6,6,6,6,6,6, മറന്നുവോ? പത്ത് വര്‍ഷം മുന്‍പ് ഈ ദിവസമാണ് യുവരാജ് സിക്‌സറുകളുടെ രാജാവായത്‌ 

6,6,6,6,6,6, മറന്നുവോ? പത്ത് വര്‍ഷം മുന്‍പ് ഈ ദിവസമാണ് യുവരാജ് സിക്‌സറുകളുടെ രാജാവായത്‌ 

യുവരാജ് സിങ്ങിനെ കുറിച്ച് ആലോചിക്കുമ്പോള്‍ പലരുടേയും മനസിലേക്ക് ആദ്യം എത്തുക ആദ്യ ട്വിന്റി20 ലോക കപ്പില്‍ ഇംഗ്ലണ്ടിനെതിരെ യുവി ഓവറിലെ മുഴുവന്‍ ബോളും അടിച്ചു പറത്തിയതാണ്. യുവരാജുമായി ഫ്‌ലിന്റോഫ് അന്ന് കൊമ്പു കോര്‍ത്തതിന്റെ പ്രത്യാഘാതം ഏല്‍ക്കേണ്ടി വന്നത് സ്റ്റുവര്‍ട്ട് ബ്രോഡിനായിരുന്നു. 

ഡര്‍ബനിലെ കിങ്‌സ്‌മെഡ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സെപ്തംബര്‍ 19, 2007നായിരുന്നു യുവിയുടെ ശൗര്യം ക്രിക്കറ്റ് ലോകം ശരിക്കും കണ്ടത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ അതുവരെ ഉണ്ടാകാത്തതും, അതിന് ശേഷം ഉണ്ടായിട്ടില്ലാത്തതുമായ നിമിഷമായിരുന്നു ഇംഗ്ലണ്ടിനെതിരായ പത്തൊന്‍പതാം ഓവറില്‍ കണ്ടത്. യുവരാജിന് മുന്‍പ് രവിശാസ്ത്രി ഓവറിലെ ആറ് പന്തും ബൗണ്ടറി ലൈനിന് മുകളിലൂടെ പറത്തിയിരുന്നു 1985ല്‍. പക്ഷെയത് രഞ്ജി ട്രോഫി മത്സരത്തിലായിരുന്നു.

ട്വിന്റി20 ക്രിക്കറ്റില്‍ ആദ്യമായി ഒരു ഓവറിലെ ആറ് പന്തും സിക്‌സറിന് പറത്തുന്ന താരവുമായി യുവരാജ് അന്ന്. പത്ത് വര്‍ഷം പിന്നിട്ടിട്ടും അതേ ചെറുപ്പമാണ് തനിക്ക് ഇപ്പോഴും തോന്നുന്നതെന്ന് യുവരാജ് പറയുന്നു. ട്വിന്റി20 ലോകകപ്പിനായി പോകുന്നതു വരെ താന്‍ റണ്‍സ് നേടുന്നില്ല എന്നായിരുന്നു വിമര്‍ശനം. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ പ്രകടനത്തോടെ വിമര്‍ശകരുടെ വായടപ്പിക്കാന്‍ തനിക്കായതായും യുവരാജ്. 

ട്വിന്റി20 ചരിത്രത്തിലെ ഏറ്റവും വേഗത്തിലുള്ള അര്‍ധശതകവും അന്ന് യുവി സ്വന്തം പേരിലാക്കിയിരുന്നു. ആറ് സിക്‌സറുകള്‍ പറത്തിയ യുവിക്ക് ഒരു കോടി രൂപയായിരുന്നു ബിസിസിഐ സമ്മാനം പ്രഖ്യാപിച്ചത്. 

ഫ്‌ലിന്റോഫുമായുള്ള വാക്ക് തര്‍ക്കമല്ല എല്ലാ ബോളും അടിച്ചു പറത്തുന്നതിന് എന്നെ പ്രേരിപ്പിച്ചത്. വരുന്ന ബോളുകളെ അതിനനുസരിച്ച് വിലയിരുത്തിയാണ് ഞാന്‍ ഷോട്ട് ഉതിര്‍ക്കുന്നത്. ആ സിക്‌സറുകള്‍ മുന്‍കുട്ടി പ്ലാന്‍ ചെയ്തതായിരുന്നില്ല. എന്നാല്‍ പെട്ടെന്നുള്ള പ്രകോപനത്തിന്റെ പുറത്ത് ഉണ്ടായതല്ലെന്നും യുവരാജ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com