20 ബോളില്‍ സെഞ്ചുറി, 9 ബോളില്‍ അര്‍ധ ശതകം? കപ്പുയര്‍ത്തുന്ന കോഹ് ലി? 2018ല്‍ കണ്‍മുന്നിലെത്തുക ഇവയെല്ലാമല്ലേ

ചെന്നൈയ്ക്കായി ധോനിയുടെ അടിച്ചു പറത്തലുകള്‍, പഞ്ചാബിന് വേണ്ടിയുള്ള അശ്വിന്റെ ഗൂഡനീക്കങ്ങള്‍, ഭൂമ്രയുടെ കിടിലന്‍ ഡെത്ത് ഓവറുകള്‍
20 ബോളില്‍ സെഞ്ചുറി, 9 ബോളില്‍ അര്‍ധ ശതകം? കപ്പുയര്‍ത്തുന്ന കോഹ് ലി? 2018ല്‍ കണ്‍മുന്നിലെത്തുക ഇവയെല്ലാമല്ലേ

20 ബോളില്‍ സെഞ്ചുറി? ഒന്‍പത് ബോളില്‍ അര്‍ധ ശതകം? കുട്ടിക്രിക്കറ്റ് പൂരം പതിനൊന്നാം സീസണിലേക്ക് കടക്കുമ്പോള്‍ ആരാധകരുടെ സ്വപ്‌നങ്ങളില്‍ ഇങ്ങനെ ചില കാര്യങ്ങളുണ്ട്. ചെന്നൈയ്ക്കായി ധോനിയുടെ അടിച്ചു പറത്തലുകള്‍, പഞ്ചാബിന് വേണ്ടിയുള്ള അശ്വിന്റെ ഗൂഡനീക്കങ്ങള്‍, ഭൂമ്രയുടെ കിടിലന്‍ ഡെത്ത് ഓവറുകള്‍...

ഏത് നിമിഷവും കളിയുടെ ഗതി തിരിക്കാന്‍ പ്രാപ്തിയുള്ള താരങ്ങളാണ് ഓരോ ടീമിലും. ആ താരങ്ങള്‍ പുതിയ ചാമ്പ്യനെ ഈ വര്‍ഷം തരുമോ? തന്ത്രങ്ങളില്‍ ആര് ജയിക്കും? ഇങ്ങനെ ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്ന ചില കാര്യങ്ങളുണ്ട്, അവയൊന്ന് നോക്കാം...

മുന്‍പേ ഇറങ്ങുന്ന ധോനി

ചെന്നൈ സൂപ്പര്‍ കിങ്‌സ് ധോനിയെ തോളിലേറ്റി കൊണ്ടുനടക്കുന്നത് പോലെ മറ്റൊരു ഫ്രാഞ്ചൈസിയും മറ്റൊരു നായകനേയും കൊണ്ടുനടന്നിട്ടില്ല. തലയില്‍ വിശ്വാസമര്‍പ്പിച്ച് ചിദംബരം സ്റ്റേഡിയത്തെ ചെന്നൈയുടെ ആരാധകപട മഞ്ഞക്കടലാക്കുമെന്ന് ഉറപ്പാണ്. ട്വിന്റി20യില്‍ ധോനിയുടെ ഫോം മങ്ങുകയാണെന്ന വിമര്‍ശനം ഉയരുന്നതിന് ഇടയിലാണ് ഈ ഐപിഎല്‍ വരുന്നത്. പക്ഷേ ധോനിയില്‍ ഇപ്പോഴും ചെന്നൈ ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നു. 

