കുല്‍ദീപ് യാദവ് കറക്കി: ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് തലകറങ്ങി: രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്കു ജയം

ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്ക്കു വേണ്ടി ഹാട്രിക്ക് നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരമെന്ന ബഹുമതിയാണ് ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് നേടിയത്.
കുല്‍ദീപ് യാദവ് കറക്കി: ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് തലകറങ്ങി: രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്കു ജയം

കൊല്‍ക്കത്ത: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്കു 50 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 252 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ കംഗാരുപ്പടയ്ക്കു 202 റണ്‍സെടുക്കുന്നതിനിടെ മുഴുവന്‍ വിക്കറ്റുകളും നഷ്ടമായി.

ഏകദിന മത്സരത്തില്‍ കുല്‍ദീപ് യാദവ് പുതിയ ചരിത്രം സൃഷ്ടിച്ചതിനും ഈഡന്‍ ഗാര്‍ഡന്‍ സാക്ഷിയായി. ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്ക്കു വേണ്ടി ഹാട്രിക്ക് നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരമെന്ന ബഹുമതിയാണ് ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് നേടിയത്.

ഓസ്‌ട്രേലിയന്‍ മധ്യനിര ബാറ്റ്‌സ്മാന്‍മാരായ മാത്യു വേഡ്, ആഷ്ടണ്‍ അഗര്‍, പാറ്റ് കുമ്മിന്‍സ് എന്നിവരുടെ വിക്കറ്റുകളാണ് കുല്‍ദീപ് നേടിയത്. ഈ മൂന്നു വിക്കറ്റുകള്‍ നേടിയതോടെ മത്സരം ഇന്ത്യയ്ക്കനുകൂലമായി. 2019 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമില്‍ 22 കാരനായ കുല്‍ദീപ് ഇതോടെ ഇടം നേടുമെന്നാണ് വിലയിരുത്തലുകള്‍.

ചെന്നൈയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ജയിച്ച ആത്മവിശ്വാസത്തോടെ രണ്ടാം ഏകദിനത്തിനിറങ്ങിയ ഇന്ത്യയാണ് ആദ്യം ബാറ്റ് ചെയ്തത്. വിരാട് കോഹ്ലിയുടെ 92 റണ്‍സും അജിന്‍ക്യ രഹാനെയുടെ 55 റണ്‍സും ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയപ്പോള്‍ 252 റണ്‍സാണ് നിശ്ചിത ഓവറില്‍ ഇന്ത്യ നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയന്‍ നിരയില്‍ 62 റണ്‍സെടുത്തു മാര്‍ക്കസ് സ്‌റ്റോയ്ണിസും 
 59 റണ്‍സെടുത്ത് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും പൊരുതി നോക്കിയെങ്കിലും ഇന്ത്യന്‍ ബോളര്‍മാര്‍ മികച്ച ഫോമിലേക്കുയര്‍ന്നത് ഓസീസ് ബാറ്റിങ്ങിനെ തകര്‍ത്തു.

ഇന്ത്യന്‍ നിരയില്‍ കുല്‍ദീപ് യാദവിനു പുറമെ ഭുവനേശ്വര്‍ കുമാറും മൂന്ന് വിക്കറ്റുകള്‍ കരസ്ഥമാക്കി. ഹാര്‍ദിക് പാണ്ഡ്യ, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com