നിങ്ങളൊരു പോണ്‍ സ്റ്റാറാണോ? മിതാലിക്കു നേരെ സദാചാര ആങ്ങളമാരുടെ ട്രോള്‍ വര്‍ഷം

ഇന്ത്യന്‍ ക്രിക്കറ്റ് താരം മിതാലി രാജാണ് ഇപ്പോള്‍ ഇന്ത്യയിലെ സദാചാര ആങ്ങളമാരെക്കൊണ്ട് കുടുങ്ങിയത്
നിങ്ങളൊരു പോണ്‍ സ്റ്റാറാണോ? മിതാലിക്കു നേരെ സദാചാര ആങ്ങളമാരുടെ ട്രോള്‍ വര്‍ഷം

എത്ര വലിയ കഴിവുള്ള ആളാണെങ്കിലും ഇന്ത്യക്കാര്‍ക്ക് സ്ത്രീകളെന്നാല്‍ ശരീരമാണ്. ഈ മോശം പ്രവണത വീണ്ടും വീണ്ടും ഇവര്‍ പ്രകടിപ്പിച്ച് സ്വയം താണുകൊണ്ടിരിക്കയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് താരം മിതാലി രാജാണ് ഇപ്പോള്‍ ഇന്ത്യയിലെ സദാചാര ആങ്ങളമാരെക്കൊണ്ട് കുടുങ്ങിയത്. ക്ലീവേജും കൈകളും കാണുന്ന വസ്ത്രം ധരിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ ട്വീറ്റ് ചെയ്തതിനാണ് മിതാലിയെ ആളുകള്‍ വിമര്‍ശനം കൊണ്ടു മൂടിയത്. 

ഫോട്ടോഷൂട്ടിന് ശേഷം കൂട്ടുകാരികളോടൊപ്പം നില്‍ക്കുന്ന ചിത്രമാണ് മിതാലി പോസ്റ്റ് ചെയ്തത്. ചിത്രം പ്രത്യക്ഷപ്പെട്ടത് മുതല്‍ അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകളും വന്നുതുടങ്ങി. ചിത്രം ഡിലീറ്റ് ചെയ്യൂ എന്നും ആളുകള്‍ നിങ്ങളെ മാതൃകയായി കാണുന്നുണ്ടെന്നും ഈ രീതിയില്‍ വസ്ത്രം ധരിച്ചാല്‍ അത് ഇല്ലാതാവുമെന്നുമായിരുന്നു ഒരാളുടെ ട്വീറ്റ്. നിങ്ങള്‍ സിനിമാനടിയല്ലെന്നും ക്രിക്കറ്റ് താരമാണെന്നും പിന്നെന്തിനാണ് ഇത്ര ഗ്ലാമറസാവുന്നതെന്നുമായിരുന്നു മറ്റൊരാളുടെ ട്വീറ്റ്. മിതാലിയുടെ ചിത്രങ്ങള്‍ കണ്ട് കുരുപൊട്ടിയ വിദ്വേഷകര്‍ നിങ്ങളൊരു പോണ്‍ സ്റ്റാറാണോ എന്നുവരെ ചോദിക്കുന്നുണ്ട്. ഈ സഹിഷ്ണുതയില്ലായ്മ ഏതറ്റം വരെയും പോകാം. ആരുടെയടുത്തും പ്രയോഗിക്കാം. 

സദാചാര ആങ്ങളമാരുടെ ട്രോള്‍ ആക്രമണങ്ങള്‍ക്ക് ഇരയാകുന്ന ആദ്യത്തെ നടിയൊന്നുമല്ല മിതാലി രാജ്. ഇതിവിടെ സ്ഥിരം സംഭവം തന്നെ. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്‌ക്കെതിരെ ഇത്തരത്തിലുള്ള ഒരു സദാചാര ആക്രമണം ഈയടുത്ത് കഴിഞ്ഞതേയുള്ളു. മുട്ടൊപ്പം വസ്ത്രം ധരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഇരുന്നതിനാണ് പ്രിയങ്കയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടന്നത്. ബെര്‍ലിനില്‍വെച്ച് മോഡിയുമായി കൂടിക്കാഴ്ച നടത്തിയ ചിത്രം പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പങ്കുെവച്ചിരുന്നു. ഇതില്‍ പ്രിയങ്ക ധരിച്ചിരുന്നത് കാല്‍മുട്ടുകള്‍ പുറത്തു കാണാവുന്ന തരത്തിലുള്ള ഉടുപ്പായിരുന്നു. ഇതിനെതിരെ വിചിത്രമായ വിമര്‍ശനങ്ങളും ഉപദേശങ്ങളുമായി ഒരുകൂട്ടം ആളുകള്‍ രംഗത്തെത്തുകയായിരുന്നു. 

മേരി ബേട്ടി ലിയോണ്‍ ബനാ ചാഹെ' എന്ന ഷോര്‍ട്ട് ഫിലിം, 'ഗണ്‍സ് ആന്‍ഡ് തൈസ്' എന്ന സീരിയല്‍ ഇവ യു ട്യൂബില്‍ റിലീസ് ചെയ്യുന്നതിനു വേണ്ടി ഉണ്ടാക്കിയ പ്രമോഷന്‍ വീഡിയോയില്‍ സംവിധായകന്‍ ഉപയോഗിച്ചത് മത്സരത്തിനിടെ സാനിയയുടെ അടിവസ്ത്രങ്ങള്‍ കാണുന്ന നിലയിലുള്ള ചിത്രമായിരുന്നു. ടെന്നിസ് കളിക്കാന്‍ മിടുക്കിയായ പെണ്‍കുട്ടിയെ അവളുടെ അച്ഛന്‍ അതിന് അനുവദിച്ചില്ല. ചെറിയ വസ്ത്രം ധരിക്കേണ്ടിവരുമെന്നതാണ് കാരണമായി പറഞ്ഞത്. ഒരു പെണ്‍കുട്ടിയുടെ ലൈംഗികതയെ അവള്‍ക്കെതിരായി പ്രയോഗിക്കാവുന്ന ഇത്തരം ഇടുങ്ങിയ ചിന്തകള്‍ക്കെതിരെയാണ് എന്റെ ഷോര്‍ട്ട് ഫിലിമെന്നാണ് രാം ഗോപാല്‍ വര്‍മ്മ ഈ ചിത്രത്തിന് നല്‍കിയ വിശദീകരണം. ഇവിടെയും സ്ത്രീ വെറുമൊരു ഉപാധി മാത്രമായി മാറുകയാണ്.

കേവലം ശരീരത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം സ്ത്രീ വിമര്‍ശിക്കപ്പെടുന്ന പ്രവണത തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. പുരുഷന് ശരീരപ്രദര്‍ശനം യോഗ്യതയാകുമ്പോള്‍ സ്ത്രീകള്‍ക്കത് ലൈംഗികതമാത്രമായി മാറുന്നതെന്തുകൊണ്ടാണ്? കാല്, കക്ഷം, ക്ലീവേജ്, തുട, പൊക്കിള്‍ ഇതിന്റെയെല്ലാം പേരില്‍ സ്ത്രീകള്‍ നിരന്തരം ആക്ഷേപിക്കപ്പെടുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com