ചേസ് ചെയ്യുന്നതിന് ഇടയില്‍ ബാറ്റിങ് ഓര്‍ഡറില്‍ ആറാമനായോ, ഏഴാമനായോ ഇറങ്ങി സിക്‌സി പറത്തി ടീമിനെ ജയത്തിലെത്തിക്കുന്ന ധോനി ആരാധകര്‍ സ്വപ്‌നം കാണുന്നുണ്ടാകും. എന്നാല്‍ നാലാമനായോ, അഞ്ചാമനായോ ധോനി ഇറങ്ങണം എന്ന് ആഗ്രഹിക്കുന്നവരാണ് കൂടുതലും. ഐപിഎല്‍ പതിനൊന്നാം സീസണില്‍ ധോനിയില്‍ നിന്നും കൂടുതല്‍ ബാറ്റിങ് അത്ഭുതങ്ങള്‍ കാണണം എന്നുള്ളത് കൊണ്ട് ആരാധകര്‍ കാത്തിരിക്കുന്നത് അതാണ്, ബാറ്റിങ് ഓര്‍ഡറില്‍ മുന്നോട്ടു കയറി ഇറങ്ങുന്ന ധോനി. 

നാഗര്‍കോതിയും മവിയും

്അണ്ടര്‍ 19 ലോക കപ്പില്‍ ഇന്ത്യ കിരീടത്തിലേക്ക് കുതിക്കുമ്പോള്‍ രണ്ട് ഫാസ്റ്റ് ബൗളേഴ്‌സ് കൂടി വരവറിയിച്ചിരുന്നു. കമലേഷ് നാഗര്‍കോതിയും ശിവം മവിയും. 145 കിലോമീറ്റര്‍ വേഗതയിലെ പന്തുകളുമായിട്ടായിരുന്നു അവര്‍ ഓസീസ് ബാറ്റിങ് നിരയെ തകര്‍ത്തത്. ഐപിഎല്ലില്‍ മൂന്നാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന കൊല്‍ക്കത്തയുടെ ഭാഗമാണ് ഈ രണ്ട് യുവതാരങ്ങള്‍. വേഗതയും കൃത്യതയും ഒന്നിച്ചെത്തുന്ന ഇവരുടെ പന്തുകളുടെ ഭംഗി കൂടി കാണാനാണ് പതിനൊന്നാം സീസണിലേ ആരാധകരുടെ കാത്തിരിപ്പ്. 

ലെഗ് സ്പിന്നും ഗൂഗ്ലിയും നിറയുന്ന ഐപിഎല്‍

ചഹല്‍, കുല്‍ദീപ്, പീയുഷ് ചൗള, റാഷിദ് ഖാന്‍, ഇമ്രാന്‍ താഹിര്‍, കര്‍ണ് ശര്‍മ, അമിത് മിശ്ര, മിജീബ് സദ്രന്‍, സഹിര്‍ ഖാന്‍, എന്തിന് ആര്‍ അശ്വിന്‍ വരെ ലെഗ് സ്പിന്ന പ്രാക്ടീസ് ചെയ്യുന്നു. സ്പിന്നര്‍മാരെ കശാപ്പ് ചെയ്യുന്ന ഐപിഎല്ലില്‍ ബാറ്റ്‌സ്മാനെ കുടുക്കാനായുള്ള തന്ത്രങ്ങളുമായിട്ടായിരിക്കും ഇവരുടെ വരവ്. സ്റ്റമ്പിങ്ങിലൂടേയും, കൗശലത്തിലൂടെ വിക്കറ്റ് പിഴുതും, കുറ്റി തെറിപ്പിച്ചുമെല്ലാം ടീമിന് ഇടവേള നല്‍കി ക്രിക്കറ്റ് പ്രേമികളെ ത്രില്ലടിപ്പിക്കാനായിരിക്കും സ്പിന്നര്‍മാരുടെ വരവ്. 

അശ്വിന്റെ തന്ത്രങ്ങള്‍

നായക സ്ഥാനത്ത് അശ്വിന്‍ മെനയുന്ന തന്ത്രങ്ങള്‍ക്ക് കൂടി കാണുന്നതിനായിട്ടാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇതുവരെ കിരീടത്തിനടുത്തേക്ക് പറയത്തക്ക മുന്നേറ്റം നടത്താന്‍ സാധിക്കാത്ത ടീമിനെ മുന്നില്‍ നിന്നു നയിക്കുമ്പോള്‍ വലിയ താരനിരയെ ഉപയോഗപ്പെടുത്തി അശ്വിന്‍ പുറത്തെടുക്കുന്ന തന്ത്രങ്ങള്‍ എന്തായിരിക്കും എന്നാണ് ആരാധകരുടെ ആകാംക്ഷകളില്‍ മറ്റൊന്ന്. 

