ലോകോത്തര ബാറ്റ്‌സ്മാന്‍മാര്‍ എവിടെ? വേഗതയില്‍ അര്‍ധശതകം തികച്ചതിന്റെ റെക്കോര്‍ഡ് ഈ ഫാസ്റ്റ് ബൗളറിന്റെ പേരിലാണ്‌

ഏറ്റവും വേഗത്തില്‍ 50 വിക്കറ്റുകള്‍ വീഴ്ത്തുന്ന താരമെന്ന റെക്കോര്‍ഡും അഗാര്‍ക്കര്‍ തന്റെ പേരിലാക്കിയിരുന്നു
ലോകോത്തര ബാറ്റ്‌സ്മാന്‍മാര്‍ എവിടെ? വേഗതയില്‍ അര്‍ധശതകം തികച്ചതിന്റെ റെക്കോര്‍ഡ് ഈ ഫാസ്റ്റ് ബൗളറിന്റെ പേരിലാണ്‌

1990കള്‍ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിങ്ങിന്റെ മുഖമായിരുന്നു മുംബൈക്കാരനായ അജിത് അഗാര്‍ക്കര്‍. ഏറ്റവും വേഗത്തില്‍ 50 വിക്കറ്റുകള്‍ വീഴ്ത്തുന്ന താരമെന്ന റെക്കോര്‍ഡും അഗാര്‍ക്കര്‍ തന്റെ പേരിലാക്കിയിരുന്നു.

വേഗത്തില്‍ 50 വിക്കറ്റുകള്‍ പിഴുത ബാറ്റ്‌സ്മാന്‍ എന്ന റെക്കോര്‍ഡ് മാത്രമല്ല, ഏറ്റവും വേഗത്തില്‍ ഏകദിനത്തില്‍ അര്‍ധശതകം തികയ്ക്കുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ എന്ന റെക്കോര്‍ഡും അഗാര്‍ക്കറിന്റെ പേരിലാണ്. ലോകോത്തര ബാറ്റിങ് നിര നീലക്കുപ്പായത്തില്‍ വന്നു പോയ്‌ക്കൊണ്ടിരുന്നിട്ടും ഈ റെക്കോര്‍ഡ് ഇപ്പോഴും അഗാര്‍ക്കറിന്റെ പേരില്‍ തന്നെയാണ് എന്നതാണ് കൗതുകമുണര്‍ത്തുന്നത്. 

21 ബോളില്‍ നിന്നായിരുന്നു അഗാര്‍ക്കര്‍ 50 റണ്‍സ് നേടിയത്. 2000ല്‍ സിംബാബേയ്‌ക്കെതിരായ അഞ്ചാം ഏകദിനത്തിലായിരുന്നു ഇത്. 216-6 എന്ന നിലയില്‍ സ്‌കോര്‍ എത്തി നില്‍ക്കുമ്പോഴായിരുന്നു അഗാര്‍ക്കര്‍ ക്രീസിലേക്ക് എത്തുന്നത്. ഏഴാം വിക്കറ്റില്‍ അഗാര്‍ക്കര്‍ റീതിന്ദര്‍ സിങ് സോധിയുമായി ചേര്‍ന്ന് 85 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി സ്‌കോര്‍ 306-6 എന്ന നിലയിലേക്ക് എത്തിച്ചു. 

39 റണ്‍സിന് ഇന്ത്യ ആ കളി ജയിക്കുകയും, അഞ്ച് ഏകദിനങ്ങളുടെ പരമ്പര 4-1ന് സ്വന്തമാക്കുകയും ചെയ്തു.  85 റണ്‍സിന്റെ കൂട്ടുകെട്ടില്‍ 67 റണ്‍സും പിറന്നത് അഗാര്‍ക്കറിന്റെ ബാറ്റില്‍ നിന്നായിരുന്നു. 

ഏഴ് ഫോറുകളും, നാല് സിക്‌സും പറത്തിയായിരുന്നു ശരവേഗത്തിലുള്ള അഗാര്‍ക്കറിന്റെ അര്‍ധ സെഞ്ചുറി നേട്ടം. പതിനേഴ് വര്‍ഷങ്ങള്‍ക്കിപ്പുറവും അഗാര്‍ക്കറിന്റെ റെക്കോര്‍ഡ് ആര്‍ക്കും മറികടക്കാനാവാതെ തുടരുന്നു. ഏറ്റവും കുറവ് കളികള്‍ മാത്രം കളിച്ച് 200 വിക്കറ്റ് നേടുകയും, 1000 റണ്‍സ് തികയ്ക്കുകയും ചെയ്ത അഗാര്‍ക്കര്‍ മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തം പേരിലാക്കിയിരുന്നു.

മറ്റ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് നേരിടേണ്ടി വന്നിട്ടില്ലാത്ത സംഭവങ്ങളും അഗാര്‍ക്കര്‍ എന്ന ബാറ്റ്‌സ്മാന് നേരിടേണ്ടി വന്നിട്ടുണ്ട്. 1999-2000ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ഇടയില്‍ അടുപ്പിച്ച് ഏഴ് കളികളില്‍ അഗാര്‍ക്കാര്‍ പൂജ്യത്തിന് പുറത്തായി. അതില്‍ നാലും നേരിട്ട ആദ്യ ബോളില്‍ തന്നെയായിരുന്നു. ഈ പുറത്താകലിന് ശേഷം മറ്റൊരു പേര് കൂടി അഗാര്‍ക്കറിന് ലഭിച്ചു, ബോംബെ ഡക്ക് എന്ന്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com