പദ്ധതിയിട്ടിരുന്നതായി കായിക മന്ത്രി വിജയ് ഗോയല്‍ സൂചിപ്പിച്ചിരുന്നു. ഇതിനായി ഡെല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം ഫിഫയോട് കായിക മന്ത്രാലയം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, ഒക്ടോബര്‍ ആറിനു ഇതേ വേദിയില്‍ ഇന്ത്യയും അമേരിക്കയുമായുള്ള ആദ്യ മത്സരം നടക്കുന്നതിനാല്‍ സ്‌റ്റേഡിയം വിട്ടു തരാന്‍ സാധിക്കില്ലെന്ന് ഫിഫ കായകി മന്ത്രാലയത്തെ അറിയിക്കുകയായിരുന്നു. 

കളിക്കു മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തീരുമാനമാണ് ഫിഫ ഉദ്ഘാടന ചടങ്ങുകള്‍ പ്രോത്സാഹിപ്പിക്കാതിരുന്നത്. അതേസമയം, ലോകത്തിലെ വമ്പന്‍ ഇവന്റുകളിലൊന്നായ ലോകകപ്പ് മത്സരത്തിനു ഉദ്ഘാടന ചടങ്ങെന്ന പേരില്‍ പരിപാടി നടത്തുകയും ആളാവാനുമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചിരുന്നത്.

ഒക്ടോബര്‍ 6 മുതലാണ് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. കൊല്‍ക്കത്ത, ദല്‍ഹി, മുംബൈ, മാര്‍ഗോ, ഗുവാഹത്തി എന്നിവയാണ് കൊച്ചിയ്ക്ക് പുറമെ ലോകകപ്പിന് ആതിഥ്യമരുളുന്നത്. 

അമേരിക്ക, കൊളംബിയ, ഘാന എന്നിവയാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ള മറ്റു ടീമുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com