റെക്കോര്‍ഡോടെ സൈന ക്വാര്‍ട്ടറില്‍; സിന്ധുവും സായിയും സാത്വിക്- അശ്വിനി സഖ്യവും മുന്നോട്ട്

റെക്കോര്‍ഡോടെ സൈന ക്വാര്‍ട്ടറില്‍; സിന്ധുവും സായിയും സാത്വിക്- അശ്വിനി സഖ്യവും മുന്നോട്ട്

നാന്‍ജിങ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ മുന്നേറ്റം. റെക്കോര്‍ഡ് നേട്ടത്തോടെ ഇന്ത്യയുടെ സൈന നേഹ്‌വാളും പിന്നാലെ പി.വി സിന്ധു, സായ് പ്രണീത് എന്നിവരും ക്വാര്‍ട്ടറില്‍ കടന്നു. മിക്‌സഡ് ഡബിള്‍സില്‍ സാത്വിക് സായ്‌രാജ്- അശ്വിനി പൊന്നപ്പ സഖ്യവും ക്വാര്‍ട്ടറില്‍ കടന്നു.

തുടര്‍ച്ചയായി എട്ട് തവണ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറിലെത്തുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയാണ് സൈനയുടെ മുന്നേറ്റം. നാലാം സീഡ് തായ്‌ലന്‍ഡിന്റെ രചനോക് ഇന്റനോണിനെ പത്താം റാങ്കുകാരിയായ സൈന നേരിട്ടുള്ള ഗെയിമുകളില്‍ വീഴ്ത്തിയാണ് ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍: 21-16, 21-19.

പ്രീ ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയയുടെ ഹ്യുന്‍ ജി സുങ്ങിനെയാണ് സിന്ധു പരാജയപ്പെടുത്തിയത് സ്‌കോര്‍: 21-10, 21-18. നേരത്തെ നിരവധി തവണ ഏറ്റുമുട്ടിയിട്ടുള്ള ഏതിരാളിക്കെതിരെ ഇത്തവണ സിന്ധുവിന് പൂര്‍ണ ആധിപത്യമായിരുന്നു. ഹ്യുനിനെതിരെ സിന്ധുവിന്റെ എട്ടാം ജയമാണിത്. അഞ്ച് തവണ ഹ്യുന്‍ ജയിച്ചു.

പുരുഷ വിഭാഗത്തില്‍ അപ്രതീക്ഷിത മുന്നേറ്റം സായ് പ്രണീത് പ്രീക്വാര്‍ട്ടറിലും തുടര്‍ന്നു. ഡെന്മാര്‍ക്കിന്റെ ഹാന്‍സ് ക്രിസ്റ്റ്യനെയാണ് സായ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-13, 21-11. ശ്രീകാന്തും പ്രണോയിയും വീണതോടെ സായിയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. 

മലേഷ്യയുടെ ഡാരന്‍ ല്യൂവിനോട് നേരത്തെ രണ്ടുതവണ പരാജയപ്പെട്ട ശ്രീകാന്തിന് ഇത്തവണയും പിഴച്ചു. ലോക അഞ്ചാം സീഡായ ശ്രീകാന്ത് 39ാം റാങ്കുകാരനോട് 21-18, 21-18 എന്ന സ്‌കോറിന് നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടങ്ങുകയായിരുന്നു. 

ക്വാര്‍ട്ടറില്‍ കടുപ്പക്കാരായ എതിരാളികളാണ് ഇന്ത്യന്‍ താരങ്ങളെ കാത്തിരിക്കുന്നത്. പി വി സിന്ധുവിന് ലോക വേദികളിലെ പതിവ് എതിരാളി ജപ്പാന്റെ നൊസോമി ഒകുഹാരയാണ്. നേരത്തെ 11 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ആറ് തവണ ഒകുഹാരയും അഞ്ച് തവണ സിന്ധുവും ജയിച്ചു. സ്‌പെയിനിന്റെ ഒളിമ്പിക്‌സ് ജേത്രി കരോലിന മാരിനാണ് സൈനയെ നേരിടുക. ജപ്പാന്റെ ലോക ആറാം റാങ്കുകാരന്‍ മെമോട്ടോ കെന്റോയാണ് സായ് പ്രണീതിന്റെ എതിരാളി. ജപ്പാന്‍ താരത്തോട് നേരത്തെ രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും ജയം സായിക്കൊപ്പമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com