നായക സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ഗംഭീര്‍ വീണ്ടും ഞെട്ടിക്കുന്നു; കളിക്കാന്‍ ഇനി പണം വേണ്ട

നായകസ്ഥാനം ഒഴിഞ്ഞ് വ്യക്തിഗത പ്രകടനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഗംഭീറിന്റെ ലക്ഷ്യം
നായക സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ഗംഭീര്‍ വീണ്ടും ഞെട്ടിക്കുന്നു; കളിക്കാന്‍ ഇനി പണം വേണ്ട

ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ നായക സ്ഥാനം ഒഴിഞ്ഞതിനൊപ്പം ഗംഭീര്‍ ഇനി കളിക്കുക പ്രതിഫലം കൈപ്പറ്റാതെ. 2.8 കോടി രൂപയ്ക്കായിരുന്നു ഗംഭീര്‍ ഡല്‍ഹി ടീമിലേക്ക് എത്തുന്നത്. എന്നാല്‍ പതിനൊന്നാം സീസണില്‍ പ്രതിഫലം കൈപ്പറ്റാതെയാവും ഗംഭീര്‍ കളിക്കുക എന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

കളിച്ച ആറ് കളികളില്‍ അഞ്ചിലും ഡല്‍ഹി തോല്‍വി നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഗംഭീര്‍ നായക സ്ഥാനത്ത് നിന്നും പിന്‍വാങ്ങിയത്. നായകത്വത്തില്‍ ടീമിന് വേണ്ട നേട്ടങ്ങള്‍ നേടിക്കൊടുക്കാന്‍ സാധിച്ചില്ല എന്നതിന് പുറമെ, ബാറ്റുകൊണ്ടും ഗംഭീര്‍ നിരാശപ്പെടുത്തി. 

സീസണില്‍ ഇതുവരെ 17 എന്ന ബാറ്റിങ് ശരാശരിയില്‍ 87 റണ്‍സ് മാത്രമാണ് ഗംഭീര്‍ സ്‌കോര്‍ ചെയ്തിരിക്കുന്നത്. ശ്രേയസ് അയ്യറാണ് ഇനി ഡല്‍ഹിയെ നയിക്കുക. കൊല്‍ക്കത്തയെ രണ്ട് വട്ടം ഐപിഎല്‍ കിരീടത്തിലേക്ക് എത്തിച്ചതിന് ശേഷമായിരുന്നു ഗംഭീറിന്റെ ഡല്‍ഹിയിലേക്കുള്ള വരവ്. എന്നാല്‍ സീസണില്‍ പോയിന്റെ ടേബിളിന്റെ അവസാനത്താണ് ഗംഭീര്‍ നയിച്ച ഡല്‍ഹിയുടെ സ്ഥാനം ഇപ്പോള്‍. 

ഐപിഎല്‍ അവസാനിച്ചതിന് ശേഷം മാത്രമേ കരിയര്‍ അവസാനിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയുള്ളെന്ന് ഗംഭീര്‍ വ്യക്തമാക്കിയിരുന്നു. നായകസ്ഥാനം ഒഴിഞ്ഞ് വ്യക്തിഗത പ്രകടനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഗംഭീറിന്റെ ലക്ഷ്യം.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com