ചിയര്‍ഗേള്‍സും മസാലയുമുണ്ടാകില്ല; സ്റ്റാര്‍ ഇന്ത്യ ഐപിഎല്‍ സംപ്രേക്ഷണാവകാശം ഏറ്റെടുത്തതോടെ ഇനി കളി മാറും

ചിയര്‍ഗേള്‍സും മസാലയുമുണ്ടാകില്ല; സ്റ്റാര്‍ ഇന്ത്യ ഐപിഎല്‍ സംപ്രേക്ഷണാവകാശം ഏറ്റെടുത്തതോടെ ഇനി കളി മാറും

ഡാന്‍സും പാട്ടുമെല്ലാം വിട്ട് ക്രിക്കറ്റിനാണ് തങ്ങള്‍ പ്രാധാന്യം നല്‍കുകയെന്ന് സ്റ്റാര്‍ ഇന്ത്യ വ്യക്തമാക്കി കഴിഞ്ഞു

മുംബൈ: ചിയര്‍ ഗേള്‍സിന്റേയും മസാലയുടേയും ചേരുവകളോടെയായിരുന്നു പത്ത് വര്‍ഷം നീണ്ട ഐപിഎല്‍ മാമാങ്കത്തിന്റെ പോക്ക്. ഐപിഎലിന്റെ സംപ്രേക്ഷണാവകാശം സ്റ്റാര്‍ ഇന്ത്യയുടെ കൈകളിലേക്ക് എത്തുന്നതോടെ കളി തന്നെ ഇനി മാറും. 

ഡാന്‍സും പാട്ടുമെല്ലാം വിട്ട് ക്രിക്കറ്റിനാണ് തങ്ങള്‍ പ്രാധാന്യം നല്‍കുകയെന്ന് സ്റ്റാര്‍ ഇന്ത്യ വ്യക്തമാക്കി കഴിഞ്ഞു. കളി കളര്‍ഫുള്ളാക്കുകയായിരുന്നു ഇതുവരെ ഐപിഎല്ലിന്റെ സംപ്രേക്ഷണ അവകാശം ഉണ്ടായിരുന്ന സോനിയുടെ രീതി. സ്റ്റുഡിയോയില്‍ സുന്ദരിമാരെ കൊണ്ട് ഡാന്‍സ് കളിപ്പിച്ചും, കമന്റേറ്റര്‍മാരെ കുര്‍ത്തയും പൈജാമയും ധരിപ്പിച്ചും സോണി പിക്‌ച്ചേഴ്‌സ്‌ ഐപിഎല്ലിനെ കളര്‍ഫുള്ളാക്കുകയായിരുന്നു. 

പണം ഒഴുകുന്ന ഐപിഎല്ലില്‍ ആയാലും കളിയെ സമീപിക്കുന്ന തങ്ങളുടെ രീതിയില്‍ മാറ്റമൊന്നും ഉണ്ടാകില്ലെന്നാണ് ഐപിഎല്ലിന്റെ ആഗോള സംപ്രേക്ഷണാവകാശം നേടിയിരിക്കുന്ന സ്റ്റാര്‍ സ്‌പോര്‍ട്‌സ് തലവന്‍ ഉദയ് ശങ്കര്‍ പറയുന്നത്. കളിക്കാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്ന് സ്റ്റാര്‍ സ്‌പോര്‍ട്‌സ് കണ്ടാല്‍ നിങ്ങള്‍ക്ക് മനസിലാകും. കളിയിലേക്കാണ് ശ്രദ്ധ കൊടുക്കേണ്ടത്. ഞങ്ങള്‍ അത് തന്നെയാകും തുടരുകയെന്നും ഉദയ് ശങ്കര്‍ വ്യക്തമാക്കുന്നു.

ഇന്ത്യന്‍ ക്രിക്കറ്റില്‍ സ്റ്റാര്‍ സ്‌പോര്‍ടിന്റെ കുത്തകയാണെന്ന വാദങ്ങളും ഉദയ് ശങ്കര്‍ തള്ളുന്നു. ബിസിസിഐ തങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന സംപ്രേക്ഷണാവകാശം ആറ് മാസത്തിനുള്ളില്‍ അവസാനിക്കും. ഇന്ത്യന്‍ ടീമാകട്ടെ അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ വിദേശത്തായിരിക്കും കൂടുതല്‍ മത്സരങ്ങളും കളിക്കുക. എന്നാല്‍ തങ്ങള്‍ക്ക് ഇംഗ്ലണ്ട്, ഓസ്‌ട്രേലിയന്‍ ബോര്‍ഡുകളുടെ അനുമതി ഇല്ലെന്നും ഉദയ് ശങ്കര്‍ പറയുന്നു.

കടുത്ത പോരാട്ടത്തിന് ഒടുവില്‍ അവസാന നിമിഷമാണ് 16,347.5 കോടിയുടെ ഐപിഎല്‍ സംപ്രേക്ഷണാവകാശം സ്റ്റാര്‍ ഇന്ത്യ നേടിയത്. പണക്കൊഴുപ്പിന്റെ മത്സരമായ ഐപിഎല്ലിനൊപ്പം വിവാദങ്ങളും എന്നുമുണ്ടായിരുന്നു. ഇതുകൂടാതെ ബിസിസിഐ സുപ്രീംകോടതിയുടെ നിരീക്ഷണത്തിലൂടെ കടന്നു പോകുന്നതും ഐപിഎല്ലിന്റെ സംപ്രേക്ഷണാവകാശം നേടിയെടുക്കുന്നതിന് മുന്‍പ് സ്റ്റാര്‍ ഇന്ത്യ കണക്കിലെടുത്തിട്ടുണ്ടോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com