സിറ്റിയേയും മടക്കി, ബാഴ്‌സയും മടങ്ങി; കിരീടത്തിലേക്ക് വഴി തുറന്ന ലിവര്‍പൂളിന് റയലിന്റെ മുന്നറിയിപ്പ്‌

ഞങ്ങള്‍ക്ക്‌ ഞങ്ങളുടെ ഫോം തിരികെ കിട്ടി കഴിഞ്ഞു എന്നായിരുന്നു ലിവര്‍പൂളിനെ ചൂണ്ടി റയലിന്റെ പ്രതികരണം
സിറ്റിയേയും മടക്കി, ബാഴ്‌സയും മടങ്ങി; കിരീടത്തിലേക്ക് വഴി തുറന്ന ലിവര്‍പൂളിന് റയലിന്റെ മുന്നറിയിപ്പ്‌

ലിവര്‍പൂളിന് വേണ്ടി ഓരോ തവണ സല വലകുലുക്കുമ്പോഴും റോമ ആരാധകര്‍ക്ക് അത് നിരാശയിലേക്കായിരുന്നു വഴി തുറന്നിരുന്നത്. എന്നാല്‍ തോല്‍വിയറിയാതെ മുന്നേറിയ ബാഴ്‌സയെ തറപറ്റിച്ച് ഫുട്‌ബോള്‍ ലോകത്തെ അത്ഭുതപ്പെടുത്തിയായിരുന്നു ചാമ്പ്യന്‍സ് ലീഗ് സെമിയിലേക്കുള്ള റോമയുടെ കയറ്റം. 

ക്വാര്‍ട്ടര്‍ ഫൈനലില്‍ എതിരാളികള്‍ ആരെല്ലാമാകുമെന്ന് വ്യക്തമാക്കുന്ന ഡ്രോ വരുന്നതിന് മുന്‍പ്, ലിവര്‍പൂള്‍ ഉള്‍പ്പെടെയുള്ള വമ്പന്‍ ടീമിന്റെ ആരാധകരെല്ലാം റോമയെ എതിരാളിയായി കിട്ടിയാല്‍ കാര്യങ്ങള്‍ എളുപ്പമാകും എന്നായിരുന്നു കരുതിയിരുന്നത്. റോമയെ എതിരാളിയായി കിട്ടിയ ബാഴ്‌സയുടെ ആരാധകരും സന്തോഷിച്ചു. എന്നാല്‍ സലയെ നഷ്ടപ്പെട്ടതിന് ശേഷവും സെമിയിലേക്ക് കടക്കുന്ന റോമ എന്നത് ഫുട്‌ബോള്‍ ലോകത്തെ അത്ഭുതം തന്നെയാണ്. ലിവര്‍പൂള്‍ കോച്ച് ക്ലോപ്പ് ചൂണ്ടിക്കാണിക്കുന്നതും അത് തന്നെയാണ്. 

മൂന്ന് ഗോളുകള്‍ക്ക് എന്‍ഫീല്‍ഡില്‍ സിറ്റിയെ ഞെട്ടിച്ചതിന് പിന്നാലെ സിറ്റിയുടെ തട്ടകത്തിലും ക്ലോപ്പും സംഘവും നിറഞ്ഞാടുന്നതായിരുന്നു കണ്ടത്. മത്സരം തുടങ്ങി 117ാം സെക്കന്റില്‍ പിറന്ന ഗോള്‍ സിറ്റിയെ ഇനി പിടിച്ചാല്‍ കിട്ടില്ലെന്ന സൂചനയാണ് ആരാധകര്‍ക്ക് നല്‍കിയത് എങ്കില്‍ ഗോള്‍ വല കുലുക്കുന്നത് പതിവാക്കിയ സലയും, ഏത് നിമിഷവും വല കുലുക്കാന്‍ പ്രാപ്തനായ ഫിര്‍മിനോയും സിറ്റിയെ ചിത്രത്തില്‍ നിന്നേ മായ്ച്ചു കളഞ്ഞു.

