ഐപിഎല്‍ ജയിക്കാനാണ് എത്തിയിരിക്കുന്നത്, അല്ലാതെ യുവ താരങ്ങളെ വളര്‍ത്താനല്ലെന്ന് ചെന്നൈ കോച്ച് 

യുവ താരങ്ങളെ വളര്‍ത്തിയെടുക്കുന്നതിന് വേണ്ടിയല്ല ഞാന്‍ ഇവിടെ എത്തിയിരിക്കുന്നത്. ഫ്രാഞ്ചൈസിക്ക് വേണ്ടി ടൂര്‍ണമെന്റ് ജയിക്കുകയാണ് എന്റെ ലക്ഷ്യം
ഐപിഎല്‍ ജയിക്കാനാണ് എത്തിയിരിക്കുന്നത്, അല്ലാതെ യുവ താരങ്ങളെ വളര്‍ത്താനല്ലെന്ന് ചെന്നൈ കോച്ച് 

ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം അംഗങ്ങളുടെ പ്രായത്തെ ചൊല്ലി ഉയരുന്ന ചര്‍ച്ചകളെ തള്ളി ചെന്നൈ കോച്ച് സ്റ്റീഫെന്‍ ഫ്‌ലെമിങ്. ഐപിഎല്‍ കിരീടം ഉയര്‍ത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. അല്ലാതെ യുവ താരങ്ങളെ വളര്‍ത്തിക്കൊണ്ടു വരികയല്ലെന്നാണ് ഫ്‌ലെമിങ് പറയുന്നത്. 

അവര്‍ 35-36ല്‍ എത്തിയവരാണ്. 55-56ഉം അല്ല അവരുടെ പ്രായം. പരിചയ സമ്പത്തിനെ വിലമതിക്കേണ്ടതാണ്. യുവ താരങ്ങളെ വളര്‍ത്തിയെടുക്കുന്നതിന് വേണ്ടിയല്ല ഞാന്‍ ഇവിടെ എത്തിയിരിക്കുന്നത്. ഫ്രാഞ്ചൈസിക്ക് വേണ്ടി ടൂര്‍ണമെന്റ് ജയിക്കുകയാണ് എന്റെ ലക്ഷ്യം. അതുകൊണ്ടാണ് പരിചയ സമ്പത്തിന് ഞങ്ങള്‍ വില നല്‍കുന്നത്. ആ പരിചയ സമ്പത്ത് ഞങ്ങള്‍ക്ക് ടൂര്‍ണമെന്റില്‍ സാധ്യത നല്‍കുന്നു എന്നാണ് ഞങ്ങള്‍ വിലയിരുത്തുന്നതെന്നും ഫ്‌ലെമിങ് വ്യക്തമാക്കുന്നു. 

ജനുവരിയില്‍ ഐപിഎല്‍ പതിനൊന്നാം സീസണിനായുള്ള താര ലേലം കഴിഞ്ഞതിന് പിന്നാലെ വയസന്‍ പടയെന്ന വിമര്‍ശനം ചെന്നൈയ്ക്ക് നേരിട്ടിരുന്നു. അമ്പാട്ടി റായിഡു(32), കേഥാര്‍ ജാദവ്(33), മുരളി വിജയ്(34), ഷെയിന്‍ വാട്‌സന്‍(36), ഹര്‍ഭജന്‍ സിങ്(37), ഇമ്രാന്‍ താഹിര്‍(39) എന്നീ മുപ്പത് കടന്ന താരങ്ങളെ ടീമിലെത്തിക്കാന്‍ ചെന്നൈ മടി കാണിച്ചില്ല. 

മറ്റ് ടീമുകള്‍ പരിചയസമ്പത്തും യുവത്വവും ബാലന്‍സ് ചെയ്ത് ടീം രൂപീകരിച്ചപ്പോള്‍ പരിചയ സമ്പത്തിനായിരുന്നു ചെന്നൈയുടെ മുന്‍തൂക്കം. എട്ട് വര്‍ഷം ഐപിഎല്‍ കളിച്ചതില്‍ നിന്നും ആറ് തവണ ചെന്നൈ ഫൈനലില്‍ എത്തിയിരുന്നു. സ്‌ക്വാഡിനെ തെരഞ്ഞെടുക്കുന്നതിലെ മികവ് കൂടിയായിരുന്നു ചെന്നൈയ്ക്ക് ഈ നേട്ടം നേടിക്കൊടുത്തത്. വയസന്‍ പടയെന്ന് വിമര്‍ശിച്ച ഈ സംഘത്തിനൊപ്പം മൂന്നാം കിരീടം എന്ന ലക്ഷ്യത്തിലേക്ക് ചെന്നൈ എത്തുമോയെന്നാണ് ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com