മാസ്റ്റര്‍ ക്ലാസ് കോഹ്‌ലി; നേരിയ ലീഡ് സ്വന്തമാക്കി ഇംഗ്ലണ്ട്

ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് നേരിയ ലീഡ്. 13 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഇംഗ്ലണ്ടിന് ഒരു വിക്കറ്റ് നഷ്ടമായി
മാസ്റ്റര്‍ ക്ലാസ് കോഹ്‌ലി; നേരിയ ലീഡ് സ്വന്തമാക്കി ഇംഗ്ലണ്ട്

എഡ്ജ്ബാസ്റ്റണ്‍: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് നേരിയ ലീഡ്. 13 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഇംഗ്ലണ്ടിന് ഒരു വിക്കറ്റ് നഷ്ടമായി. റണ്ണൊന്നുമെടുക്കാതെ അലിസ്റ്റര്‍ കുക്കാണ് പുറത്തായത്. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തില്‍ ഒന്‍പത് റണ്‍സെന്ന നിലയിലാണ്. അഞ്ച് റണ്‍സുമായി ജെന്നിങ്‌സാണ് ക്രീസില്‍. കുക്കിന്റെ വിക്കറ്റ് അശ്വിന്‍ സ്വന്തമാക്കി. നേരത്തെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 287 റണ്‍സില്‍ അവസാനിപ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സില്‍ 274 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇംഗ്ലണ്ട് നേരിയ ലീഡ് നേടിയത്.

നേരത്തെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ വിരാട് കോഹ്‌ലി ഇന്ത്യയുടെ കൂട്ടത്തകര്‍ച്ച പ്രതിരോധിച്ചു. കോഹ്‌ലിയുടെ ഇംഗ്ലണ്ടിലെ ആദ്യ സെഞ്ച്വറിയുടെ (149) മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലെത്തിയത്. ഒരുവശത്ത് ഇംഗ്ലണ്ട് ബൗളിങ് നിരയ്ക്കു മുന്നില്‍ ഇന്ത്യന്‍ ബാറ്റിങ് നിര പതറിയപ്പോള്‍ ക്യാപ്റ്റന്റെ മാസ്മരിക ഇന്നിങ്‌സിലൂടെ കോഹ്‌ലി ടീമിന്റെ രക്ഷകനാവുകയായിരുന്നു. 225 പന്തില്‍ 22 ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടുന്നതാണ് കോഹ്‌ലിയുടെ ഇന്നിങ്‌സ്. കോഹ്‌ലിയെ പുറത്താക്കാനുള്ള രണ്ട് സുവര്‍ണാവസരങ്ങള്‍ നഷ്ടപ്പെടുത്തിയത് ഇംഗ്ലണ്ടിന് വിനയായി. ഈ അവസരം കോഹ്‌ലി നന്നായി മുതലെടുക്കുകയും ഇംഗ്ലീഷ് മണ്ണിലെ തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി കുറിക്കുകയും ചെയ്തു. കരിയറിലെ 22ാം ടെസ്റ്റ് സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനെതിരേ കോഹ്‌ലി നേടിയത്.

മറ്റു ഇന്ത്യന്‍ താരങ്ങള്‍ക്കൊന്നും ഇംഗ്ലീഷ് ബൗളിങ് ആക്രമണത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പോലുമായില്ല. ശിഖര്‍ ധവാന്‍ (26), ഹാര്‍ദിക് പാണ്ഡ്യ (22), മുരളി വിജയ് (20), അജിന്‍ക്യ രഹാനെ (15), ആര്‍ അശ്വിന്‍ (10) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കണ്ട മറ്റു താരങ്ങള്‍.

നാല് വിക്കറ്റ് വീഴ്ത്തിയ മീഡിയം പേസര്‍ സാം ക്യുറനാണ് ഇംഗ്ലീഷ് ബൗളര്‍മാരില്‍ തിളങ്ങിയത്. ജെയിംസ് ആന്‍ഡേഴ്‌സന്‍, ആദില്‍ റാഷിദ്, ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യന്‍ ഇന്നിങ്‌സില്‍ അവസാനമായി പുറത്തായ കോഹ്‌ലിയെ റാഷിദിന്റെ ബൗളിങില്‍ സ്റ്റുവര്‍ട്ട് ബ്രോഡ് പിടികൂടുകയായിരുന്നു.

ആദ്യദിനം ക്യാപ്റ്റന്‍ ജോ റൂട്ടിന്റെയും (80) ജോണി ബെയര്‍സ്‌റ്റോയുടെയും (70) ഇന്നിങ്‌സുകളാണ് ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സിനു കരുത്തായത്. ഇന്ത്യക്കു വേണ്ടി ആര്‍ അശ്വിന്‍ നാലു വിക്കറ്റെടുത്തപ്പോള്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി മികച്ച പിന്തുണ നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com