ഇല്ല, അര്‍ജന്റീന ജയിച്ചിട്ടില്ല; റഷ്യ ലോകകപ്പ് യോഗ്യത തുലാസില്‍ തന്നെ

ഇല്ല, അര്‍ജന്റീന ജയിച്ചിട്ടില്ല; റഷ്യ ലോകകപ്പ് യോഗ്യത തുലാസില്‍ തന്നെ

ബ്യൂണസ് അയേഴ്‌സ്: റഷ്യ ലോകകപ്പിനുള്ള നിര്‍ണായക യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയ്ക്കു ജയിക്കാനായില്ല. ഇന്നു പുലര്‍ച്ചെ നടന്ന ലാറ്റിന്‍ അമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ വെനിസ്വേലയോട് സമനില വഴങ്ങിയ അര്‍ജന്റീനയുടെ യോഗ്യതാ സ്വപ്‌നങ്ങള്‍ തുലാസിലായി. സ്‌കോര്‍ 1-1.

ലയണല്‍ മെസി, പോളോ ഡിബാല, എയ്ഞ്ചല്‍ ഡിമരിയ,  മൗറോ ഇക്കാര്‍ഡി തുടങ്ങിയ വമ്പന്‍ താരനിരയുമായി സ്വന്തം മൈതാനത്ത് ദുര്‍ബലരായ വെനിസ്വേലയെ കീഴടക്കാന്‍ അര്‍ജന്റീനയ്ക്കു സാധിച്ചില്ല. കൂടുതല്‍ സമയം പന്ത് കൈവശം വെച്ചു കളിയില്‍ മേധാവിത്വം പുലര്‍ത്തിയെങ്കിലും ഗോള്‍ ലക്ഷ്യം കാണാന്‍ അര്‍ജന്റീന താരങ്ങള്‍ക്കായില്ല.

ഗോള്‍രഹിത ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയില്‍ ജോണ്‍ മ്യൂറില്ലോയിലൂടെ വെനിസ്വേല ആദ്യം ലക്ഷ്യം കണ്ടപ്പോള്‍ അര്‍ജന്റീന തോല്‍വി മണത്തു. എന്നാല്‍ മൂന്നുമിനുട്ടിനു ശേഷം വെനിസ്വേല സെല്‍ഫ് ഗോള്‍ വഴിങ്ങിയതോടെ അര്‍ജന്റീന രക്ഷപ്പെടുകയായിരുന്നു.

അതേസമയം, ഗ്രൂപ്പില്‍ മുന്നിലുള്ള ബ്രസീല്‍ കൊളംബിയയുമായി സമനിലയില്‍ പിരിഞ്ഞു. ബൊളീവിയയോട് ഏകപക്ഷീയമായ ഒരു ഗോളിനു തോറ്റ ചിലിക്കു യോഗ്യത പ്രതീക്ഷയ്ക്കു മങ്ങലേറ്റു. ജയിച്ചിരുന്നെങ്കില്‍ അര്‍ജന്റീനയ്ക്കു വെല്ലുവിളിയായിരുന്നു.

പത്ത് ടീമുകള്‍ മത്സരിക്കുന്ന ലാറ്റിന്‍ അമേരിക്കന്‍ മേഖലയില്‍ 16 മത്സരങ്ങളില്‍ നിന്ന് 24 പോയിന്റുള്ള അര്‍ജന്റീന അഞ്ചാമതാണ്. ഗ്രൂപ്പിലെ ആദ്യ നാല് സ്ഥാനനക്കാര്‍ നേരിട്ടു യോഗ്യത നേടും. അഞ്ചാം സ്ഥാനക്കാര്‍ പ്ലേ ഓഫ് ജയിച്ചു വേണം യോഗ്യത നേടാന്‍. ബ്രസീല്‍ ഇതിനോടകം തന്നെ യോഗ്യത നേടിക്കഴിഞ്ഞു.

16 മത്സരങ്ങളില്‍ നിന്ന് 27 പോയിന്റുള്ള ഉറുഗ്വയാണ് രണ്ടാം സ്ഥാനത്ത്. 16 മത്സരങ്ങളില്‍ നിന്ന് 26 പോയിന്റുമായി കൊളംബിയ മൂന്നും ഇത്രയും മത്സരങ്ങളില്‍ നിന്ന് 24 പോയിന്റുള്ള പെറു നാലാമതുമാണ്. ആറാം സ്ഥാനത്തുള്ള ചിലിക്കു 16 മത്സരങ്ങളില്‍ നിന്ന് 23 പോയിന്റുണ്ട്.

അടുത്ത മാസം അഞ്ചിനു പെറുവുമായും 10നു പെറുഇക്വഡോറുമായുമായാണ് അര്‍ജന്റീനയുടെ അടുത്ത ഇനിയുള്ള മത്സരങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com