സച്ചിന് ശേഷം ആദ്യം; ചരിത്രമെഴുതി വീണ്ടും ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്‌ലി

ഐ.സി.സി ടെസ്റ്റ് ബാറ്റിങ് റാങ്കിങില്‍ കോഹ്‌ലി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി
സച്ചിന് ശേഷം ആദ്യം; ചരിത്രമെഴുതി വീണ്ടും ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്‌ലി

മികവിന്റെ ഔന്നത്യത്തിലൂടെയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ സഞ്ചാരം. ഇപ്പോഴിതാ മറ്റൊരു ചരിത്ര നേട്ടം കൂടി അദ്ദേഹത്തിന്റെ കരിയറില്‍  പൊന്‍തൂവല്‍ ചാര്‍ത്തി. ഐ.സി.സി ടെസ്റ്റ് ബാറ്റിങ് റാങ്കിങില്‍ കോഹ്‌ലി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി. ഇംഗ്ലണ്ട് പര്യടനത്തിലെ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ തോറ്റെങ്കിലും രണ്ടിന്നിങ്‌സിലും സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയുമായി നായകന്‍ മുന്നില്‍ നിന്നു. കരിയറില്‍ ആദ്യമായാണ് കോഹ്‌ലി ടെസ്റ്റ് ബാറ്റിങില്‍ ഒന്നാം റാങ്ക് സ്വന്തമാക്കുന്നത്. ദീര്‍ഘ നാളായി തലപ്പത്ത് നില്‍ക്കുന്ന മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്തിനെ പിന്തള്ളിയാണ് കോഹ്‌ലിയുടെ നേട്ടം. 

ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പിന്‍ഗാമിയെന്ന വിശേഷണത്തിന് താന്‍ അര്‍ഹനാണെന്ന് ഇന്ത്യന്‍ നായകന്‍ ഒരിക്കല്‍ കൂടി അടിവരയിട്ടു. സച്ചിന് ശേഷം ഇതാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നേടിയ ഇന്ത്യന്‍ താരമായി മാറിയാണ് കോഹ്‌ലി അനുപമ നേട്ടത്തിലെത്തിയത്. 

പുതിയ റാങ്കിങ്ങിലെ ആദ്യ പത്തിലെ മാറ്റം കോഹ്‌ലിയുടെ ഒന്നാം സ്ഥാനവും സ്മിത്തിന്റെ രണ്ടാം സ്ഥാനത്തിലേക്കുള്ള വീഴ്ചയുമാണ്. മൂന്നാം സ്ഥാനത്ത് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടും നാലാം സ്ഥാനത്ത് ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസനും അഞ്ചാം സ്ഥാനത്ത് ഡേവിഡ് വാര്‍ണറും നില്‍ക്കുന്നു. 934 പോയിന്റാണ് കോഹ്‌ലിക്കുള്ളത്. സ്മിത്തിന് 929 പോയിന്റുകളും. എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ നടത്തിയ ചെറുത്ത് നില്‍പ്പാണ് താരത്തെ ഒന്നാം റാങ്കിന് അര്‍ഹനാക്കിയത്. 

പന്ത് ചുരുണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തെ അന്താരാഷ്ട്ര വിലക്ക് നേരിടുന്ന സ്മിത്തിന്റെ അസാന്നിധ്യമാണ് കോഹ്‌ലിക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയത്. പരമ്പരയ്ക്കായി ഇംഗ്ലണ്ടില്‍ എത്തുമ്പോള്‍ രണ്ടാം റാങ്കിലായിരുന്നു കോഹ്‌ലി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com