ഓരോ കളിയിലും പൊളിച്ചെഴുതുന്ന ലൈനപ്പ്, ബാറ്റിങ് ഓര്‍ഡറിലെ അഴിച്ചുപണി, താന്‍ തന്നെ ബൗളിങ് ഓപ്പണ്‍ ചെയ്യുന്നത്, എതിര്‍ ടീമുകള്‍ക്ക് സര്‍പ്രൈസ് കൊടുക്കുന്ന ഫീല്‍ഡിങ് നീക്കങ്ങള്‍...അങ്ങിനെ ഏതിര്‍ നായകന്മാരെ കുഴയ്ക്കുന്ന ചിന്തകളുമായി കളം നിറയുന്ന നായകനെയാണ് അശ്വിനിലും നിന്നും പ്രതീക്ഷിക്കുന്നത്. 

പുതിയ ചാമ്പ്യന്‍

ഓരോ വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷവും മുംബൈ കിരീടം ചുടുമെന്നത് നിയമം പോലെയാണെന്നാണ് ക്രിക്കറ്റ് ലോകത്തെ തമാശയായി പറയുന്നത്(2013, 2015, 2017). അങ്ങിനെ എങ്കില്‍ ഈ വര്‍ഷം മുംബൈ കിരീടം ചൂടുന്നതിന് ഒരു ഇടവേള എടുക്കാം. പ്ലേഓഫിലേക്ക് കടക്കാന്‍ കരുത്തരാണ് ചെന്നൈയും കോല്‍ക്കത്തയും. സണ്‍റൈസേഴ്‌സ് ഉയര്‍ത്തെഴുന്നേറ്റ് വന്നതും, രാജസ്ഥാന്‍ റോയല്‍സിന്റെ മുന്നേറ്റവുമെല്ലാം ഐപില്‍ ചരിത്രത്തിലേക്ക് നോക്കിയാല്‍ നമുക്ക് കാണാനാവും, 

ഇതുവരെ കിരീടം ചൂടാനാവാത്ത കോഹ് ലിയുടെ ബാംഗ്ലൂരിലേക്കാണ് ക്രിക്കറ്റ് പ്രേമികള്‍ കൂടുതലും ഉറ്റുനോക്കുന്നത്. കരിയറിലെ മികച്ച ഫോമില്‍ നില്‍ക്കുന്ന കോഹ് ലി, ഇന്ത്യയെ തുടരെ ജയങ്ങളിലേക്ക് എത്തിക്കുന്ന കോഹ് ലി എന്ന നായകന്‍. ഇത്തവണ കിരീടത്തിലേക്ക് ബാംഗ്ലൂര്‍ വലിയ മുന്നേറ്റം നടത്തുന്നത് പ്രതീക്ഷിച്ച് കൂടിയാണ് ഐപിഎല്‍ പതിനൊന്നാം സീസണ്‍ ആരംഭിക്കുന്നത്. 

ചെറിയ സ്‌കോറുകളിലെ ത്രില്ലറുകള്‍

ബൗളര്‍മാര്‍ ആധിപത്യം പുലര്‍ത്തുന്ന കളികള്‍ ഐപിഎല്ലിന്റെ ത്രില്ലറുകളില്‍ ഒന്നാണ്. ആദ്യം ബാറ്റ് ചെയ്ത ടീമിനെ ചുരുട്ടിക്കെട്ടുന്നതാവട്ടെ 60 റണ്‍സിന്. ചെയ്‌സ് ചെയ്ത സംഘം 59 റണ്‍സിന് ഓള്‍ ഔട്ട് ആയാലോ...അവസാന നിമിഷം വരെ നെഞ്ചിടിപ്പ് കൂട്ടുന്ന ഇത്തരം കളികള്‍ കൂടി ആരാധകര്‍ സ്വപ്‌നം കാണുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com