വിജയന്‍ വന്ന വഴിയേ രാഹുല്‍; കളിച്ചത് പാടത്തും പറമ്പിലും പന്തുതട്ടി

സോഡ വില്‍പ്പനക്കാരനില്‍ നിന്നും ഇന്ത്യന്‍ ഫുട്‌ബോളിലെ എക്കാലത്തേയും മികച്ച താരമായുള്ള വിജയന്റെ കഥകള്‍ കേട്ടായിരുന്നു രാഹുലും വളര്‍ന്നത്
വിജയന്‍ വന്ന വഴിയേ രാഹുല്‍; കളിച്ചത് പാടത്തും പറമ്പിലും പന്തുതട്ടി

തൃശൂരു നിന്ന് മറ്റൊരു ഐ.എം.വിജയന്‍ കൂടി വളരുകയാണ്. ഫുട്‌ബോള്‍ അക്കാദമികളില്‍ പ്രഗത്ഭരായ പരിശീലകരുടെ കീഴില്‍ പന്ത് തട്ടി വളരാനുള്ള അവസരം മുന്‍ ഇന്ത്യന്‍ സ്‌ട്രൈക്കര്‍ വിജയനെ പോലെ രാഹൂല്‍ പ്രവീണ്‍ എന്ന തൃശൂര്‍ക്കാരനും ലഭിച്ചിട്ടില്ല. എങ്കിലും സ്വപ്രയത്‌നം കൊണ്ട് ഫിഫ അണ്ടര്‍ 17 ലോകകപ്പിലേക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിരിക്കുകയാണ് രാഹുല്‍. 

ഐ.എം.വിജയന്റെ ദേശത്ത് നിന്നും എട്ട് കിലോമീറ്റര്‍ മാത്രം അകലെ നിന്നാണ് രാഹുലും വരുന്നത്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ വിജയന്‍ അരങ്ങ് വാഴുമ്പോള്‍ രാഹുല്‍ ജനിച്ചിട്ടുകൂടി ഉണ്ടായിരുന്നില്ല. എന്നാല്‍ തൃശൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെ സോഡ വില്‍പ്പനക്കാരനില്‍ നിന്നും ഇന്ത്യന്‍ ഫുട്‌ബോളിലെ എക്കാലത്തേയും മികച്ച താരമായുള്ള വിജയന്റെ കഥകള്‍ കേട്ടായിരുന്നു രാഹുലും വളര്‍ന്നത്. 

രാഹുല്‍ പഠിക്കുന്ന ബെത്‌ലഹേം മുക്കാട്ടുകര സ്‌കൂളിന് സ്വന്തമായൊരു ഫുട്‌ബോള്‍ ടീം കൂടിയില്ല. സുഹൃത്തുക്കള്‍ക്കൊപ്പം പറമ്പുകളില്‍ ഫുട്‌ബോള്‍ കളിച്ചാണ് രാഹുലിന്റെ വളര്‍ച്ച. ഫുട്‌ബോളിനുള്ള അവന്റെ കഴിവ് തിരിച്ചറിഞ്ഞ് വേണ്ട പരിശിലനം നല്‍കാനുള്ളതൊന്നും തങ്ങള്‍ ചെയ്തിട്ടില്ലെന്ന് രാഹുലിന്റെ അച്ഛന്‍ പറയുന്നു. വേനലവധിക്ക് ഫുട്‌ബോള്‍ പരിശീലന ക്യാമ്പുകള്‍ രാഹുല്‍ തന്നെ അന്വേഷിച്ച് കണ്ടെത്തും. 

അവന്‍ ഫുട്‌ബോള്‍ കളിക്കുന്നത് കൂടി തങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് രാഹുലിന്റെ അമ്മ പറയുന്നത്. അവന്റെ ഉയര്‍ച്ചയില്‍ ഒരു അവകാശവും തങ്ങള്‍ക്കില്ലെന്നും അവര്‍ പറയുന്നു. സ്വപ്രയത്‌നത്താന്‍ വളരുകയാണ് രാഹുല്‍ എന്നതിന് മറ്റൊരു ഉദാഹരണം ചൂണ്ടിക്കാണിക്കേണ്ടി വരില്ല. വീടിന്റ പിറകിലെ പറമ്പില്‍ കളിച്ചു വളര്‍ന്ന മകന്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്നു എന്നതിന്റെ സന്തോഷം രാഹുലിന്റെ മാതാപിതാക്കള്‍ക്കുമുണ്ട്. എന്നാല്‍ വീട്ടുകാരുമായി യുദ്ധം ചെയ്താണ് താന്‍ ഫുട്‌ബോള്‍ കളിക്കുന്നതിനായി പോയിരുന്നതെന്ന് രാഹുലും പറയുന്നു. 

സ്വപ്രയ്തനത്താലാണ് വിജയനും രാഹുലും വളര്‍ന്നത് എന്ന സാമ്യം മാത്രമല്ല ഇരുവരും തമ്മിലുള്ളത്. ഇരുവരുടേയും കളിക്കും സാമ്യമുണ്ടെന്നാണ് രാഹുലിന്റെ ആദ്യ പരിശീലകനായ മുന്‍ കേരള രഞ്ജി ടീം പരിശീലകന്‍ എം.പീതാംബരന്‍ പറയുന്നത്. ബോക്‌സിനുള്ളിലേക്ക് പന്തുമായി കടക്കാന്‍ കണ്ടെത്തുന്ന എളുപ്പവഴിയാണ് രാഹുലിന്റെ പ്ലസ് പോയിന്റ്. പ്രഗത്ഭരായ ഫുട്‌ബോള്‍ താരങ്ങളില്‍ മാത്രമേ ഈ കഴിവ് കാണാന്‍ സാധിക്കുകയുള്ളു. വിജയന്‍ അത്തരമൊരു കളിക്കാരന്‍ ആയിരുന്നുവെന്ന് പരിശീലകന്‍ പറയുന്നു. 

2011ല്‍ തൃശൂര്‍ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ കോച്ചിങ് ക്യാമ്പില്‍ നിന്നാണ് പരിശീലകന്‍ പീതാംബരന്റെ ശ്രദ്ധയിലേക്ക് രാഹുല്‍ എത്തുന്നത്. അതായിരുന്നു രാഹുല്‍ പങ്കെടുത്ത ആദ്യ ഫുട്‌ബോള്‍ ക്യാമ്പ്. ആ വര്‍ഷം തന്നെ തൃശൂരിന്റെ അണ്ടര്‍ 14 ഫുട്‌ബോള്‍ ടീമിലേക്ക് രാഹുല്‍ തെരഞ്ഞെടുക്കപ്പെട്ടു. 

തൃശൂര്‍ അണ്ടര്‍ 14 ടീമിലെ മികച്ച പ്രകടനം രാഹുലിന് സംസ്ഥാന അണ്ടര്‍ 14 ടീമിലേക്ക് എത്തിച്ചു. 2013ലെ അണ്ടര്‍ 14 നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ ടോപ് സ്‌കോറര്‍ രാഹുലായിരുന്നു. അണ്ടര്‍ 14 നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തതിന് പിന്നാലെ തിരിച്ചെത്തിയ ഉടനെ രാഹുലിന് അണ്ടര്‍ 17 മാനേജ്‌മെന്റില്‍ നിന്നും വിളി വന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com