ഈ പത്ത് വയസുള്ള കുട്ടി ചില്ലറക്കാരനല്ല; തകര്‍ത്തത് സാക്ഷാല്‍ മൈക്കല്‍ ഫെലപ്‌സിന്റെ 23 വര്‍ഷം പഴക്കമുള്ള നീന്തല്‍ റെക്കോര്‍ഡ്

ഫെല്‍പ്‌സിന്റെ ഇരുപത്തിമൂന്നു വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് ഭേദിച്ച് ഒരു പത്തു വയസുകാരന്‍ തന്റെ വരവറിയിച്ചതാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്
ഈ പത്ത് വയസുള്ള കുട്ടി ചില്ലറക്കാരനല്ല; തകര്‍ത്തത് സാക്ഷാല്‍ മൈക്കല്‍ ഫെലപ്‌സിന്റെ 23 വര്‍ഷം പഴക്കമുള്ള നീന്തല്‍ റെക്കോര്‍ഡ്

മിക്ക രാജ്യങ്ങളും ഒളിമ്പിക്‌സില്‍ ഇന്നുവരെ സ്വന്തമാക്കാത്തത്ര സ്വര്‍ണം ഒറ്റയ്ക്ക് നീന്തിയെടുത്ത ഇതിഹാസമാണ് അമേരിക്കയുടെ മൈക്കല്‍ ഫെല്‍പ്‌സ്. നിന്തല്‍ക്കുളത്തില്‍ നിന്ന് ഫെല്‍പ്‌സ് നേടിയെടുത്ത മെഡലുകളും ഭേദിച്ച റെക്കോര്‍ഡുകളും അനവധി. 

ഒളിമ്പിക്‌സിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ ഫെല്‍പ്‌സിന്റെ ഇരുപത്തിമൂന്നു വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് ഭേദിച്ച് ഒരു പത്തു വയസുകാരന്‍ തന്റെ വരവറിയിച്ചതാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. 1995ല്‍ ഫെല്‍പ്‌സ് നൂറു മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ സ്ഥാപിച്ച മീറ്റ് റെക്കോര്‍ഡ് പഴങ്കഥയാക്കി ഭാവിയുടെ താരമെന്ന് ലോകത്തെ അറിയിച്ചത് ക്ലാര്‍ക്ക് കെന്റ് അപ്വഡയാണ്.

ഫാര്‍വെസ്റ്റ് ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലാണ് പത്തു വയസുകാരന്റെ മാസ്മരിക പ്രകടനം. 1995ല്‍ മൈക്കല്‍ ഫെല്‍പ്‌സ് 01:10:48 സെക്കന്‍ഡ് സമയത്തില്‍ ഫിനിഷ് ചെയ്ത് സ്ഥാപിച്ച റെക്കോര്‍ഡാണ് ക്ലാര്‍ക്ക് കെന്റ് 01:09:38 സെക്കന്‍ഡാക്കി തിരുത്തി റെക്കോര്‍ഡിട്ടത്. എം.സി.എ.ടി സലിനാസ് അക്വാടിക്ക് സെന്റര്‍ തങ്ങളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് റെക്കോര്‍ഡ് വിവരം പുറത്തുവിട്ടത്. കാലിഫോര്‍ണിയയിലെ മോണ്ടറി കൗണ്ടി അക്വാടിക് ടീമിന് വേണ്ടിയാണ് ക്ലാര്‍ക് കെന്റ് മത്സരിച്ചത്.

ഫെല്‍പ്‌സിന്റെ പിന്‍ഗാമിയാണ് താനെന്ന് റെക്കോര്‍ഡ് തിരുത്തി തെളിയിച്ച ക്ലാര്‍ക്ക് ഇതിഹാസ താരത്തെ പോലെ ഇതുവരെ നീന്തല്‍ക്കുളത്തില്‍ മത്സരിച്ച ഇനങ്ങളിലെല്ലാം സമ്മാനങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടെന്നതാണ് അമ്പരപ്പിക്കുന്ന മറ്റൊരു സാമ്യത. നീന്തലിനൊപ്പം പിയാനോ പഠനവും മാര്‍ഷ്യല്‍ ആര്‍ട്‌സും കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങുള്‍പ്പെടെയുള്ള കാര്യങ്ങളിലും ക്ലാര്‍ക്ക് കുട്ടിപ്പുലിയാണ്. ഫെല്‍പ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു കൊണ്ട്  കൂട്ടുകാര്‍ക്കിടയില്‍ സൂപ്പര്‍മാനായി അറിയപ്പെടുമെന്ന ആവേശത്തിലാണ് ക്ലാര്‍ക്ക്. 

തന്റെ റെക്കോര്‍ഡ് തകര്‍ത്ത കെന്റിന് അഭിനന്ദനവുമായി ഫെല്‍പ്‌സ് രംഗത്തെത്തിയതും ശ്രദ്ധേയമായി. ട്വിറ്ററിലൂടെയാണ് കുട്ടി നീന്തല്‍ താരത്തെ അമേരിക്കന്‍ അതികായന്‍ അഭിനന്ദിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com