പത്ത് വയസുകാരനായിരുന്നു ഐപിഎല്‍ തുടങ്ങുമ്പോള്‍, ഇനിയും ഈ കളി തുടര്‍ന്നാല്‍ കോഹ് ലിക്ക് രക്ഷയില്ല

ബാറ്റ്‌സ്മാന്‍മാരെ വട്ടം ചുറ്റിക്കുന്ന ചഹലിനോടും, കുല്‍ദീപിനോടുമുള്ള കോഹ് ലിയുടെ താത്പര്യം ഈ കളി തുടര്‍ന്നാല്‍ മായങ്കിലേക്കും എത്തുമെന്ന് ഉറപ്പ്
പത്ത് വയസുകാരനായിരുന്നു ഐപിഎല്‍ തുടങ്ങുമ്പോള്‍, ഇനിയും ഈ കളി തുടര്‍ന്നാല്‍ കോഹ് ലിക്ക് രക്ഷയില്ല

ഐപിഎല്ലിന്റെ ആദ്യ സീസണിനായി ആരവം ഉയരുമ്പോള്‍ പത്ത് വയസായിരുന്നു മായങ്ക് മര്‍ക്കണ്ടേയുടെ പ്രായം. പതിനൊന്നാം സീസണിലേക്ക് ഐപിഎല്‍ എത്തുമ്പോള്‍ പര്‍പ്പിള്‍ ക്യാപ്പ്  ഈ ഇരുപതുകാരന്റെ തലയിലാണെന്നതാണ് ക്രിക്കറ്റ് ലോകത്ത് കൗതുകമുണര്‍ത്തുന്നത്. 

സണ്‍റൈസേഴ്‌സ് അനായാസ ജയം നേടുമെന്ന് തോന്നിച്ചിടത്തായിരുന്നു മായങ്കിന്റെ ബൗളുകള്‍ അത്ഭുതം  തീര്‍ത്തത്. ഓരോ വിക്കറ്റ് വീഴ്ത്തുമ്പോഴും വലിയ ആഘോഷങ്ങള്‍ മായങ്കില്‍ നിന്നും പിറന്നില്ല, ഒരു ചിരിയില്‍ ആ ആഘോഷങ്ങളും സന്തോഷങ്ങളുമെല്ലാം ഒതുങ്ങുകയായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് വരവറിയിക്കുകയാണ് മായങ്ക് എന്ന് ധോനിയെ എല്‍ബിഡബ്ല്യുവില്‍ കുടുക്കിയപ്പോള്‍ തന്നെ ക്രിക്കറ്റ് ലോകത്തിന് വ്യക്തമായിരുന്നു. 

അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കായിരുന്നു മുംബൈ മായങ്കിനെ സ്വന്തമാക്കിയത്. എന്നാല്‍ മുബൈയ്ക്ക് കയ്യില്‍ കിട്ടിയത് പൊന്നും വിലയുള്ള മുതലായിരുന്നു. രണ്ട് മത്സരങ്ങള്‍ മാത്രമേ മുംബൈ ഇന്ത്യന്‍സ് കളിച്ചു കഴിഞ്ഞിട്ടുള്ളു എങ്കിലും താന്‍ എത്രമാത്രം ടീമിന് അവിഭാജ്യ ഘടകമാണ് മായങ്ക് ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞു. 

148 എന്ന കുറഞ്ഞ സ്‌കോര്‍ പ്രതിരോധിക്കാനിറങ്ങിയ മുംബൈയ്ക്ക് വേണ്ടി വൃദ്ധിമാന്‍ സാഹയുടെ വിക്കറ്റ് പിഴുതായിരുന്നു മായങ്ക് ഹൈദരാബാദിന്റെ രക്തം കുടിച്ചു തുടങ്ങിയത്. ഗൂഗ്ലിയില്‍ സാഹയെ വീഴ്ത്തിയതിന് പിന്നാലെ അടിച്ചു കളിക്കുകയായിരുന്ന ധവാനേയും മടക്കി. പിന്നെത്തെ ഓവറില്‍ മനീഷ് പാണ്ഡേയും മടക്കി മുംബൈ മത്സരത്തിലേക്ക് തിരിച്ചു വന്നത് മായങ്കിന്റെ മാത്രം കരുത്തിലായിരുന്നു. 

കൈക്കുഴ കുഴക്കി ബോളുകളിലൂടെ ബാറ്റ്‌സ്മാന്‍മാരെ വട്ടം ചുറ്റിക്കുന്ന ചഹലിനോടും, കുല്‍ദീപിനോടുമുള്ള കോഹ് ലിയുടെ താത്പര്യം ഈ കളി തുടര്‍ന്നാല്‍ മായങ്കിലേക്കും എത്തുമെന്ന് ഉറപ്പ്.വിക്കറ്റുകള്‍ ഇങ്ങനെ വീഴ്ത്തിക്കൊണ്ടിരുന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് മായങ്കിനെ എടുക്കാതെ കോഹ് ലിക്ക് ഒരു രക്ഷയുമുണ്ടാകില്ല. കുല്‍ദീപും, ചഹലും ഭൂമ്രയുമെല്ലാം ഇന്ത്യന്‍ കുപ്പായത്തിലേക്ക് എത്തിയത് ഐപിഎല്ലിലൂടേയായിരുന്നു. അശ്വിനും, ജഡേജയും മുഖ്യധാരയില്‍ ശ്രദ്ധ നേടിയതും ഐപിഎല്ലിലൂടെയായിരുന്നു. ആ വഴി മയങ്കിന് മുന്നിലും തുറന്നു വരികയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com