പ്ലേയിങ് ഇലവനില്‍ ഇടംലഭിക്കാതെ അപമാനം; ഒടുവില്‍ കളി തന്നെ മാറ്റി മറിച്ച് ബേസില്‍ തമ്പി

സൂര്യകുമാറിനെ ക്രീസില്‍ നിന്നും മടക്കി മുംബൈയുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തുകയായിരുന്നു ബേസില്‍
പ്ലേയിങ് ഇലവനില്‍ ഇടംലഭിക്കാതെ അപമാനം; ഒടുവില്‍ കളി തന്നെ മാറ്റി മറിച്ച് ബേസില്‍ തമ്പി

119 എന്ന ചെറിയ സ്‌കോറില്‍ സണ്‍റൈസേഴ്‌സിനെ പുറത്താക്കിയതിന് പിന്നാലെ സച്ചിന്റെ ജന്മദിനം ആഘോഷിച്ച് മുംബൈ ജയത്തിലേക്ക് പറന്നെത്തുമെന്നായിരുന്നു മുംബൈയുടെ ആരാധകര്‍ പ്രതീക്ഷിച്ചത്. പക്ഷേ തകര്‍ന്നടിയുകയായിരുന്നു മുംബൈ ബാറ്റിങ് നിര. കെയിന്‍ വില്യംസനിന്റെ മികച്ച നായകത്വത്തില്‍ അച്ചടക്കത്തോടെ ബൗള്‍ ചെയ്ത ബൗളര്‍മാരായിരുന്നു സണ്‍റൈസേഴ്‌സിന് ജയമൊരുക്കിയത്. 

മുംബൈയെ തകര്‍ക്കാന്‍ സണ്‍റൈസേഴ്‌സിനെ സഹായിച്ചതില്‍ മലയാളിയായ ബേസില്‍ തമ്പിയുമുണ്ടായിരുന്നു. സീസണിലെ ആദ്യ മത്സരം കളിക്കാനിറങ്ങിയ ബേസിലായിരുന്നു മത്സരത്തിന്റെ ഗതി തിരിച്ചത്. 15ാം ഓവറില്‍ ബൗള്‍ ചെയ്യാനിറങ്ങിയ ബേസില്‍ മുംബൈയ്ക്ക ചേസിങ് എന്നത് അസാധ്യമാക്കി. 

34 റണ്‍സ് എടുത്ത് പൊരുതി നിന്നിരുന്ന സൂര്യകുമാര്‍ യാദവിന്റെ വിക്കറ്റ് ബേസില്‍ വീഴ്ത്തി. ഐപിഎല്‍ പതിനൊന്നാം സീസണിലെ മുംബൈയുടെ ടോപ് സ്‌കോററായ സൂര്യകുമാറിനെ ക്രീസില്‍ നിന്നും മടക്കി മുംബൈയുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തുകയായിരുന്നു ബേസില്‍.

ഭുവനേശ്വര്‍ കുമാറിന് കളിക്കാന്‍ സാധിക്കാതെ വന്നതോടെയായിരുന്നു ബേസിലിന് പ്ലേയിങ് ഇലവനില്‍ ഇടംപിടിക്കാന്‍ സാധിച്ചത്. സിദ്ദാര്‍ഥ് കൗള്‍, റാഷിദ് ഖാന്‍, ഷക്കീബ് അല്‍ ഹസന്‍, മുഹമ്മദ് നബി, സന്ദീപ് ശര്‍മ എന്നിങ്ങനെ കരുത്തുറ്റ ബൗളിങ്ങ് നിര ഹൈദരാബാദിനുണ്ട് എന്നത് കൊണ്ട് തന്നെ കഴിഞ്ഞ ആറ് കളികളില്‍ ബേസിലിന് ടീമില്‍ സ്ഥാനം പിടിക്കാനായിരുന്നില്ല. 

ബേസിലിനെ പതിനഞ്ചാം ഓവര്‍ വരെ ഒളിപ്പിച്ചു വെക്കുക എന്ന തന്ത്രം കൂടിയുണ്ടായിരുന്നു കെയിന്‍ വില്യംസന്. അവസരം  ലഭിച്ചപ്പോള്‍ ബേസില്‍ അത് ശരിക്ക് മുതലെടുക്കുകയും ചെയ്തു. 1.4 ഓവര്‍ എറിഞ്ഞ് ബേസില്‍ നാല് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് രണ്ട് വിക്കറ്റ് പിഴുതത്. 94 ലക്ഷത്തിനായിരുന്നു ബേസില്‍ ഹൈദരാബാദ് ടീമിലെത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com