പുതിയ ക്രിക്കറ്റ് നിയമം സെപ്റ്റംബര്‍ 28 മുതല്‍; മാറ്റങ്ങള്‍ ഇവയാണ്‌

പുതിയ ക്രിക്കറ്റ് നിയമം സെപ്റ്റംബര്‍ 28 മുതല്‍; മാറ്റങ്ങള്‍ ഇവയാണ്‌

കളിക്കളത്തില്‍ മോശമായി പെരുമാറിയാല്‍ റെഡ് കാര്‍ഡ് കാണിച്ച് താരത്തെ പുറത്താക്കാം. പക്ഷെ അത് ക്രിക്കറ്റില്‍ നടക്കില്ല എന്നാണോ? ക്രിക്കറ്റിലും നടക്കും. സെപ്തംബര്‍ 28 മുതല്‍ കളി മാറുകയാണ്. 

പെരുമാറ്റം അതിരുവിട്ടാല്‍ പുറത്താകും

പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ചെറിയ ചില മാറ്റങ്ങള്‍ ക്രിക്കറ്റ് മൈതാനത്ത് നമുക്ക് കാണാം. അതിലൊന്നാണ് ഫുട്‌ബോളിലേത് പോലെ മോശം പെരുമാറ്റം നടത്തുന്ന താരങ്ങളെ ഗ്രൗണ്ടിന് പുറത്താക്കാന്‍ അമ്പയര്‍മാര്‍ക്ക് അനുവാദം നല്‍കുന്നത്. 

അംബയര്‍മാരെ വാക്കുകള്‍ കൊണ്ട് അധിക്ഷേപിക്കുകയോ, അവര്‍ക്ക് നേരെ ബലപ്രയോഗം നടത്തുകയോ, കളിക്കാര്‍ക്കോ മറ്റ് ഗ്രൗണ്ടിലെ ഏതൊരു വ്യക്തിക്ക് നേരെയും മോശമായ രീതിയില്‍ പെരുമാറിയാലോ ആ താരത്തെ കളിയില്‍ നിന്നും പുറത്താക്കാന്‍ പുതിയ നിയമം അമ്പയര്‍മാര്‍ക്ക് അനുവാദം നല്‍കുന്നു. 

ബാറ്റ് അളയ്ക്കാന്‍ അമ്പയറുണ്ടാകും

പുതിയ നിയമം ഓരോ ബാറ്റ്‌സ്മാന്റേയും ബാറ്റിന്റെ അളവ് പുനഃക്രമീകരിക്കുന്നു. 108 മില്ലി മീറ്റര്‍ വീതിയും, 67 മില്ലി മീറ്റര്‍ ഡെപ്ത്തും, 40 മില്ലിമീറ്റര്‍ എഡ്ജുമാണ് ബാറ്റുകള്‍ക്ക് വേണ്ട പുതിയ അളവ്. ബാറ്റ് അളയ്ക്കുന്നതിനായി ഉപകരണം അമ്പയര്‍മാരുടെ പക്കലുണ്ടാകും. 

റണ്‍ ഔട്ടിലും ബാറ്റ്‌സ്മാന് അനുകൂലമായ മാറ്റം

റണ്‍ ഔട്ടില്‍ വിധി നിര്‍ണയിക്കുന്നതിലും ഇനി മാറ്റമുണ്ടാകും. ക്രീസില്‍ ഗ്രൗണ്ടില്‍ ടച്ച് ചെയ്യാതെ ലൈനിന് മുകളില്‍ വായുവിലൂടെ ബാറ്റ് പോവുകയാണെങ്കില്‍ ഇനി ഔട്ട് വിധിക്കില്ല. സ്റ്റംമ്പ് തെറിക്കുന്നതിന് മുന്‍പ് ക്രീസ് ലൈനില്‍ സ്പര്‍ശിച്ചാല്‍ മാത്രമായിരുന്നു ഇതുവരെ നോട്ടൗട്ട് വിധിച്ചിരുന്നത്. 

ട്വിന്റി20യിലും ഇനി റിവ്യു സിസ്റ്റമുണ്ടാകും. ടെസ്റ്റിലാണെങ്കില്‍ റിവ്യൂവിന് അപ്പീല്‍ ചെയ്യാവുന്നതിന്റെ എണ്ണം കുറയ്ക്കും. 

ബൗണ്ടറി ലൈനീനു മുകളിലൂടെ ചാടി പിടിച്ച് പന്ത് പുറത്തേക്കിട്ട് രക്ഷപ്പെടുത്തുന്നതും ഇനി നടക്കില്ല. ബൗണ്ടറി ലൈനില്‍ തൊടാതെ ബോള്‍ പിടിച്ച് ബൗണ്ടറി ലൈനിന് പുറത്തേക്കെറിഞ്ഞാലും ഇനിയത് ബൗണ്ടറിയായി തന്നെ കണക്കാക്കും. 

വിക്കറ്റ് കീപ്പറുടേയോ, മറ്റ് ഫീല്‍ഡര്‍മാരുടേയോ ഹെല്‍മറ്റില്‍ തട്ടി വരുന്ന പന്ത്, അത് ക്യാച്ച് ആയാലും, റണ്‍ ഔട്ട് ആയാലും ഇനി ഔട്ട് വിധിക്കും. 

സെപ്തംബര്‍ 28ന് ശേഷം ഇന്ത്യ ഓസ്‌ട്രേലിയ മത്സരം നടക്കുന്നുണ്ടെങ്കിലും പുതിയ ക്രിക്കറ്റ് നിയമം ഈ പരമ്പരയ്ക്ക് ബാധകമാകില്ല. എന്നാല്‍ ഒക്ടോബര്‍ മധ്യത്തോടെയുള്ള ഇന്ത്യ-ന്യൂസിലാന്‍ഡ് മത്സരം പുതിയ നിയമം അനുസരിച്ചായിരിക്കും നടക്കുക. 

ശ്രീലങ്ക-പാക്കിസ്ഥാന്‍, ബംഗ്ലാദേശ്-സൗത്ത് ആഫ്രിക്ക എന്നിവരുടെ സെപ്തംബര്‍ 28ന് ആരംഭിക്കുന്ന മത്സരത്തോടെയായിരിക്കും പുതിയ ക്രിക്കറ്റ് നിയമങ്ങള്‍ പ്രാബല്യത്തില്‍ വരിക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com