കാവേരി പ്രക്ഷോഭം; ചെന്നൈയുടെ ഹോം മത്സരങ്ങളുടെ വേദി മാറ്റി, കേരളത്തിലേക്കെത്താന്‍ സാധ്യത
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th April 2018 04:07 PM |
Last Updated: 11th April 2018 04:35 PM | A+A A- |
ചെന്നൈ: കാവേരി പ്രക്ഷോഭം ശക്തമാകുന്ന പശ്ചാത്തലത്തില്‍ ഐപിഎല്ലിലെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹോം മത്സരങ്ങളുടെ വേദി മാറ്റി. ചെന്നൈയുടെ ആറ് ഹോം മത്സരങ്ങളാണ് ചെപ്പോക്കില്‍ നിന്നും മറ്റൊരു വേദിയിലേക്ക് മാറ്റിയിരിക്കുന്നത്.
കല്‍ക്കത്തയ്‌ക്കെതിരെ ചെന്നൈയില്‍ നടന്ന മത്സരത്തില്‍ കാവേരി പ്രക്ഷോഭം ഉന്നയിച്ചുള്ള പ്രതിഷേധങ്ങളും അലയടിച്ചിരുന്നു. ചെന്നൈയില്‍ ഐപിഎല്‍ മത്സരങ്ങള്‍ വിലക്കണം എന്ന ആവശ്യം ഉന്നയിച്ച് നൂറുകണക്കിന് പ്രതിഷേധക്കാരായിരുന്നു എം.എ.ചിദംബര സ്‌റ്റേഡിയത്തിന് പുറത്തെ പ്രതിഷേധവുമായി എത്തിയത്. മത്സരത്തിനിടയില്‍ ജഡേജ, ഡു പ്ലസി ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് നേരെ ഗ്യാലറിയില്‍ നിന്നും ഗ്രൗണ്ടിലേക്ക് ഷൂ എറിയുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഹോം മത്സരങ്ങളുടെ വേദി മാറ്റുന്നത്.
പകരം വേദി ഏതെന്നത് സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകും. ചെന്നൈയുടെ ഹോം മത്സരങ്ങള്‍ നടത്തുന്നതിന് വേദിയായി കേരളവും പരിഗണനയിലുണ്ടായിരുന്നു. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം മത്സരം നടത്താന്‍ സന്നദ്ധമാണെന്ന് കെസിഎ ബിസിസിഐയേയും ചെന്നൈ സൂപ്പര്‍ കിങ്‌സ് മാനേജ്‌മെന്റിനെ അറിയിക്കുകയും ചെയ്തിരുന്നു. കേരളത്തിലേക്ക് മത്സരം മാറ്റിയാല്‍ ലഭിക്കുന്ന കാണികളുടെ പിന്തുണയും വേദി ഗ്രീന്‍ഫീല്‍ഡിലേക്ക് മാറ്റുന്നതിന് അനുകൂല ഘടകമാണ്.