രണ്ട് ക്വാര്‍ട്ടറുകളില്‍ നിന്നായി അഞ്ച് ഗോളുകളാണ് സിറ്റിക്ക് മേല്‍ ലിവര്‍പൂള്‍ അടിച്ചു കൂട്ടിയത്. വഴങ്ങിയതാവട്ടെ ഒരു ഗോള്‍ മാത്രം. സീസണില്‍ ഇതുവരെ മൂന്ന് തവണ സിറ്റിയെ  ലിവര്‍പൂള്‍ തോല്‍പ്പിച്ചു കഴിഞ്ഞു, മറ്റൊരു ടീമിനും സാധിക്കാത്തതും. ഗാര്‍ഡിയോളയെ ഏറ്റവും കൂടുതല്‍ തവണ തോല്‍പ്പിച്ചതിന്റെ റെക്കോര്‍ഡും ക്ലോപ്പ് തന്റെ പേരിലാക്കി. 

സെമിയില്‍ റോമയെ എതിരാളികളായി കിട്ടിയാല്‍ ലിവര്‍പൂളിന് തന്നെയാണ് മുന്‍തൂക്കം. റോമയ്‌ക്കെതിരെ സല കളിക്കുന്നതിന്റെ കൗതുകം കൂടിയുണ്ടാകും ഫുട്‌ബോള്‍ ലോകത്തിന്. എന്നാല്‍ ബാഴ്‌സയെ തകര്‍ത്തെത്തുന്ന റോമ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്ക് മുന്നേറാനുള്ള കരുത്തുണ്ട് തങ്ങള്‍ക്കുണ്ടെന്ന് വ്യക്തമാക്കുന്നു. 

റയല്‍ എതിരാളിയായി എത്തിയാല്‍? 

ക്ലോപ്പിന്റെ ഡോര്‍ട്ട്മുണ്ടും റയല്‍ മാഡ്രിഡും 2012-13 ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ നേര്‍ക്കു നേര്‍ വന്നിരുന്നു. ഒന്നാം പാദ സെമിയില്‍ 4-1ന് റയലിനെ തകര്‍ത്ത ഡോര്‍ട്ട്മുണ്ട് പക്ഷെ രണ്ടാം സെമിയില്‍ പരുങ്ങി. എന്നാല്‍ 4-3 അഗ്രഗേറ്റ് സ്‌കോറില്‍ ഡോര്‍ട്മുണ്ട് ഫൈനലില്‍ ബയേണിന്റെ എതിരാളികളായെത്തി. എന്നാല്‍ സിറ്റിയെ തോല്‍പ്പിച്ച് മുന്നേറുന്ന ലിവര്‍പൂളിന് റയല്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ഞങ്ങള്‍ക്ക്‌ ഞങ്ങളുടെ ഫോം തിരികെ കിട്ടി കഴിഞ്ഞു എന്നായിരുന്നു ലിവര്‍പൂളിനെ ചൂണ്ടി റയലിന്റെ പ്രതികരണം.

ടീമില്‍ തലവേദന തീര്‍ക്കുന്നതായി ആരുമില്ലെന്നതാണ് ക്ലോപ്പിന്റെ പ്ലസ് പോയിന്റ്. സലയെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. ചാമ്പ്യന്‍സ് ലീഗിലെ ഗോള്‍ നേട്ടം ഒന്‍പതിലേക്ക് ഉയര്‍ത്തിയ ഫിര്‍മിനോയും, മനേയും, മധ്യനിരയില്‍ ജെയിംസ് മില്‍നറിന്റേയും വിജ്‌നാല്‍ഡുമിന്റേയുമെല്ലാം കളിയും ലിവര്‍പൂളിന്റെ ശക്തി കൂട്ടുന്നതാണ്. ചാമ്പ്യന്‍സ് ലീഗിലെ അസിസ്റ്റ് ടേബിളില്‍ മുന്നില്‍ നില്‍ക്കുന്നത് മില്‍നറാണ്. 

കണക്കുകള്‍ കൂട്ടിയും കിഴിച്ചും നോക്കുമ്പോള്‍ തങ്ങളുടെ ആറാം ചാമ്പ്യന്‍സ് ലീഗ് കിരീടം ക്ലോപ്പിന്റേയും സംഘത്തിന്റേയും തൊട്ടുമുന്നിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com